ചൈനയെ പിന്തള്ളി ഇന്ത്യയെ ഐഫോണ്‍ ഉല്‍പാദന ഹബ് ആക്കാന്‍ ആപ്പിളിനു പദ്ധതി

ഐഫോണിന്റെ പ്രധാന ആഗോള ഉല്‍പാദന കേന്ദ്രങ്ങളിലൊന്നായി ഇന്ത്യയെ മാറ്റാന്‍ ആപ്പിള്‍ കമ്പനി ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. അമേരിക്ക - ചൈന വ്യാപാര യുദ്ധമാണ് ഈ തീരുമാനത്തിനു പിന്നില്‍. പക്ഷേ, ഇതിന്റെ ഫലമായി രാജ്യത്ത് ഐഫോണിനു വില കുറയുമെന്ന പ്രതീക്ഷ വേണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യാപാര യുദ്ധത്തിന്റെ ഗതി ഏതു ദിശയിലായിരുന്നാലും ഏറ്റവും പുതിയ മുന്‍നിര ഐഫോണുകളുടെ അസംബ്ലിംഗ് ചൈനയില്‍നിന്ന് ആപ്പിള്‍ ഇന്ത്യയിലേക്കു മാറ്റുമെന്നാണു സൂചന.
ഇതിന്റെ ഭാഗമായി ആഴ്ചകളോളം പരീക്ഷണങ്ങള്‍ നടത്തിയ ശേഷം ചെന്നൈയ്ക്കടുത്തുള്ള ഫോക്‌സ്‌കോണ്‍ പ്ലാന്റില്‍ ഐഫോണ്‍ എക്‌സ്ആറിന്റെ വാണിജ്യ ഉല്‍പാദനം കമ്പനി ആരംഭിച്ചു. ഇത് ഇന്ത്യയിലെ ഉല്‍പാദന ശൃംഖല ശക്തമാക്കുന്ന നടപടിയാണ്. ഐഫോണ്‍ എക്‌സ്ആര്‍ നിര്‍മ്മിക്കുന്നതിന് ഉയര്‍ന്ന സാങ്കേതിക വൈദഗ്ദ്ധ്യം ആവശ്യമായിരുന്നു.

ഇതിനെത്തുടര്‍ന്ന് ഏറ്റവും പുതിയ ഐഫോണ്‍ 11 സീരീസ് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നുമുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവിടെനിന്ന് യൂറോപ്പിലേക്ക് ഐഫോണ്‍ 6 എസ്, 7 മോഡലുകള്‍ കയറ്റുമതി ചെയ്തു പരീക്ഷണം നടത്തിയിരുന്നു. ഇനി മറ്റ് വിപണികളിലേക്കും കയറ്റുമതി ചെയ്യും. അതേസമയം, പ്രാദേശിക നിര്‍മ്മാണത്തിലൂടെ ആപ്പിളിന് ഇറക്കുമതി തീരുവയില്‍ 20 % ലാഭിക്കാന്‍ കഴിയുമെങ്കിലും, ഇത് വിലക്കുറവിന് ഇടയാക്കില്ലെന്ന് കമ്പനി എക്‌സിക്യൂട്ടീവുകള്‍ സമ്മതിച്ചു. പ്രാദേശികമായി നിര്‍മ്മിച്ചതിന്റെ പേരില്‍ എവിടെയും ഐഫോണുകള്‍ക്ക് ആപ്പിള്‍ വില കുറച്ച ചരിത്രമില്ല.

ആപ്പിളിന് ഇപ്പോള്‍ രണ്ട് വലിയ ആഗോള കരാര്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫോക്സ്‌കോണിന് മുമ്പ്, തായ്വാനിലെ വിസ്ട്രോണ്‍ 2017 ല്‍ ബെംഗളൂരുവിനടുത്ത് ഐഫോണ്‍ അസംബ്ലിംഗ് നടത്തിവരുന്നുണ്ട്. പക്ഷേ, ഇവിടെ വിസ്ട്രോണ്‍ പഴയ മോഡലുകളേ നിര്‍മ്മിക്കുന്നുള്ളൂ.

ചൈനീസ് ഇറക്കുമതിയിന്മേലുള്ള താരിഫ് വര്‍ദ്ധന നിര്‍ത്തിവയ്ക്കാന്‍ വാഷിംഗ്ടണ്‍ താല്‍ക്കാലിക തീരുമാനമെടുക്കുന്നത് ആപ്പിളിനു ഗുണകരമാകും.എങ്കിലും ചൈനയെ മുന്നില്‍ക്കണ്ടുള്ള യാത്ര ഇനിയുള്ള കാലം അത്ര ഗുണകരമാകില്ലെന്ന ചിന്തയാണ് ആപ്പിള്‍ കമ്പനിക്കുള്ളത്. ഇന്ത്യയെ നിര്‍മ്മാണ ഹബ് ആക്കാനുള്ള നീക്കത്തിനു പിന്നിലുള്ളതും ഈ ചിന്ത തന്നെ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it