ഇന്ത്യക്കാർക്ക് ഐഫോൺ വേണ്ട; താരം ഈ ‘ചൈനാക്കാര’നാണ് 

വൻകിട സ്മാർട്ട് ഫോൺ കമ്പനികൾക്കിടയിൽ ഇന്ത്യയിൽ നിർമ്മാണ യൂണിറ്റ് ഇല്ലാത്തത് ആപ്പിളിന് മാത്രമാണ്.

ഇന്ത്യയിൽ ഐഫോണിന് ജനപ്രീതി കുറയുന്നെന്ന് റിപ്പോർട്ടുകൾ. പ്രീമിയം സെഗ്‌മെന്റിൽ ഇപ്പോൾ ആളുകൾക്ക് പ്രിയം വൺ-പ്ലസിനോടാണ്.

30,000 രൂപയ്ക്ക് മുകളിലുള്ള ഫോണുകളാണ് പ്രീമിയം വിഭാഗത്തിൽ പെടുന്നത്.  കൗണ്ടർ പോയ്‌ന്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ രണ്ടാം പാദത്തിൽ  സാംസംഗിനേക്കാളും ആപ്പിളിനേക്കാളും മുന്നിലാണ് വൺ-പ്ലസ്.

ഈ ചൈനീസ് സ്റ്റാർട്ടപ്പ് 19 ശതമാനം വാർഷിക വളർച്ചയാണ് രണ്ടാം പാദത്തിൽ നേടിയത്. നിലവിൽ വൺ-പ്ലസിന്റെ ആഗോളവരുമാനത്തിന്റെ മൂന്നിലൊന്ന് ഇന്ത്യയിൽ നിന്നാണ്.

ഈ കാലയളവിൽ ആപ്പിളിന്റെ മാർക്കറ്റ് ഷെയർ 14 ശതമാനം കുറഞ്ഞു. ഒരു ഐഫോണിന്റെ വിലയിൽ സമാന സ്പെസിഫിക്കേഷനുകൾ ഉള്ള മൂന്ന് ഫോണെങ്കിലും വാങ്ങാനാകുമെന്നാണ് നിരീക്ഷകർ പറയുന്നത്. വൻകിട സ്മാർട്ട് ഫോൺ കമ്പനികൾക്കിടയിൽ ഇന്ത്യയിൽ നിർമ്മാണ യൂണിറ്റ് ഇല്ലാത്തത് ആപ്പിളിന് മാത്രമാണ്. ആപ്പിളിന്റെ ഉയർന്ന വിലയിൽ ഒരു ഭാഗം ഇറക്കുമതി തീരുവയാണ്.

ഐഫോൺ 8, ഐഫോൺ X ഫോണുകളുടെ ഷിപ്മെന്റ് കുറഞ്ഞതാണ് രണ്ടാമത്തെ കാരണം. മാത്രമല്ല, കമ്പനി ഈ വർഷം ആദ്യം വിതരണക്കാരുടെ എണ്ണം അഞ്ചിൽ നിന്ന് രണ്ടാക്കി കുറച്ചിരുന്നു.

ഇപ്പോൾ ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയുടെ 2 ശതമാനം മാത്രമേ ആപ്പിളിന്റെ കയ്യിലുള്ളൂ. ബാക്കി 98 ശതമാനവും ആഡ്രോയ്‌ഡ്‌ ഫോണുകൾ വീതിച്ചെടുത്തിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here