2020ല്‍ നമ്മുടെ ജീവിതം മാറ്റിമറിക്കുന്ന 7 ടെക് ട്രെന്‍ഡുകള്‍

സാങ്കേതികവിദ്യയെ സംബന്ധിച്ചടത്തോളം വളരെ നിര്‍ണ്ണായകമായ ഒരു വര്‍ഷമായിരിക്കും 2020 എന്ന് വിദഗ്ധര്‍ പ്രവചിച്ചുകഴിഞ്ഞു. 2019 മൊബീല്‍ ഗെയ്മുകളുടെയും സ്മാര്‍ട്ട്‌ഫോണ്‍ കാമറകളുടെയുമൊക്കെ വര്‍ഷമായിരുന്നു. അതിനപ്പുറം ഡിജിറ്റല്‍ സാങ്കേതികവിദ്യ ആരോഗ്യപരിചരണരംഗം ഉള്‍പ്പടെ ജീവിതത്തിന്റെ സമസ്ത മേഖലകളേയും മാറ്റിമറിക്കുന്നതും നാം കണ്ടു. ഇനിയെന്താണ് വരാനിരിക്കുന്നത്? നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന 10 ടെക് ട്രെന്‍ഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ബിസിനസിനെ മാറ്റിമറിക്കും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇപ്പോള്‍ തന്നെ നമ്മുടെ ദൈനംദിനജീവിതത്തിന്റെ ഭാഗ്യം. ഉദാഹരണത്തിന് അലക്‌സ, സിരി, ഗൂഗിള്‍ അസിസ്റ്റന്റ് തുടങ്ങിയ ഉള്‍പ്പെടുന്ന ഒരു ലോകമാണല്ലോ നമ്മുടേത്. ഇനി ഇവ മാനുഫാക്ചറിംഗ് മേഖലയെ മാറ്റിമറിക്കുന്ന വര്‍ഷമായിരിക്കും 2020. വികേറിയസ് എന്ന യു.എസ് സ്റ്റാര്‍ട്ടപ്പ് എഐ സാങ്കേതികവിദ്യകള്‍ മാനുഫാക്ചറിംഗില്‍ ഉപയോഗിക്കുന്നു. സുക്കര്‍ബെര്‍ഗ്, ബെസോസ്, ഇലോണ്‍ മസ്‌ക് തുടങ്ങിയവര്‍ നിക്ഷേപിച്ചിട്ടുള്ള സ്ഥാപനമാണിതെന്നോര്‍ക്കണം. ഈ രംഗത്തെ വലിയ സാധ്യതകളാണിത് ചൂണ്ടിക്കാണിക്കുന്നത്. അതുപോലെ മാനുഫാക്ചറിംഗ് മേഖലയില്‍ വലിയ മാറ്റം വരുത്താന്‍ 3ഡി പ്രിന്റിംഗ് സാങ്കേതികവിദ്യക്ക് സാധിക്കും.

2. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സിന്റെ പ്രായോഗിക ഉപയോഗം

കൊറിയയില്‍ 5ജി നെറ്റ് വര്‍ക് യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. കൂടുതല്‍ രാജ്യങ്ങള്‍ ഉടന്‍ തന്നെ 5ജി ആകും. ഇന്ത്യയില്‍ ഈ സാങ്കേതികവിദ്യ വരുന്നതോടെ 4ജി ഉപയോഗിച്ചിരുന്ന സ്മാര്‍ട്ട്‌ഫോണുകളടക്കം 5ജിയിലേക്ക് മാറേണ്ടിവരും. 5ജിയുടെ വരവോടെ കൂടുതല്‍ കണക്റ്റഡ് ഉപകരണങ്ങളുണ്ടാവുകയും അവ ഐഒറ്റി വ്യാപകമായി ഉപോഗിക്കപ്പെടുകയും ചെയ്യും. ഐഒറ്റിയും മെഷീന്‍ വിഷന്‍ ടെക്‌നോളജിയും ഉപയോഗിച്ച് ആമസോണ്‍ ഈയിടെ അവതരിപ്പിച്ച ആമസോണ്‍ ഗോ ഇതിന് ഒരു ഉദാഹരണമാണ്. മാനുവലായി ചെക്കൗട്ട് ചെയ്യാതെ ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ് ചെയ്യാനുള്ള സംവിധാനമാണിത്.

3. ഓട്ടോമേഷന്‍ തൊഴില്‍ മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കും

2030ഓടെ ആഗോളവ്യാപകമായി 400-800 മില്യണ് ഇടയിലുള്ള ആളുകള്‍ ഓട്ടോമേഷനെ തുടര്‍ന്ന് ജോലി പോകുന്ന അവസ്ഥയുണ്ടായേക്കാമെന്ന് മക്കിന്‍സി സര്‍വേയില്‍ പറയുന്നു. ഇവര്‍ പുതിയ മേഖലകള്‍ കണ്ടെത്തേണ്ടിവരും. വേള്‍്ഡ് ഇക്കണോമിക് ഫോറത്തിന്റെ ഫ്യൂച്ചര്‍ ഓഫ് ജോബ്‌സ് 2018 റിപ്പോര്‍ട്ടിലും 2022ഓടെ ഓട്ടോമേഷനെ തുടര്‍ന്ന് 75 മില്യണ്‍ ജോലികള്‍ നഷ്ടപ്പെടുമെന്ന് പറയുന്നു. തൊഴിലിടത്തില്‍ ഉണ്ടാകുന്ന മറ്റൊരു പ്രധാനമാറ്റം മാനേജര്‍മാരുടെ സ്ഥാനത്ത് റോബോട്ട് ബോസുകള്‍ സ്ഥാനം പിടിച്ചേക്കാമെന്നാണ്. ഒറാക്കിള്‍ ഫ്യൂച്ചര്‍ വര്‍ക്‌പ്ലേസുമായി ചേര്‍ന്ന് നടത്തിയ പഠനത്തില്‍ ആളുകള്‍ തങ്ങളുടെ മാനേജര്‍മാരെക്കാള്‍ വിശ്വസിക്കുന്നത് റോബോട്ടിനെയാണെന്ന് കണ്ടെത്തുകയുണ്ടായി. മനുഷ്യരായ മാനേജര്‍മാരെക്കാള്‍ നിരവധി ഗുണങ്ങള്‍ റോബോട്ട് ബോസിന് ഉണ്ടാകുമെന്ന് അവര്‍ വിശ്വസിക്കുന്നു.

4. ആരോഗ്യപരിചരണ മേഖല പാടേ മാറും

ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ രംഗത്ത് നാം ചിന്തിച്ചിട്ട് പോലുമില്ലാത്ത സാങ്കേതികവിദ്യകള്‍ സ്ഥാനം പിടിക്കും. ജീനോം അനാലിസിസ് നടത്തി രോഗസാധ്യതകള്‍ പ്രവചിക്കുകയും മുന്‍കൂട്ടി തടയുകയും ചെയ്യുന്ന മേഖല 2020ല്‍ അതിവേഗം കുതിക്കും. ജീനോം അനാലിസിസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ജീനോം അനാലിസിസിനെ പുതിയ തലത്തിലേക്ക് കൊണ്ടുപോകാന്‍ പ്രാപ്തമാണ്. ട്രീറ്റമെന്റിന്റെ നിലവാരവും ഉയരും. എംആര്‍ഐ, സിറ്റി സ്‌കാന്‍, എക്‌സ് റേ തുടങ്ങിയവയിലൂടെ രോഗനിര്‍ണ്ണയം നടത്തുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആയിരിക്കും. കൂടാതെ ജീന്‍ എഡിറ്റിംഗ് സാങ്കേതികവിദ്യ ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കും.

5. ഡിജിറ്റല്‍ പേമെന്റുകള്‍ കൂടുതല്‍ ജനകീയമാകും

2019 ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ രാജ്യത്ത് നടന്ന യുപിഐ ട്രാന്‍സാക്ഷനുകളുടെ എണ്ണം 2.7 ബില്യണായിരുന്നു. തൊട്ടുമുന്‍വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 183 ശതമാനം കൂടുതല്‍. ട്രാന്‍സാക്ഷന്‍ മൂല്യവും 189 ശതമാനം വര്‍ധിച്ച് 4.6 ട്രില്യണ്‍ ആയി. കറന്‍സികള്‍ പെട്ടെന്നൊന്നും അപ്രത്യക്ഷമാകാന്‍ പോകുന്നില്ലെങ്കിലും ഡിജിറ്റല്‍ പേമെന്റ് സംവിധാനം കൂടുതല്‍പ്പേരിലേക്ക് വ്യാപിക്കുന്ന വര്‍ഷമായിരിക്കും 2020.

6. കൃഷി ഇനി പഴയതുപോലെയായിരിക്കില്ല

കാര്‍ഷിക മേഖലയിലും എഐ, കംപ്യൂട്ടര്‍ വിഷന്‍, ബിഗ് ഡാറ്റ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കപ്പെടും. ഉദാഹരണത്തിന് വിള പാകമായോ എന്നറിയാന്‍ കംപ്യൂട്ടര്‍ വിഷന്‍ ഉപയോഗിക്കപ്പെടും. വിളവെടുപ്പിന് റോബോട്ടുകളെ ഉപയോഗിക്കുന്നത് കുറച്ചുകൂടി വ്യാപകമാകും.

7. എആര്‍/വിആര്‍ കൂടുതല്‍ വ്യാപകമാകും

ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യകള്‍ വിദ്യാഭ്യാസമേഖല ഉള്‍പ്പടെ വിവിധ രംഗങ്ങളില്‍ വ്യാപകമാകും. ഇതുവരെ എആര്‍/വിആര്‍ കണ്ടന്റുകളുടെ ലഭ്യതക്കുറവ് പരിഹരിക്കപ്പെടും. ധാരാളം കണ്ടന്റുകള്‍ ലഭ്യമാകും. വിവിധ സ്മാര്‍ട്ട്‌ഫോണുകള്‍ ഇവ അധിഷ്ഠിതമായ ഫീച്ചറുകള്‍ അവതരിപ്പിച്ചേക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it