ആപ്പ് ഡൗണ്‍ലോഡില്‍ മേധാവിത്വം ഫേസ്ബുക്കിന്; ഡേറ്റിംഗ് ആപ്പ് ടിന്റര്‍ വരുമാനത്തില്‍ ഒന്നാമത്

2019 ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ ആപ്പുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത് ഡേറ്റിംഗ് ആപ്പ് ടിന്റര്‍. വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് രണ്ടാമതാണ്. വീഡിയോ ആപ്പ് ടെന്‍സെന്റ് മൂന്നാം സ്ഥാനത്തുണ്ട്.

വീഡിയോ കാണാനും സൗഹൃദം സ്ഥാപിക്കാനും പണം ചെലവഴിക്കുന്ന കാര്യത്തില്‍ ആളുകള്‍ക്കു വലിയ മടിയില്ലെന്നു വ്യക്തമാക്കുന്ന ഡാറ്റയാണ് ഇതുമായി ബന്ധപ്പെട്ട് 2019 ജനുവരി മുതല്‍ 2019 നവംബര്‍വരെയുള്ള കണക്കുകള്‍ പരിശോധിച്ച ആപ്പ്ആനി.കോം പുറത്തുവിട്ടത്. വീഡിയോ സ്ട്രീമിംഗ് ആപ്പുകളുടെ പ്രചാരം അതിവേഗമാണ് കൂടുന്നത്. ഈയിടെ മാത്രം സജീവമായ ഡിസ്‌നി പ്ലസ്, ആപ്പിള്‍ ടിവി പ്ലസ് എന്നിവയെ ഒഴിച്ച് നിര്‍ത്തിയാലും ആദ്യത്തെ 20 ആപ്പുകളില്‍ 10 എണ്ണവും വീഡിയോ സ്ട്രീമിംഗ് ആപ്പുകളാണ്.

ടിന്റര്‍ ലിസ്റ്റില്‍ ഒന്നാമത് എത്തിയത് അത്ഭുതകരമായ കാര്യമല്ലെന്ന് ആപ്പ്ആനി.കോം വിലയിരുത്തുന്നു. ഡേറ്റിംഗ് കൂടുതല്‍ സുരക്ഷിതമാക്കുവാനാണ് ആളുകള്‍ പണം മുടക്കി സബ്‌സ്‌ക്രൈബ് ചെയ്യുന്നത്. 2014 - 2019 കാലത്ത് ഡേറ്റിംഗ് ആപ്പിന്റെ വരുമാനം 920 ശതമാനം വര്‍ദ്ധിച്ചു. ഈ വര്‍ഷം മാത്രം ടിന്റര്‍ 2.2 ശതകോടി ഡോളര്‍ നേടി.

അതേസമയം, ഫേസ്ബുക്ക്.കോം ആണ് ആപ്പ് ഡൗണ്‍ലോഡില്‍ മുന്നിലുള്ളത്. രണ്ടാം സ്ഥാനത്ത് ഫേസ്ബുക്കിന്റെ തന്നെ മെസഞ്ചറും, മൂന്നാം സ്ഥാനത്ത് ഫേസ്ബുക്കിന്റെ തന്നെ വാട്ട്‌സ്ആപ്പും. ഫേസ്ബുക്കും, അതിന്റെ ആപ്പുകളും ആറു കൊല്ലമായി ആപ്പ്ആനി.കോം ലിസ്റ്റില്‍ ഈ സ്ഥാനം നിലനിര്‍ത്തുന്നുണ്ട്.

വിവിധ ആപ്പ് സ്റ്റോറുകളില്‍ നിന്നുള്ള 120 ബില്ല്യണ്‍ ആപ്പുകളുടെ കണക്കാണ് ആപ്പ്ആനി.കോം പരിശോധിച്ചത്. ലോകത്തിലെ മൊത്തം ആപ്പ് ഡൗണ്‍ലോഡ് 5 ശതമാനമാണ് കൂടിയത്.എന്തിനും ഏതിനും ആപ്പുകള്‍ വേണ്ട ലോകത്ത് ആപ്പുകള്‍ക്ക് ഉപയോക്താവില്‍ നിന്നും ലഭിക്കുന്ന വരുമാനം ഒരോ വര്‍ഷവും 15 ശതമാനം വര്‍ദ്ധിക്കുന്നുമുണ്ട്. ആപ്പ് അന്യമാക്കി യുവത്വത്തിന് ജീവിതമില്ല.ടിന്റര്‍ കഴിഞ്ഞാല്‍ ട്രൂലിമാഡ്ലി, വൂ, ഓക്കെ കുപിഡ് തുടങ്ങിയവയാണ് പ്രധാന ഡേറ്റിങ്ങ് ആപ്പുകള്‍.

ഡേറ്റിങ്ങ് ആപ്പുകളുടെ സ്വഭാവം ഫെയ്സ്ബുക്ക് പോലെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളുടെ സ്വഭാവത്തില്‍ നിന്നും വളരെ വിഭിന്നമാണ്. ഈ ആപ്പുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് പ്രധാനമായും ഡേറ്റ് ചെയ്യുന്നവര്‍ക്ക് വേണ്ടിമാത്രമാണെന്നതു തന്നെ കാരണം. പക്ഷേ എല്ലാ ഡേറ്റിങ്ങ് ആപ്പുകളുടെ പ്രവര്‍ത്തന രീതിയും ഏകദേശം ഒരു പോലെയായിരിക്കും. 'ഫൈന്റ് ലൗ ഫൈന്റ് മാജിക്' തുടങ്ങി സമാന പരസ്യവാചകങ്ങളാണ് മിക്കവാറും എല്ലാ ഡേറ്റിങ്ങ് ആപ്പുകളും ഉപയോഗിക്കുന്നത്. നിരവധി ഗെയിമുകളും ആപ്പുകളിലുണ്ട്.

ഡേറ്റിങ്ങ് ആപ്പുകളില്‍ ചാറ്റ് ചെയ്യാനായി ആദ്യം ചെയ്യേണ്ടത് ഒരു പ്രൊഫൈല്‍ ഉണ്ടാക്കുകയാണ്. ഫെയ്സ് ബുക്ക് വഴിയോ ഇ- മെയില്‍ ഐഡി വഴിയോ ലോഗിന്‍ ചെയ്യാവുന്നതാണ്. ജനന തീയതി, ഉയരം, താമസ സ്ഥലം, ജോലി, വിദ്യാഭ്യാസ യോഗ്യത, പ്രിയപ്പെട്ട വിനോദങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പൂരിപ്പിച്ചു നല്‍കണം. പ്രൊഫൈല്‍ വേരിഫിക്കേഷനു വിധേയമാക്കിയതിനു ശേഷം മാത്രമേ ആപ്പ് ഉപയോഗിക്കാന്‍ കഴിയു. നല്‍കിയിരിക്കുന്ന വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും സുഹൃത്തുക്കളെ ലഭിക്കുക.

ഫെയ്സ്ബുക്കിലെ സുഹൃത്തുക്കള്‍ക്കായിരിക്കും ഡേറ്റിങ്ങ് ആപ്പില്‍ ആദ്യ പരിഗണന. ലഭിക്കുന്ന സുഹൃത്തുക്കളുടെ ഫോട്ടോയടക്കമുള്ള പ്രൊഫൈലുകള്‍ പരിശോധിച്ചതിനു ശേഷം അവരെ സുഹൃത്താക്കിയാല്‍ മതി.സുഹൃത്തുക്കളുമായി നടത്തുന്ന സമ്പര്‍ക്കത്തെ ആശ്രയിച്ച് ട്രസ്റ്റ് സ്‌കോര്‍ സിസ്റ്റവും ആപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it