ടിക് ടോക്കിന്റെ ജീവന്‍ വീണ്ടെടുക്കാന്‍ ജിയോ കൈത്താങ്ങേകുമോ ?

ചൈന വിരുദ്ധ വികാരം മൂലം ഇന്ത്യയില്‍ പ്രവര്‍ത്തന നിരോധനം വന്ന ടിക് ടോക്കിന് പുനര്‍ ജന്മമേകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി ചര്‍ച്ച നടത്തുന്നതായി സൂചന. റിലയന്‍സും ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സും സഹകരണ നീക്കത്തെക്കുറിച്ച് പ്രതികരിച്ചില്ല. അതേസമയം, ബൈറ്റ്ഡാന്‍സ് പ്ലാറ്റ്ഫോമില്‍ നിക്ഷേപിക്കാനുള്ള റിലയന്‍സിന്റെ പദ്ധതിയെക്കുറിച്ച് ചില വിവരങ്ങള്‍ ലഭ്യമായതായി 'ടെക്ക്രഞ്ച് ' ന്യൂസ് വെബ് റിപ്പോര്‍ട്ട് ചെയ്തു.

ടെലികോം ഭീമനായ ജിയോ പ്ലാറ്റ്ഫോമിന്റെ മാതൃസ്ഥാപനമായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി ബൈറ്റ്ഡാന്‍സ് നേരത്തെ തന്നെ ചില ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 200 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ രാജ്യത്തുള്ളപ്പോഴാണ് ജൂണ്‍ അവസാനത്തോടെ മറ്റ് 58 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്കൊപ്പം രാജ്യത്ത് ടിക്ക് ടോക്കിനു നിരോധനം വന്നത്. കഴിഞ്ഞ മാസം റിലയന്‍സും ബൈറ്റ്ഡാന്‍സും ഇടപാടിനെക്കുറിച്ച് സംഭാഷണം ആരംഭിച്ചതായും ഇതുവരെ കരാറിലെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനിടെ, അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ടിക് ടോക്ക് മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ് ഇന്ത്യയിലെഎല്ലാ നിയമന പ്രക്രിയകളും മരവിപ്പിച്ചു. കമ്പനിക്ക് നിലവില്‍ ഇന്ത്യയില്‍ 2000 ഓളം ജീവനക്കാരുണ്ട്.നിരോധനത്തിനു ശേഷം മറ്റ് ജോലികള്‍ കണ്ടെത്താന്‍ ജീവനക്കാര്‍ കമ്പനിയില്‍ നിന്ന് പിരിഞ്ഞു പോകാന്‍ ശ്രമിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഔപചാരിക പിരിച്ചുവിടലുകളൊന്നും കമ്പനിയില്‍ നടക്കുന്നില്ല. സ്ഥിതി സുസ്ഥിരമാണെന്ന് കമ്പനി ആഭ്യന്തര ആശയവിനിമയത്തിലൂടെ ജീവനക്കാരോട് പറഞ്ഞു.കഴിഞ്ഞ മാസം, ടിക്ക് ടോക്ക് സിഇഒ കെവിന്‍ മേയര്‍, ഇന്ത്യന്‍ ടിക്ക് ടോക്ക് ജീവനക്കാരെ അഭിസംബോധന ചെയ്ത് എഴുതിയ കത്തില്‍ 2,000 ത്തിലധികം വരുന്ന ജീവനക്കാര്‍ക്കും തൊഴില്‍ ഉറപ്പ് നല്‍കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഡിജിറ്റല്‍ ഇന്ത്യയുടെ മെയിന്‍ഫ്രെയിമില്‍ സജീവമായ പങ്ക് തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.

വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ടിക് ടോക്കിന്റെ കോര്‍പ്പറേറ്റ് ഘടനയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ബൈറ്റ്ഡാന്‍സ് ശ്രമിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം കമ്പനി ആസ്ഥാനം ചൈനയില്‍ നിന്ന് മാറ്റാനും നോക്കുന്നുണ്ട്. ചൈനയില്‍ സ്ഥാപിതമായ ബൈറ്റ്ഡാന്‍സിനെ മാറ്റിനിര്‍ത്തി ടിക്ക് ടോക്കിന് വേറിട്ട് മറ്റൊരു ആസ്ഥാനമില്ല. ലോസ് ഏഞ്ചല്‍സ്, ന്യൂയോര്‍ക്ക്, ലണ്ടന്‍, ഡബ്ലിന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഏറ്റവും വലിയ ഓഫീസുകളും ടിക് ടോക്കിനുണ്ട്. ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച് ബൈറ്റ്ഡാന്‍സ് മുംബൈയിലെ വെവര്‍ക് നെസ്‌കോയില്‍ ഒരു ഓഫീസ് സ്പേസ് ഡീല്‍ ഒപ്പിട്ടു.

ടിക് ടോക്ക്, യുസി ബ്രൗസര്‍, ഷെയറിറ്റ്, കാംസ്‌കാനര്‍ എന്നിവയുള്‍പ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചു. ഇന്ത്യയിലെ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ടിക് ടോക്കിനെ നീക്കംചെയ്തു. യുഎസിലെ ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക്ക് ഉടന്‍ അപ്രത്യക്ഷമായേക്കും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎസില്‍ നിന്ന് ടിക്ക് ടോക്കിനെ നിരോധിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പിട്ടുകഴിഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it