ഈ വാട്‌സാപ്പ് ഫീച്ചറുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ വലിയ നഷ്ടമാണ് !

വാട്‌സാപ്പ് ഏറെ ഉപയോഗിക്കേണ്ടി വരുന്ന കാലത്താണ് നാം ജീവിക്കുന്നത്. വെറും ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായി ആരംഭിച്ച വാട്‌സാപ്പ് ഇപ്പോള്‍ ബിസിനസുകാരും പ്രൊഫഷണലുകളും വ്യക്തികളുമെല്ലാം ജോലിക്കുവേണ്ടിയും ബിസിനസ് നെറ്റ് വര്‍ക്കിംഗിനുമെല്ലാം ഉപയോഗിക്കുന്നു. നിരവധി പ്രൊഫഷണല്‍ ഫീച്ചേഴ്‌സും വാട്‌സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്. സമയം ലാഭിക്കാനും ജോലികള്‍ എളുപ്പത്തിലാക്കാനും വാട്‌സാപ്പ് ഫീച്ചറുകള്‍ ഉപയോഗിക്കാം.

ഗാലറിയിലേക്ക് വാട്‌സാപ്പ് വഴി വരുന്ന ഫാട്ടോകളും വീഡിയോകളും മാനേജ് ചെയ്യാം

വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി ഫോണുകളിലേക്ക് എന്ത് ഉള്ളടക്കമാണ് കടന്നുവരുന്നതെന്ന് തീരുമാനിക്കാം. അതിനായി സെറ്റിംഗ്‌സിലെ മീഡിയ എന്ന ഓപ്ഷന്‍ ഓട്ടോ ഡൗണ്‍ലോഡ് മാററി വയ്ക്കുക. ആവശ്യമുള്ളവ ഉപയോഗിക്കേണ്ടപ്പോഴും കാണേണ്ടപ്പോഴും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഫോണ്‍ മെമ്മറി പോകാതിരിക്കാനും ഇത് സഹായിക്കും.

മ്യൂട്ട് ചെയ്യാം ഒളിച്ചു വെയ്ക്കാം

മ്യൂട്ട് നോട്ടിഫിക്കേഷന്‍സ് ഓപ്ഷനില്‍ ഒരു വര്‍ഷം വരെ മെസേജുകൾ നിശബ്ദമാക്കിവെക്കാനുള്ള സൗകര്യമാണ് ഇതുവരെ ലഭ്യമായിരുന്നത്. ഇതിനു പകരമായാണ് 'മ്യൂട്ട് ഓള്‍വേയ്സ്' ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സൗകര്യം പ്രയോജനപ്പെടുത്താനായി നിങ്ങള്‍ക്ക് മ്യൂട്ട് ചെയ്യേണ്ട ചാറ്റ് തുറക്കുക. അതിന്റെ വലത് ഭാഗത്ത് മുകളിലുള്ള മെനു ഓപ്ഷന്‍ തുറക്കുക, ഐഫോണിലാണെങ്കില്‍ ചാറ്റിന്റെ പേരില്‍ ടാപ്പ് ചെയ്യുക മ്യൂട്ട് നോട്ടിഫിക്കേഷന്‍സ് തിരഞ്ഞെടുക്കുക. അതില്‍ ഓള്‍വേയ്സ് തിരഞ്ഞെടുക്കാവുന്നതാണ്. വാട്സാപ്പ് വെബിലും ഈ സൗകര്യം ലഭിക്കും.

സ്‌ക്രീന്‍ വിന്‍ഡോയില്‍ നിന്നും മറയ്‌ക്കേണ്ട ചാറ്റുകള്‍ ആര്‍കൈവ് ആയി സൂക്ഷിക്കാം. ആര്‍ക്കൈവ് ചെയ്യേണ്ട ചാറ്റുകള്‍ ലോംഗ് പ്രസ് ചെയ്ത് മുകളിലെ മൂന്ന് കുത്തുകളിലുള്ള ആര്‍ക്കൈവ് എന്ന ഓപ്ഷന്‍ നല്‍കി ആര്‍കൈവ് ചെയ്യാം. പിന്നീട് ഇത് വേണ്ടപ്പോള്‍ ചാറ്റ് ചെയ്ത കോണ്‍ടാക്റ്റ് നമ്പറോ പേരോ സംസാരിച്ച വാക്കുകളോ മുകളിലെ സെര്‍ച്ച് ഓപ്ഷനില്‍ നല്‍കി കണ്ടെത്താം.

ഡാര്‍ക്ക് ഫീച്ചര്‍

ഡാര്‍ക്ക് മോഡ് ഫീച്ചര്‍ ഉപയോഗിച്ചാൽ സ്‌ക്രീനിന്റെ നിറം മാറ്റുവാന്‍ വാട്ട്‌സാപ്പിന് കഴിയും. രാത്രി ഉപയോഗത്തിന് ഉപകാരപ്രദവും, ഒപ്പം ബാറ്ററി ലാഭിക്കാനും ഡാര്‍ക്ക് മോഡ് സഹായകരമാണ്. പരീക്ഷണാര്‍ത്ഥം ചില ബീറ്റ ഉപയോക്താക്കള്‍ക്ക് ഇത് ലഭ്യമാണ്.

ഡിലീറ്റ് മെസേജസ്

ഡിലീറ്റ് മെസേജസ് എന്ന ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നിശ്ചിത സമയത്തിന് ശേഷം പഴയ മെസേജുകള്‍ സ്വയം ഇല്ലാതാക്കാന്‍ ഈ ഫീച്ചറിലൂടെ സാധിക്കുന്നു. ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടെയുള്ള നൂറുകണക്കിന് മെസേജുകളാണ് ദിവസവും ലഭിക്കുന്നത്. അതിനാല്‍ ഫോണുകളുടെ ഇന്റേണല്‍ സ്റ്റോറേജില്‍ അനാവശ്യ മീഡിയ ഫയലുകള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുന്നു.

ഡിസപ്പിയറിംഗ് മസേജ്

ഡിസപ്പിയറിംഗ് മെസേജ് എന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ സുഹൃത്തുമായി ചാറ്റ് ചെയ്യുമ്പോള്‍ ആ ചാറ്റുകള്‍ ഡിസപ്പിയറിംഗ് മെസ്സേജ് എനേബിള്‍ ആക്കിയിടുകയാണെങ്കില്‍ 7 ദിവസംകഴിയുമ്പോള്‍ ആ മെസേജുകള്‍ എല്ലാം തന്നെ അപ്രത്യക്ഷമായി പോകുന്നതാണ്. അതില്‍ മീഡിയ ഫയലുകള്‍ ഉള്‍പ്പെടെ തന്നെ 7 ദിവസം കഴിയുമ്പോള്‍ ഡിലീറ്റ് ആയി പോകുന്നതാണ്. ഇത് ഓഫ് ചെയ്യുവാനും ഉള്ള സൗകര്യം ലഭിക്കുന്നതാണ്.

ഓടിച്ചു കേൾക്കാം

വലിയ ഓഡിയോ അഥവാ വോയ്‌സ് ക്ലിപ്പുകള്‍ സ്പീഡ് ക്രമീകരിച്ച് കേള്‍ക്കാം. അതിനായി വാട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്യുക ശേഷം ഇങ്ങോട്ടു വന്നതോ അങ്ങോട്ട് അയച്ചതോ ആയ വോയ്‌സ് എടുത്ത് അതിലെ ഇന്‍ടു (x) മാര്‍ക്കില്‍ ടാപ് ചെയ്യുക. 1.5, 2 എന്നിങ്ങനെ വിവിധ വേഗതയില്‍ വോയ്‌സ് കേള്‍ക്കാം.

വീഡിയോ/ഓഡിയോ കോളിംഗ്

സൂം പോലെ ഒരേ സമയം നിരവധി പേരുമായി വീഡിയോ ചാറ്റ് സാധ്യമാകുന്ന, വീഡിയോ ചാറ്റിംഗ് പ്ലാറ്റ്‌ഫോമായ മെസഞ്ചര്‍ റൂം വാട്‌സാപ്പിലേക്കും ഫെയ്‌സ് ബുക്ക് വ്യാപിപ്പിക്കാൻ പദ്ധതി ഉണ്ട്. നിലവിൽ എട്ട് പേരെ വരെ ഫോണിൽ ഒരേ സമയം വീഡിയോ കോളിൽ കണക്ട് ചെയ്യാം. എന്നാൽ വിളിക്കുന്ന ആയാലും കോൾ സ്വീകരിക്കുന്ന ആളും വാട്‌സാപ്പ് അപ്ഡേറ്റ് ചെയ്തിരിക്കണം.

കോളുകളെ ബാധിക്കാതെ ഓഡിയോ കോള്‍ സാധ്യമാക്കാനും വാട്‌സാപ്പ് സെറ്റിംഗ്‌സ് പുതുക്കിയിട്ടുണ്ട്. കോള്‍ വെയ്റ്റിംഗ് പോലുള്ള ഫീച്ചേഴ്‌സ് നല്‍കുന്നുമുണ്ട്. അതായത് വാട്‌സാപ്പിലൂടെ ഒരാളുമായി വീഡിയോ/ ഓഡിയോ കോള്‍ ചെയ്യുമ്പോള്‍ മറ്റൊരു കോള്‍ കന്നാലും അത് കാണിക്കും. സാധാരണ കോളുകള്‍ എടുക്കാനും വാട്‌സാപ്പ് കോള്‍ ഹോള്‍ഡ് ചെയ്യാനും മ്യൂട്ട് ചെയ്യാനും എല്ലാം ഓപ്ഷനുകളുണ്ട്.

വാട്‌സാപ്പ് ബാക്ക്-അപ്പ്

ഫോണിലെ ഫയലുകളും, ചാറ്റുകളും ഗൂഗിള്‍ ഡ്രൈവിലേക്കു ബാക്ക്- അപ് ചെയ്തിട്ടില്ലെങ്കില്‍ അവ നഷ്ടമാകും. സെറ്റിംഗ്‌സില്‍ പോയി വാട്‌സാപ്പ് ഉപയോഗിക്കുന്ന ജി മെയില്‍ ഓണ്‍ ആണെങ്കില്‍ ഓട്ടോമാറ്റിക് ബാക്കപ്പ് ഓണ്‍ ചെയ്യാം.

സെറ്റിംഗ്‌സില്‍ പോയി > Settings > Chats > Chat backup > Back up to Google Drive എന്നു നല്‍കുക. ഏത് ഇടവേളകളിലാണ് ബാക്കപ്പ് ചെയ്യപ്പെടേണ്ടത് എന്ന് നല്‍കുക.

വാട്‌സാപ്പ് പേ

ഗൂഗ്ള്‍ പേ പോലെ വാട്‌സാപ്പിലൂടെ പേയ്‌മെന്റ് ഓപ്ഷനും അവതരിപ്പിച്ചിട്ടുണ്ട് ഫെയ്‌സ്ബുക്ക് കമ്പനി. ആന്‍ഡ്രോയ്ഡ് ഫോണില്‍ വാട്‌സാപ്പ് തുറന്ന് അപ്ലിക്കേഷന്റെ മുകളില്‍ വലതുവശത്ത് ദൃശ്യമാകുന്ന മൂന്ന് ഡോട്ടുകളില്‍ ക്ലിക്കുചെയ്യുക. ഐഓഎസില്‍ ചുവടെ വലത് കോണിലുള്ള 'സെറ്റിംഗ്‌സ്' ഓപ്ഷനില്‍ ക്ലിക്കുചെയ്യുക. 'പേയ്മെന്റുകള്‍' ഓപ്ഷന്‍ തിരഞ്ഞെടുക്കുക. 'സെലക്റ്റ് പേമെന്റ് ടൈപ്പ്' എന്നത് തിരഞ്ഞെടുക്കുക. വാട്‌സാപ്പ് പേയ്മെന്റ് നയങ്ങള്‍ സ്വീകരിക്കാന്‍ നിങ്ങളോട് ആവശ്യപ്പെടും. 'അംഗീകരിക്കുക, തുടരുക' എന്നത് ക്ലിക്കുചെയ്യുക.

നിങ്ങള്‍ക്ക് ബാങ്കുകളുടെ പട്ടിക ലഭിക്കും; നിങ്ങള്‍ പേയ്മെന്റുകള്‍ നടത്താന്‍ ആഗ്രഹിക്കുന്ന ബാങ്ക് തെരഞ്ഞെടുക്കുക. കൂടാതെ, നിങ്ങള്‍ക്ക് ഒരു ബാങ്കില്‍ രണ്ട് ബാങ്ക് അക്കൗണ്ടുകളുണ്ടെങ്കില്‍, പേയ്‌മെന്റുകള്‍ നടത്താന്‍ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക.ബാങ്ക് തിരഞ്ഞെടുക്കുമ്പോള്‍, നിങ്ങളുടെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള വാട്‌സാപ്പ് മൊബൈല്‍ നമ്പറാണെന്ന് ഉറപ്പാക്കുക. സ്ഥിരീകരണ ആവശ്യത്തിനായി ഈ നമ്പറില്‍ ബാങ്ക് എസ്എംഎസ് അയയ്ക്കുന്നതിനാലാണിത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it