ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ അപകടം വരുത്തരുത്: ജസ്റ്റിസ് ശ്രീകൃഷ്ണ

ഇന്ത്യയെ 'ഓര്‍വെല്ലിയന്‍ സ്റ്റേറ്റ്' ആക്കാനിടയാക്കുന്നതാകരുത് പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ എന്ന് ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണ. ജുഡീഷ്യല്‍ മേല്‍നോട്ടം ഇല്ലാതെ ഡാറ്റ നിരീക്ഷിക്കാനും കവര്‍ന്നെടുക്കാനും ഏതെങ്കിലും ഏജന്‍സികളെ അനുവദിക്കുന്നത് അപകടം വരുത്തിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പേഴ്സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍ തയ്യാറാക്കിയ സമിതിക്ക് നേതൃത്വം നല്‍കിയ ആളാണ് ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണ. ദേശീയ സുരക്ഷ, പൊതു ക്രമം, വിദേശ സംസ്ഥാനങ്ങളുമായുള്ള സൗഹൃദ ബന്ധം എന്നിവ ഉദ്ധരിച്ച് വ്യക്തിഗത ഡാറ്റ പ്രോസസ്സിംഗ് നിയന്ത്രിക്കുന്ന നിയമങ്ങളില്‍ നിന്ന് സര്‍ക്കാരിന് ചില ഏജന്‍സികളെ ഒഴിവാക്കാനാകുമെന്ന വ്യവസ്ഥ ബുധനാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ബില്ലില്‍ ഉള്‍പ്പെടുത്തിയതിലുള്ള എതിര്‍പ്പാണ് അദ്ദേഹം പരസ്യമാക്കിയിരിക്കുന്നത്.

ബില്‍ സംബന്ധിച്ച് ജസ്റ്റിസ് ബി.എന്‍.ശ്രീകൃഷ്ണ അധ്യക്ഷനായ സമിതി കഴിഞ്ഞ വര്‍ഷം ജൂലൈയിലാണു സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയത്. വ്യക്തികളുടെ വിവരങ്ങള്‍ കമ്പനികള്‍ ദുരുപയോഗം ചെയ്താല്‍ വന്‍തുക പിഴ വ്യവസ്ഥ ചെയ്യുന്ന ഡാറ്റ സംരക്ഷണ ബില്‍, വ്യവസ്ഥകള്‍ക്കു വിരുദ്ധമായി വിവരങ്ങള്‍ പരസ്യപ്പെടുത്തിയാല്‍ കമ്പനിയില്‍ ഡാറ്റയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനു മൂന്നു വര്‍ഷം വരെ തടവും നിര്‍ദേശിക്കുന്നു. ഇന്റര്‍നെറ്റ് കമ്പനികള്‍ സുപ്രധാന (ക്രിറ്റിക്കല്‍) ഡാറ്റ ഇന്ത്യയില്‍ത്തന്നെ സൂക്ഷിക്കണം, ക്രിറ്റിക്കല്‍ ഡാറ്റ സര്‍ക്കാര്‍ നിര്‍വചിക്കും തുടങ്ങിയ വ്യവസ്ഥകളെച്ചൊല്ലി വന്‍കിട രാജ്യാന്തര കമ്പനികള്‍ പ്രതിഷേധമുയര്‍ത്തിയിട്ടുമുണ്ട്.

പ്രതിപക്ഷം പ്രതിഷേധത്തിനിടയിലാണ് പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സെലക്ട് കമ്മിറ്റിക്ക് ബില്‍ റഫര്‍ ചെയ്തത്. 2020 ന്റെ തുടക്കത്തില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുമ്പ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാം. കയ്യില്‍കിട്ടുന്ന വ്യക്തിവിവരങ്ങള്‍ എങ്ങനെ വേണമെങ്കിലും ദുരുപയോഗപ്പെടുത്തുന്നവരുള്ള ബില്ലിനു നിര്‍ണായക പ്രാധാന്യമാണുള്ളതെന്ന അഭിപ്രായം പൊതുവേ ശക്തമാണ്. വ്യക്തിവിവരങ്ങളുടെ സംരക്ഷണം ഉദ്ദേശിച്ചു കൊണ്ടുവരുന്ന നിയമത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ എത്രത്തോളം ഉണ്ടാവുമെന്ന ചോദ്യം പലരും ഉയര്‍ത്തുന്നുണ്ട്.

രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും ഉറപ്പുവരുത്താന്‍ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കേണ്ടത് ആവശ്യമാണെങ്കില്‍ രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ക്കും സര്‍ക്കാരുകള്‍ക്കും അതിന് അധികാരം നല്‍കുന്നതാണു ബില്‍. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ ഏതു സമൂഹമാധ്യമവും ഇന്റര്‍നെറ്റ് സേവനദാതാവും വ്യക്തിയും സ്വകാര്യവിവരങ്ങള്‍ നല്‍കണമെന്ന വ്യവസ്ഥ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി ബില്ലിനെ എതിര്‍ക്കുന്നവര്‍ വ്യാഖ്യാനിക്കുന്നു. സ്വകാര്യത പൗരന്റെ മൗലികാവകാശമാണെങ്കിലും തീവ്രവാദികള്‍ക്കോ ക്രിമിനലുകള്‍ക്കോ അത് മൗലികാവകാശമല്ലെന്ന സര്‍ക്കാര്‍ നിലപാട് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് സഭയില്‍ വ്യക്തമാക്കുകയുണ്ടായി.

ചോര്‍ന്നുവെന്ന് അറിയാമെങ്കിലും ഡാറ്റയുടെ കാര്യത്തില്‍ വ്യക്തിക്കു നിയമപരമായി അവകാശമില്ലാത്ത രാജ്യമാണ് ഇന്ത്യ. 2012ല്‍ യൂറോപ്യന്‍ യൂണിയന്‍ കൊണ്ടുവന്ന ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റഗുലേഷന് (ജിഡിപിആര്‍) സമാനമായ നിയമം ഇന്ത്യയിലും വേണമെന്നു പല വിദഗ്ധരും പറയുന്നുണ്ട്. ശ്രീകൃഷ്ണ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ നിയമനിര്‍മാണം നമ്മുടെ രാജ്യത്തും എത്രയും വേഗത്തിലുണ്ടാവേണ്ടതിന്റെ ആവശ്യം അങ്ങനെയാണു പല തലങ്ങളില്‍നിന്നും ഉയര്‍ന്നുതുടങ്ങിയത്. അതുകൊണ്ടുതന്നെ, ഇങ്ങനെയൊരു നിയമത്തിന്റെ വരവ് പ്രാഥമികമായി സ്വാഗതം ചെയ്യപ്പെട്ടെങ്കിലും ആശങ്കകളും തീവ്രമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it