വാവെയെ ഒറ്റയടിക്ക് ബ്രിട്ടന്‍ ഒഴിവാക്കില്ല

ചൈനീസ് ടെലികോം ഭീമന്മാരായ വാവെയ്യെ വേണ്ടത്ര മുന്‍കരുതലില്ലാതെ ബ്രിട്ടനില്‍ നിന്നു പെട്ടെന്നു പുറത്താക്കിയാല്‍ രാജ്യത്തെ ഫോണ്‍ ശൃംഖല തടസപ്പെടുമെന്ന ടെലികോം കമ്പനികളുടെ മുന്നറിയിപ്പ് ഭാഗികമായ ഫലമുളവാക്കി. 2027 ഓടെ 5ജി നെറ്റ്വര്‍ക്കുകളില്‍ നിന്നും വാവെയ്യെ പൂര്‍ണമായി നീക്കാനാണ് ബ്രിട്ടണ്‍ ലക്ഷ്യം പുനര്‍നിര്‍ണ്ണയിച്ചിരിക്കുന്നത്. അമേരിക്ക കൈക്കൊണ്ട തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടണും ചൈനീസ് കമ്പനിക്കെതിരെ നടപടിയെടുത്തത്. അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പ് വാവെയ്യെ നീക്കാനുള്ള തീരുമാനത്തെ അഭിനന്ദിച്ചു. അതേസമയം, ചൈന കടുത്ത നിരാശയിലാണ്.

ബിടി, വോഡഫോണ്‍ തുടങ്ങിയ കമ്പനികളാണ് പെട്ടെന്നു പുറത്താക്കുന്നതിനെതിരെ ബ്രിട്ടിഷ് പാര്‍ലമെന്റ് കമ്മറ്റി മുന്‍പാകെ മുന്നറിയിപ്പു നല്‍കിയത്. വര്‍ഷങ്ങളോളം സമയമെടുത്ത് വാവെയ് കമ്പനിയെ ടെലികോം നെറ്റ്വര്‍ക്കില്‍ നിന്ന് ഒഴിവാക്കിയാല്‍ മതിയെന്ന് തുടര്‍ന്ന് തീരുമാനവുമായി. വാവെയിന് ആവശ്യമായ വസ്തുക്കള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനികള്‍ക്ക് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇത് അടുത്തവര്‍ഷം തുടക്കത്തോടെ വാവെയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു തുടങ്ങുമെന്നും ടെലികോം രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബ്രിട്ടിഷ് സമ്പദ്വ്യവസ്ഥയെ വാവെയുടെ നിരോധം കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന് നേരത്തെ തന്നെ ബിടിയും വോഡഫോണും ഓര്‍മിപ്പിച്ചിരുന്നു. പൊടുന്നനെയുള്ള നിരോധനം കോടിക്കണക്കിന് പൗണ്ട് നഷ്ടം വരുത്തുമെന്നും കമ്പനികള്‍ പറഞ്ഞു. ബ്രിട്ടനില്‍ 5ജി വിതരണത്തിനായി ഇരു കമ്പനികളും വാവെയുടെ ഉപകരണങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്.

ബ്രിട്ടനില്‍ 5ജി നെറ്റ്വര്‍ക്കിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വാവെയ്ക്ക് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍, കഴിഞ്ഞ ജനുവരിയില്‍ തന്നെ യുകെ സര്‍ക്കാര്‍ ടെലികോം മേഖലയിലെ വാവെയുടെ സാന്നിധ്യം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നു.പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നേതൃത്വം നല്‍കുന്ന ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ യോഗത്തിലാണ് വാവെയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനം വന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 5ജിയുടെ തന്ത്രപ്രധാന മേഖലകളില്‍ പൂര്‍ണനിരോധനത്തിനും അല്ലാത്തിടത്ത് വാവെയ് സാന്നിധ്യം 35 ശതമാനമാക്കാനുമാണ് ബ്രിട്ടന്‍ ശ്രമിക്കുന്നത്. 2027 വര്‍ഷത്തോടെ പൂര്‍ണമായും നിരോധിക്കും.ദേശീയ സൈബര്‍ സുരക്ഷാ സെന്റര്‍ സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചൈനീസ് കമ്പനിയെ വിലക്കാനുള്ള ബ്രിട്ടണിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി 2020 ഡിസംബര്‍ 31 -ന് ശേഷം 5ജി ശേഷിയുള്ള പുതിയ വാവെയ് ഉത്പന്നങ്ങള്‍ക്ക് യുകെയില്‍ വില്‍പ്പനാനുമതി ലഭിക്കില്ല.

എന്നാല്‍ ഇതിന് കുറഞ്ഞത് അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെ സാവകാശം വേണമെന്നാണ് ടെലികോം കമ്പനികള്‍ അറിയിക്കുന്നത്. മൂന്ന് വര്‍ഷം കൊണ്ട് വാവെയ് കമ്പനിയുടെ ഉപകരണങ്ങള്‍ മാറ്റിസ്ഥാപിക്കുക അസാധ്യമാണെന്ന് ബിടി ഗ്രൂപ്പിന്റെ ചീഫ് ടെക്നോളജി ആന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ ഹൊവാര്‍ഡ് വാട്സണ്‍ പാര്‍ലമെന്ററി സമിതിയോട് പറഞ്ഞു.5ജി സേവനങ്ങളുടെ അടിസ്ഥാന സൗകര്യത്തിന് വേണ്ട ഉപകരണങ്ങളില്‍ ആഗോളതലത്തില്‍ മുന്നിലുള്ള ചൈനീസ് കമ്പനിയാണ് വാവെയ്. പെട്ടെന്ന് വാവെയെ ഒഴിവാക്കുന്നത് പ്രശ്നങ്ങള്‍ രൂക്ഷമാക്കും.ബദല്‍ സൗകര്യം എളുപ്പത്തിലുണ്ടാക്കാനാകില്ല. 4ജി അപ്ഡേറ്റ് ചെയ്ത് 5ജി നെറ്റ്വര്‍ക്ക് നിര്‍മിക്കുകയെന്ന നിര്‍ദേശത്തെ ബിടിയും വോഡഫോണും തള്ളി. 4ജിക്ക് മുകളില്‍ 5ജി സാങ്കേതികവിദ്യകൊണ്ടുവരാനാകില്ലെന്നും 5ജി സാങ്കേതികവിദ്യയുടെ സൗകര്യങ്ങള്‍ സമാന്തരമായി വികസിപ്പിച്ചാല്‍ മാത്രമേ ഉപഭോക്താക്കളുടെ സേവനം തടസപ്പെടാതിരിക്കൂ എന്നുമാണ് കമ്പനികളുടെ വിശദീകരണം.വാവെയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ 5ജി സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ തങ്ങള്‍ക്ക് കഴിയുമെന്ന വാദവുമായി എറിക്‌സണും നോക്കിയയും ഇപ്പോള്‍ രംഗത്തുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it