ഹൈസ്‌കൂള്‍ വിദ്യാഭ്യാസമില്ലെങ്കിലും സാരമില്ല, ''ഇങ്ങ് പോന്നോളൂ'' എന്ന് ഇലോണ്‍ മസ്‌ക്

''ടെസ്ലയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ചേരൂ. താങ്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എനിക്ക് നേരിട്ടായിരിക്കും. നേരിട്ടോ ഇ-മെയ്ല്‍ വഴിയോ ടെക്‌സ്റ്റ് വഴിയോ നാം എന്നും കാണും.'' ഇത്രയും ആകര്‍ഷകമായ ഒരു ജോബ് ഓഫര്‍ അടുത്തകാലത്തൊന്നും ഉണ്ടായിട്ടുണ്ടാകില്ല. ടെസ്ലയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ് ആണിത്. തന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടീമിലേക്ക് അദ്ദേഹം നേരിട്ട് ആളുകളെ റിക്രൂട്ട് ചെയ്യുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പിഎച്ച്ഡി നേടാന്‍ എനിക്ക് സമയമുണ്ടാമോ എന്ന് ഒരാളുടെ ചോദ്യത്തിന് ഹൈസ്‌കൂള്‍ ഗ്രാജുവേറ്റ് ചെയ്തിട്ടുണ്ടോയെന്ന് പോലും തനിക്ക് പ്രശ്‌നമല്ലെന്നായിരുന്നു മസ്‌കിന്റെ മറുപടി. പിന്നെ ജോലിക്ക് ചേരാന്‍ എന്താണ് ആവശ്യം? ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ച് ആഴത്തിലുള്ള അറിവ്, ഉപയോഗപ്രദമായ രീതിയില്‍ എന്‍എന്‍ (ന്യൂറല്‍ നെറ്റ്‌വര്‍ക്ക്) ഇംപ്ലിമെന്റേഷന്‍ നടത്താനുള്ള കഴിവ്… ഇവയാണ് മസ്‌കിനാവശ്യം. ഇതില്‍ രണ്ടാമത്തെ പോയ്ന്റ് യഥാര്‍ത്ഥത്തില്‍ കഠിനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

നാല് ആഴ്ചകള്‍ക്കുള്ളില്‍ ടെസ്ലയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/ഓട്ടോപൈലറ്റ് ടീമിനൊപ്പം പാര്‍ട്ടി അല്ലെങ്കില്‍ ഹാക്കത്തോണ്‍ സംഘടിപ്പിക്കുകയാണ് മസ്‌കിന്റെ ലക്ഷ്യം.

ഇതാദ്യമായല്ല അദ്ദേഹം ഇത്തരത്തില്‍ സംസാരിക്കുന്നത്. മുമ്പും ടെസ്ലയില്‍ ജോലി ചെയ്യുന്നതിന് വിദ്യാഭ്യാസ യോഗ്യതകള്‍ വേണമെന്ന് നിര്‍ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പക്ഷെ കോഡിംഗ് ടെസ്റ്റ് നിര്‍ബന്ധമായും പാസാകേണ്ടതുണ്ട്.

''മഹത്തായ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒരാള്‍ ഗ്രാജുവേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് മഹത്തായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നതിന്റെ സൂചനയാകാം. എന്നാല്‍ അത് അങ്ങനെ തന്നെയാകണമെന്നില്ല. ബില്‍ ഗേറ്റ്‌സ്, അല്ലെങ്കില്‍ ലാറി എലിസണ്‍, സ്റ്റീവ് ജോബ്‌സ് എന്നിവരെ നോക്കിയാല്‍ ഇവരാരും കോളെജ് ബിരുദം നേടിയവരല്ല. പക്ഷെ അവരെ ജോലിക്കെടുക്കാന്‍ അവസരം കിട്ടയാല്‍ അത് തീര്‍ച്ചയായും നല്ലൊരു ആശയമായിരിക്കും.'' മസ്‌ക് പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it