ബോയ്‌കോട്ട് ചൈന വാക്കുകളില്‍ മാത്രമോ? വണ്‍പ്ലസ് 8 പ്രോ വിറ്റുതീര്‍ന്നത് മിനിറ്റുകള്‍ കൊണ്ട്

ഒരുവശത്ത് ചൈനയെ ബഹിഷ്‌കരിക്കുന്നതിനുള്ള ആഹ്വാനങ്ങള്‍ നടക്കുന്നു. എന്നാല്‍ മറുവശത്തോ? ചൈനീസ് കമ്പനിയായ വണ്‍പ്ലസിന്റെ പ്രധാനമോഡലായ 8 പ്രോ ആമസോണില്‍ അവതരിപ്പിച്ച് മിനിറ്റുകള്‍ക്കകമാണ് അത് വിറ്റുതീര്‍ന്നത്. പിന്നീട് വന്ന ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നം ലഭ്യമല്ലാതായി. കമ്പനി പോലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതികരണമായിരുന്നു ഈ മോഡലിന് ഇന്ത്യയില്‍ നിന്ന് ലഭിച്ചത്. ഈയിടെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ വില്‍പ്പനയെ ബാധിച്ചില്ലെന്ന് സാരം.

ലോക്ഡൗണിനെ തുടര്‍ന്നുള്ള സപ്ലൈ ചെയ്ന്‍ പ്രതിസന്ധി മൂലം പ്രതീക്ഷിച്ചതിനെക്കാള്‍ വൈകിയാണ് വണ്‍പ്ലസ് 8 പ്രോ വിപണിയിലെത്തിയത്. പ്രീമിയം വിഭാഗത്തില്‍ വില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് എന്ന നിലയില്‍ വണ്‍പ്ലസിന് രാജ്യത്ത് ആരാധകരേറെയുണ്ട്. പലരും മാസങ്ങളായി ഈ മോഡലിനായി കാത്തിരിക്കുകയായിരുന്നു.

''ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങരുതെന്ന് ആഗ്രഹമുണ്ട്. അതേ നിലവാരത്തിലുള്ള ഇന്ത്യന്‍ മെയ്ഡ് ഉല്‍പ്പന്നമുണ്ടെങ്കില്‍ അതേ വാങ്ങൂ. പക്ഷെ ഇന്ത്യയില്‍ നിര്‍മിച്ച എത്ര സ്മാര്‍ട്ട്‌ഫോണുകളുണ്ട്? ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പകരം വെക്കാന്‍ നമുക്ക് വളരെ കുറഞ്ഞ മോഡലുകളേയുള്ളു. അവയാകട്ടെ ഗുണനിലവാരത്തില്‍ മറ്റുള്ളവയുമായി കിടപിടിക്കുന്നതുമല്ല. ഉപഭോക്താക്കള്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ അവര്‍ക്ക് ലഭ്യമാകുന്നിടത്തുനിന്ന് വാങ്ങുന്നതില്‍ തെറ്റുപറയാനാകുമോ?'' സോഫ്റ്റ് വെയര്‍ പ്രൊഫഷണലായ കൃഷ്ണകുമാര്‍ ചോദിക്കുന്നു.

തന്ത്രം മാറ്റാന്‍ ചൈനീസ് കമ്പനികള്‍

ചില ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ തന്ത്രപരമായി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ ബ്രാന്‍ഡാക്കാനുള്ള ശ്രമം നടത്തുന്നു. വിവോ ഇന്ത്യ ഇപ്പോള്‍ത്തന്നെ 'മെയ്ഡ് ഇന്‍ ഇന്ത്യ' എന്ന പേരില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ ഇറക്കുന്നു.

ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ വെളിച്ചത്തില്‍ ഇന്ത്യന്‍ ബ്രാന്‍ഡായ മൈക്രോമാക്‌സ് തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. 10,000 രൂപയ്ക്ക് താഴെയുള്ള മൂന്ന് പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളാണ് ഇവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it