നെറ്റ് ന്യൂട്രാലിറ്റിയ്ക്ക് ടെലികോം കമ്മീഷന്റെ 'തംപ്‌സ് അപ്പ്'

ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യയിൽ സ്വതന്ത്രവും സുതാര്യവുമായി തുടരാൻ ടെലികോം കമ്മിഷന്റെ പിന്തുണ. നെറ്റ് ന്യൂട്രാലിറ്റിയെ (ഇന്റർനെറ്റ് സമത്വം) പിന്തുണച്ചുള്ള ചട്ടങ്ങൾ അംഗീകരിച്ചതിനൊപ്പം പുതിയ ടെലികോം നയവും ടെലികോം കമ്മിഷൻ ശരിവച്ചു.
ഇത് സംബന്ധിച്ച ടെലികോം നിയന്ത്രണ അതോറിറ്റിയുടെ (ട്രായി) എല്ലാ ശുപാർശകളും കമ്മീഷൻ അംഗീകരിച്ചു.
നെറ്റ് ന്യൂട്രാലിറ്റി ചട്ടങ്ങൾ അനുസരിച്ച് സേവന ദാതാക്കൾ എല്ലാ ഇന്റർനെറ്റ് ട്രാഫിക്കും ഒരുപോലെ, ഒരു വിധത്തിലുള്ള വിവേചനവും കൂടാതെ കൈകാര്യം ചെയ്യണം. അതായത് ഉള്ളടക്കം, സേവനങ്ങൾ എന്നിവ തടസ്സപ്പെടുത്തുകയോ വേഗത കുറയ്ക്കുകയോ ചെയ്യാൻ ഇന്റർനെറ്റ് സേവനദാതാക്കൾക്ക് അനുവാദമില്ല.
സേവന ദാതാക്കളുമായുള്ള ലൈസൻസ് കരാറുകളിൽ ഇതിനനുസരിച്ച് ഭേദഗതി വരുത്തുമെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ അറിയിച്ചിട്ടുണ്ട്.
അതേസമയം ഡ്രൈവർ ഇല്ലാത്ത കാർ, ടെലിമെഡിസിൻ, റിമോട്ട് സർജറി തുടങ്ങിയ പുത്തൻ സേവനങ്ങളെ ഇന്റർനെറ്റ് സമത്വത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി. സാധാരണയിൽ കൂടുതൽ വേഗമേറിയ ഇന്റർനെറ്റും മുൻഗണനയും ഇവയ്ക്ക് ആവശ്യമുള്ളതിനാലാണിത്.
വ്യവസായ പ്രതിനിധികളും സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരും അംഗങ്ങളായുള്ള ഒരു സമിതി രൂപീകരിക്കാൻ ടെലികോം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. നെറ്റ് ന്യൂട്രാലിറ്റി ചട്ടങ്ങൾ കമ്പനികൾ കൃത്യമായി പിന്തുടരുന്നുണ്ടോ എന്ന് പരിശോധിക്കുക ഈ സമിതിയായിരിക്കും.