ജിയോ ലാപ്‌ടോപ്പ് എത്തി; സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെ വില്‍പ്പന, സവിശേഷതകള്‍ അറിയാം

ജിയോ ബ്രാന്‍ഡിന് കീഴില്‍ ആദ്യ ലാപ്‌ടോപ്പ് (Jio Laptop) അവതരിപ്പിച്ച് റിലയന്‍സ്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ e-Marketplce ല്‍ ആണ് ജിയോ ലാപ്‌ടോപ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 35,605 രൂപ വിലയിട്ടിരിക്കുന്ന ലാപ്‌ടോപ്പ് ഇപ്പോള്‍ 19,500 രൂപയ്ക്ക് ലഭ്യമാണ്. വിവിധ സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള ഡിപാര്‍ട്ട്‌മെന്റുകള്‍ക്ക് മാത്രമാണ് ഇ-മാര്‍ക്കറ്റ്‌പ്ലേസിലൂടെ ജിയോ ലാപ്‌ടോപ് വാങ്ങാന്‍ സാധിക്കുക. ദീപാവലിക്കായിരിക്കും ലാപ്‌ടോപ്പ് വിപണിയില്‍ എത്തുക.
സവിശേഷതകള്‍
ജിയോ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 665 എന്ന പേരിലാണ് ലാപ്‌ടോപ് വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 11.6 ഇഞ്ചാണ് സ്‌ക്രീന്‍ സൈസ്. 1366x 768 പിക്‌സലാണ് ഡിസ്‌പ്ലെയുടെ റെസല്യൂഷന്‍. സ്‌നാപ്ഡ്രാഗണ്‍ 665 പ്രൊസസറാണ് ലാപ്‌ടോപ്പിന് ജിയോ നല്‍കിയിരിക്കുന്നത്. 2 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് മോഡലിന്. ഇന്‍ബില്‍ഡ് 4ജി എല്‍ടിഇ സപ്പോര്‍ട്ട് ലാപ്‌ടോപ്പിന്റെ സവിശേഷതയാണ്.
ജിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് മോഡല്‍ പ്രവര്‍ത്തിക്കുക. എച്ച്ഡി വെബ്ക്യാം, ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്, രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍, ഒരു എച്ച്ഡിഎംഐ പോര്‍ട്ട് തുടങ്ങിയവയാണ് ലാപ്‌ടോപ്പിന്റെ മറ്റ് സവിശേഷതകള്‍. ജിയോ ലാപ്‌ടോപ്പിന് നല്‍കിയിരിക്കുന്ന 55.1-60 AH ബാറ്ററി 6-8 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കും. ഒരു വര്‍ഷത്തെ വാറന്റിയും ബാറ്ററിക്ക് നല്‍കുന്നുണ്ട്. 1-1.2 കി.ഗ്രാമാണ് മോഡലിന്റെ ഭാരം.