പി.എയുടെ പണി ചെയ്യുന്ന ' സ്മാര്‍ട്ട് വാച്ച് 'ഒരുക്കാന്‍ തയ്യാറെടുത്ത് ടൈറ്റാന്‍

നിര്‍മ്മിത ബുദ്ധിയുടെ ഓരം ചേര്‍ന്ന് സ്മാര്‍ട്ട് വാച്ച് വിപണി വലിയ വളര്‍ച്ച കൈവരിക്കുന്നതായി ടൈറ്റാന്‍.അതുകൊണ്ടുതന്നെ, ഇതുവരെ കണ്ട സ്മാര്‍ട്ട് വാച്ചിനപ്പുറം വിസ്മയങ്ങളുടെ കലവറയുള്‍ക്കൊള്ളുന്ന ഉല്‍പ്പന്നങ്ങളൊരുക്കുന്ന തിരക്കിലാണ് കമ്പനിയുടെ ഗവേഷണ വിഭാഗം.

ലൈറ്റുകള്‍ ഓഫ്/ഓണ്‍ ചെയ്യാനും വാതിലുകള്‍ തുറക്കാനും അടയ്ക്കാനും പേയ്മെന്റുകള്‍ നടത്താനുമൊക്കെ ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് വാച്ച് കീശയ്ക്കു താങ്ങാവുന്ന വിലനിരക്കില്‍ അധികം വൈകാതെ എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ടാറ്റാ വാച്ച് കമ്പനി. പ്രൈവറ്റ് സെക്രട്ടറി അഥവാ പഴ്‌സണല്‍ അസിസ്റ്റന്റിന്റെ ചുമതലകള്‍ ഭാഗികമായി ഇവ ഏറ്റെടുക്കും.

അടുത്ത കാലം വരെ, വരുമാന മാനദണ്ഡ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ വാച്ച് ബ്രാന്‍ഡായിരുന്നു റോളക്‌സ്. പക്ഷേ, വാച്ച് നിര്‍മ്മാണ മേഖലയിലേക്ക് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളുടെ പെട്ടെന്നുള്ള പ്രവേശനം സ്വിസ് ബ്രാന്‍ഡിനെ ഒട്ടൊന്നുമല്ല തളര്‍ത്തിയത്. വാച്ചും ജ്വല്ലറിയും നിര്‍മ്മിക്കുന്ന ടൈറ്റാന് റോളക്‌സിന്റെ ദുരനുഭവം പാഠമായതായാണു സൂചന.

ഭാവിയില്‍ വാച്ചുകളുടെ സ്ഥാനം 'സ്മാര്‍ട്ട് വെയറബിളുകള്‍' അപഹരിക്കുമെന്ന ചിന്തയാണ് ടൈറ്റാനിലെ വാച്ച്‌സ് ആക്‌സസറീസ് വിഭാഗം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ് രവി കാന്ത് പങ്കുവയ്ക്കുന്നത്. ബെംഗളൂരു ആസ്ഥാനമായ കമ്പനി സ്മാര്‍ട്ട് വാച്ചുകള്‍ക്കായി ഹൊസൂറില്‍ സാങ്കേതിക വിദഗ്ധരുടെ 15 അംഗ ടീമിനെ നിയോഗിച്ചിരിക്കുകയാണ്. എതിരാളികളെ പിന്നിലാക്കുന്ന ഉല്‍പ്പന്നങ്ങളുടെ രൂപപ്പെടുത്തലാണ് നല്‍കിയിട്ടുള്ള ദൗത്യം.

ഗവേഷണത്തിനും വികസനത്തിനുമായി ടൈറ്റാന്‍ വളരെയധികം നിക്ഷേപം നടത്തിക്കഴിഞ്ഞു.ഇതിനും പുറമേ സവിശേഷതകള്‍ ഇണക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുമുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ നാല് മാസത്തിനുള്ളില്‍ തങ്ങള്‍ നാല് സ്മാര്‍ട്ട് വാച്ചുകള്‍ അവതരിപ്പിക്കുമെന്ന് കാന്ത് പറഞ്ഞു. 3,000 മുതല്‍ 3,500 രൂപ വരെ വിലയ്ക്ക് സോണാറ്റ സ്ട്രൈഡ് കമ്പനി പുറത്തിറക്കിയിരുന്നു.

ഉപയോക്താക്കളുടെ ഹൃദയമിടിപ്പ് കണ്ടെത്തുന്ന ഫാസ്റ്റ്്് ട്രാക്ക് റിഫ്‌ളെക്‌സ്, റിഫ്‌ളെക്‌സ് ബീറ്റ് എന്നിവയുടെ നൂതന പതിപ്പും വരും മാസങ്ങളില്‍ പുറത്തിറക്കാനുദ്ദേശിക്കുന്നു. ലോകത്തിലെ ആദ്യത്തെ ജെസ്റ്റര്‍ നിയന്ത്രിത ബാന്‍ഡായ ടൈറ്റന്‍ ഡബ്ല്യുഇ, ഫാസ്റ്റ്ട്രാക്ക് റിഫ്‌ളെക്‌സ് ഡബ്ല്യുഎവി എന്നിവയുടെ സമാരംഭത്തിന്റെ പിന്തുണയോടെ കമ്പനിയുടെ സ്മാര്‍ട്ട് വാച്ച് വിഭാഗം പ്രതിവര്‍ഷം 80 ശതമാനം വളര്‍ച്ച കൈവരിക്കുന്നുണ്ട്.

സമയം നോക്കാന്‍ മാത്രം ഉള്ളതല്ല സ്മാര്‍ട്ട് വാച്ചുകള്‍. അതൊരു ആഡംബരത്തിന്റെ പ്രതീകവുമാണ്. ഫിറ്റ്നസ് ബാന്‍ഡായും, അത്യാധുനിക വാച്ചായും പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവയാണ് സ്മാര്‍ട്ട് വാച്ചുകള്‍. സ്മാര്‍ട്ട് ഫോണുമായി ബന്ധിപ്പിച്ചാല്‍ നിരവധി മറ്റ് സേവനങ്ങളും ഇത്തരം വാച്ചുകളില്‍ ലഭ്യമാകും. ശബ്ദം ഉപയോഗിച്ചുള്ള ഇന്റര്‍നെറ്റ് ഉപയോഗം, ജി.പി.എസ് സംവിധാനം, വ്യായാമം ചെയ്യുന്ന സമയത്തുള്ള ഹൃദയമിടിപ്പ്, കലോറി നഷ്ടത്തിന്റെ അളവ് എന്നിവ അറിയാനുമെല്ലാം സ്മാര്‍ട്ട് വാച്ച് സഹായിക്കും.

ഉടമ വ്യായാമം ചെയ്യുമ്പാഴും മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴും ഫോണിലേക്ക് വരുന്ന കോളും, മെസ്സേജുമെല്ലാം സ്മാര്‍ട്ട് വാച്ചിലൂടെ നിയന്ത്രിക്കാനാകും. ഇതിനായി സ്മാര്‍ട്ട് വാച്ചിനെ ഫോണുമായി ബന്ധിപ്പിക്കുക മാത്രമേ വേണ്ടൂ. ഫോണ്‍ കാണാതായാല്‍ അത് കണ്ടുപിടിക്കാന്‍ സ്മാര്‍ട്ട് വാച്ച് സഹായിക്കും. ഫോണുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ ബ്ലൂടൂത്ത് റേഞ്ചില്‍ വരുമ്പോള്‍ വാച്ച് സ്വമേധയാ അലര്‍ട്ട് നല്‍കും.

പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍പ്പെടില്ലെങ്കിലും സ്മാര്‍ട്ട് വാച്ചുകളിലെല്ലാം കാമറ ഘടിപ്പിച്ചിട്ടുണ്ട്. 1000 രൂപയില്‍ താഴെയുള്ള വാച്ചുകളിലെല്ലാം സാമാന്യം ക്വാളിറ്റിയുള്ള കാമറയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിലൂടെ എടുക്കുന്ന ഫോട്ടോകള്‍ ബന്ധപ്പെട്ട മൊബൈല്‍ ഗ്യാലറിയില്‍ തന്നെയാകും ചെന്നെത്തുക. ഓരോ ദിവസവും എത്രദൂരം നടന്നു എന്നറിയാന്‍ സ്മാര്‍ട്ട് വാച്ചിലെ പെഡോമീറ്റര്‍ സഹായിക്കും. വ്യായാമം ചെയ്യുന്ന സമയത്താകും ഇത് കൂടുതല്‍ പ്രയോജനം ചെയ്യുക.

ഓഫീസില്‍ ജോലിത്തിരക്ക് കാരണം ഒരേ ഇരിപ്പ് ഇരിക്കുന്നവര്‍ക്ക് ഏറെ സഹായകമാണ് പെഡോമീറ്റര്‍ ഫീച്ചര്‍. ഇരിപ്പിന് ഇടവേള നല്‍കി ശരീരത്തിന് അല്‍പ്പം വ്യായാമം നല്‍കേണ്ട സമയത്ത് സ്മാര്‍ട്ട് വാച്ച് നിര്‍ദ്ദേശം നല്‍കും, ചെറിയൊരു നടത്തം ആരംഭിക്കാന്‍.

മെക്കാനിക്കല്‍ മുതല്‍ ക്വാര്‍ട്‌സ് വരെയുള്ള വാച്ചുകളുടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ച ചരിത്രമാണ് ടൈറ്റാന്റേത്. അടുത്ത സാമ്പത്തിക വര്‍ഷം മെക്കാനിക്കല്‍ വിഭാഗത്തില്‍ വീണ്ടും പ്രവേശിക്കാനുള്ള പദ്ധതികളും കമ്പനിക്കുണ്ട്. ഇപ്പോള്‍ 'മെക്കാനിക്കല്‍ പ്രീമിയ'ങ്ങള്‍ ഒരു തിരിച്ചുവരവ് നടത്തിത്തുടങ്ങിതാണ് കാരണമെന്ന് രവി കാന്ത് പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it