2019ലെ സ്മാർട്ട്‌ഫോണുകൾ എങ്ങനെയായിരിക്കും?

5ജി

5ജിയുടെ വര്‍ഷമായിരിക്കും 2019. ഈ അത്യാധുനിക സാങ്കേതികവിദ്യയില്‍ ഒരു കൂട്ടം സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലിറങ്ങും. നിലവിലുള്ള 4ജിയെ നിഷ്പ്രഭമാക്കുന്ന വേഗതയോടെയാണ് 5ജി എത്തുന്നത്. അഞ്ച് സെക്കന്‍ഡുകൊണ്ട് ഒരു എച്ച്ഡി സിനിമ ഡൗണ്‍ലോഡ് ചെയ്യാനാകും. ഡൗണ്‍ലോഡിംഗ് സ്പീഡ് മാത്രമല്ല ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങി നിരവധി മേഖലകളില്‍ വലിയ സംഭാവന തന്നെ നല്‍കാന്‍ 5ജിക്ക് സാധിക്കും. സാംസംഗ്, എല്‍ജി, വണ്‍പ്ലസ് തുടങ്ങിയ ബ്രാന്‍ഡുകള്‍ 5ജി ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയിലിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഫോള്‍ഡബിള്‍ സ്‌ക്രീനുകള്‍


ഇപ്പോള്‍ തന്നെ ഫോള്‍ഡബിള്‍ സ്‌ക്രീനില്‍ സാംസംഗ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും 2019ല്‍ കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഈ സാങ്കേതികവിദ്യയില്‍ വരും. തുടക്കത്തില്‍ പ്രീമിയം ഫോണുകളിലായിരിക്കും ഫോള്‍ഡബിള്‍ സ്‌ക്രീനുകള്‍ വരുന്നതെങ്കിലും പതിയെ എല്ലാ ബജറ്റ് ഫോണുകളിലും വ്യാപകമാകും. ഭാവിയില്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് ഈ സാങ്കേതികവിദ്യ ടാബ്, ടെലിവിഷന്‍ തുടങ്ങിയ വിവിധ ഉല്‍പ്പന്നങ്ങളിലേക്കും വരും.

ഡിസ്‌പ്ലേയില്‍ ഫിംഗര്‍പ്രിന്റ് ഡിസ്‌പ്ലേയ്ക്കുള്ളില്‍ തന്നെ എംബഡഡ് ഫിംഗര്‍പ്രിന്റ് സ്‌കാനിംഗ് സൗകര്യമുള്ള ഫോണുകളായിരിക്കും ഈ വര്‍ഷം വിപണിയില്‍ ഇറങ്ങുന്നത്. എവിടെയാണ് ഫിംഗര്‍പ്രിന്റ് പതിപ്പിക്കേണ്ടതെന്ന് സ്‌ക്രീനില്‍ തെളിയും. അവിടെ വിരല്‍ വെച്ചാല്‍ മതി. നിരവധി സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ ഈ സാങ്കേതികവിദ്യയില്‍ വിപണിയിലിറങ്ങാന്‍ തയാറെടുക്കുന്നു. ഇതുവഴി പ്രത്യേകമായൊരു ഫിംഗര്‍പ്രിന്റ് റീഡര്‍ ഫോണിന്റെ പിന്നില്‍ ചേര്‍ക്കേണ്ടിവരുന്നില്ലാത്തതുകൊണ്ട് ഈ സ്ഥലം ഫോണ്‍ നിര്‍മാതാക്കള്‍ക്ക് മികച്ച രീതിയില്‍ മറ്റെന്തിനെങ്കിലുമായി വിനിയോഗിക്കാം.

കാമറ

ഫോണ്‍ കാമറയില്‍ മെഗാപിക്‌സല്‍ യുദ്ധം ഇനിയും തുടരും. 2019ല്‍ ഈ യുദ്ധത്തിന് തുടക്കം കുറിക്കുന്നത് ഹോണറും ഷവോമിയും ആയിരിക്കും. ഇവരുടെ സ്മാര്‍ട്ട്‌ഫോണുകള്‍ 48 മെഗാപിക്‌സല്‍ കാമറയോടെയായിരിക്കും വിപണിയിലിറങ്ങുന്നത്. മാത്രമല്ല, വ്യക്തതയുള്ള ചിത്രങ്ങള്‍ ലഭിക്കാന്‍ പുതിയ സാങ്കേതികവിദ്യകള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ അവതരിപ്പിക്കും. ഡ്യുവല്‍ ഫ്രണ്ട് കാമറകളുടെ വര്‍ഷം കൂടിയായിരിക്കും 2019. ഈ ട്രെന്‍ഡിനും തുടക്കം കുറിച്ചിരിക്കുന്നത് ഹോണര്‍ തന്നെയാണ്. കാമറയില്‍ വരാന്‍ പോകുന്ന മറ്റൊരു സാങ്കേതികവിദ്യയാണ് സ്ലൈഡിംഗ് കാമറകള്‍. വിവോയുടെ അപക്‌സ് എന്ന കണ്‍സപ്റ്റ് മോഡലാണ് ഈ ട്രെന്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്.

വിശാലമായ ഡിസ്‌പ്ലേ

പുതിയ ഫോണുകള്‍ അല്‍പ്പം പോലും സ്ഥലം പാഴാക്കാതെ വിശാലമായ ഡിസ്‌പ്ലേയോട് കൂടിയായിരിക്കും വരുന്നത്. 'എഡ്ജ് റ്റു എഡ്ജ്' ഡിസ്‌പ്ലേ ആണ് എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളും ആഗ്രഹിക്കുന്നത്. മുകളില്‍ ഭംഗിയുള്ള ചെറിയ വെള്ളത്തുള്ളി ഡിസൈന്‍ ഒഴിച്ചാല്‍ പൂര്‍ണ്ണമായും ഡിസ്‌പ്ലേയോടെയായിരിക്കും ഭാവിയിലെ സ്മാര്‍ട്ട്‌ഫോണുകള്‍ വരുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it