‘റിയല്‍ മി’യുടെ ഇന്ത്യന്‍ മേധാവി ഉപയോഗിക്കുന്നത് ഐ ഫോണ്‍; ശരമെയ്ത് സോഷ്യല്‍ മീഡിയ

അബദ്ധം സംഭവിച്ചതെങ്ങനെയെന്നു പ്രതികരിക്കാതെ മാധവ് ഷേത്ത്

ആന്‍ഡ്രോയിഡ് ഫോണുകളിലൂടെ വിപ്ലവം സൃഷ്ടിക്കുന്ന റിയല്‍ മിയുടെ ഇന്ത്യന്‍ സിഇഒ മാധവ് ഷേത്ത് ഉപയോഗിക്കുന്നത് ഐ ഫോണ്‍ ആണെന്ന കണ്ടെത്തല്‍ ഏറ്റെടുത്ത് ആഘോഷമാക്കിയിരിക്കുന്നു സോഷ്യല്‍ മീഡിയ.

റിയല്‍ മീ 3, റിയല്‍ മീ 3ഐ എന്നീ മോഡലുകളുടെ പുതിയ അപ്‌ഡേഷന്‍ വിവരങ്ങള്‍ ട്വീറ്റ് ചെയ്തപ്പോഴാണ് സോഷ്യല്‍ മീഡിയയുടെ കുരുക്കില്‍ മാധവ് ഷേത്ത് അകപ്പെട്ടത്. ഈ ട്വീറ്റിന്റെ താഴെയുണ്ടായിരുന്നു ‘ട്വിറ്റര്‍ ഫോണ്‍ ഐഫോണ്‍’ എന്ന്. ഐ ഫോണിലെ ട്വിറ്റര്‍ ഉപയോഗിച്ചാണ് ട്വീറ്റ് ചെയ്തതെന്നു വ്യക്തമാക്കുന്ന  ‘ട്വിറ്റര്‍ ടാഗ് ‘കയ്യോടെ സോഷ്യല്‍ മീഡിയ കണ്ടെത്തി. ട്രോളുകളുടെ പൂരവും പിന്നാലെ ആരംഭിച്ചു.

ഉടന്‍ തന്നെ ട്വീറ്റ് ഇല്ലാതാക്കിയെങ്കിലും ചില മിടുക്കന്മാര്‍ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ മുന്‍കൂട്ടിത്തന്നെ എടുത്തുവച്ചിരുന്നു. അബദ്ധം എങ്ങനെ സംഭവിച്ചുവെന്ന് വിശദീകരിക്കുന്ന ഒരു പ്രതികരണവും നല്‍കിയിട്ടില്ല മാധവ് ഷേത്ത്. മാധവ് ആയിരിക്കില്ല ട്വീറ്റ് ചെയ്തതെന്നു പറയപ്പെടുന്നു. പല പ്രമുഖരും കമ്പനികളും അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ പരസ്യവിഭാഗത്തിന് ചുമതല ഏല്‍പ്പിച്ചുകൊടുക്കാറുണ്ട്. സംഭവിച്ചത് ഇങ്ങനെയാകാമെന്നാണ് മറ്റൊരു വാദം.

കുറഞ്ഞ വിലയും മികച്ച ഫീച്ചറുകളുമായി എത്തി ഇന്ത്യന്‍ വിപണിയില്‍ പെട്ടെന്നു തന്നെ തരംഗമായ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡാണ് റിയല്‍ മി. റിയല്‍ മീ 3 പ്രോ, റിയല്‍ 5 പ്രോ തുടങ്ങിയ മോഡലുകള്‍ ഓണ്‍ലൈന്‍ മുഖേനയും റീട്ടെയ്‌ലായും വളരെയേറെ പ്രീതി പിടിച്ചുപറ്റി.

മാധവ് ഷേത്ത് പ്രതിരോധത്തിലായതുപോലുള്ള അനുഭവം മറ്റു ചില പ്രമുഖര്‍ക്കുമുണ്ടായിട്ടുണ്ട്. വണ്‍പ്ലസ് ബ്രാന്‍ഡ് അംബാസിഡര്‍ റോബര്‍ട്ട് ഡൗണി ജൂനിയര്‍, വാവേയ് ബ്രാന്‍ഡ് അംബാസിഡര്‍ ആയ നടി ഗാള്‍ ഗാഡോട്ട് തുടങ്ങിയവരെ ഇതുപോലെ സോഷ്യല്‍ മീഡിയ നേരത്തെ കുരുക്കിയിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here