'റിമൂവ് ചൈന ആപ്പ്‌സ്' ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു പുറത്തായി

'മെയ്ഡ് ഇന്‍ ചൈന ബഹിഷ്‌ക്കരണ' ആഹ്വാനവുമായി പ്രമുഖ ഇന്നൊവേറ്ററും മാഗ്സസെ അവാര്‍ഡ് ജേതാവുമായ സോനം വാങ്ചക് സോഷ്യല്‍ മീഡിയയില്‍ തുടക്കമിട്ട പ്രചാരണത്തിന്റെ ഭാഗമായി രൂപം കൊണ്ട 'റിമൂവ് ചൈന ആപ്പ്‌സ്' ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു പുറത്തായി. ആന്‍ഡ്രോയിഡ് ഫോണുകളിലെ ചൈനീസ് നിര്‍മിത ആപ്ലിക്കേഷനുകള്‍ സ്‌കാന്‍ ചെയ്ത് ലിസ്റ്റു ചെയ്യുകയും ഒഴിവാക്കുകയും ചെയ്യുന്ന ആപ്പ് ആണിത്.

ജയ്പൂര്‍ ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന വണ്‍ടച്ച് ആപ്പ് ലാബ്‌സ് ആണ് റിമൂവ് ചൈന ആപ്പ്സിന്റെ നിര്‍മ്മാതാക്കള്‍. ഗൂഗിള്‍ പ്ലേയില്‍ നിന്ന് ആപ്പ് ഒഴിവാക്കിയ കാര്യം അവര്‍ സ്ഥിരീകരിച്ചു. ചൈന വിരുദ്ധ വികാരം ഉപയോഗപ്പെടുത്തി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ താരമാകാന്‍ കഴിഞ്ഞിരുന്നു പെട്ടെന്നു തന്നെ വൈറല്‍ ആയിത്തീര്‍ന്ന റിമൂവ് ചൈന ആപ്പ്‌സിന്. ചുരുങ്ങിയ ദിവസങ്ങളിലായി 50 ലക്ഷത്തിലധികം ആളുകളാണ് ഇതു ഡൗണ്‍ലോഡ് ചെയ്തത്.

ഗൂഗിളിന്റെ വഞ്ചനാപരമായ പെരുമാറ്റ നിയമങ്ങള്‍ അനുസരിച്ച്, ഒരു അപ്ലിക്കേഷന് മറ്റൊരു തേര്‍ഡ്-പാര്‍ട്ടി അപ്ലിക്കേഷനുകള്‍ നീക്കംചെയ്യാന്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. ഈ നിബന്ധന ലംഘിക്കുന്നതുകൊണ്ടാണ് പ്ലേ സ്റ്റോറില്‍ നിന്നും റിമൂവ് ചൈന ആപ്പ്‌സ് ഒഴിവാക്കിയത് എന്ന് ഗൂഗിള്‍ വ്യക്തമാക്കി.

ടിക് ടോക്കിന് ബദലായി ഇന്ത്യയില്‍ നിന്ന് അവതരിപ്പിക്കപ്പെട്ട ' മിത്രോണ്‍ ' ആപ്ലിക്കേഷന്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നേരത്തെ നീക്കം ചെയ്യപ്പെട്ടിരുന്നു. ഐഐടി റൂര്‍ക്ക വിദ്യാര്‍ത്ഥി ശിവാങ്ക് അഗര്‍വാള്‍ വികസിപ്പിച്ച മിത്രോണ്‍ ആപ് ആദ്യ ആഴ്ചയില്‍ തന്നെ 50 ലക്ഷം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നു.

പ്ലേ സ്റ്റോറില്‍ മിത്രോണ്‍ ആദ്യ പത്തില്‍ ഇടം പിടിച്ചത് 4.7 സ്റ്റാറുകളോടെയാണ്. അതിര്‍ത്തിയില്‍ അനാവശ്യ പ്രകോപനം സൃഷ്ടിക്കുന്ന ചൈനയുടെ തരം താഴ്ന്ന ഉല്‍പ്പന്നങ്ങള്‍ വാങ്ങി അവരെ വലുതാക്കരുതെന്ന ആഹ്വാനം ഇന്ത്യന്‍ ജനത ഏറ്റെടുത്തത് ടിക് ടോക്കിനും തിരിച്ചടിയായിരുന്നു. അതേസമയം, റിമൂവ് ചൈന, മിത്രോണ്‍ ആപ്പുകളെ ഗൂഗിള്‍ ഒഴിവാക്കിയത് മെയ്ഡ് ഇന്‍ ചൈന ബഹിഷ്‌ക്കരണ പ്രചാരകര്‍ക്കു തിരിച്ചടിയായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it