'താങ്കളുടെ ഐപാഡ് ലോക്കായി, 48 വർഷം കഴിഞ്ഞു ശ്രമിക്കൂ!'

ഓരോ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും യൂസർ മാനുവലിൽ 'കുട്ടികൾക്കുള്ള കളിപ്പാട്ടമല്ല ഇത്' എന്ന് എഴുതാറുണ്ട്. കുട്ടികൾക്കും ഉപകരണങ്ങൾക്കും നല്ലതല്ലാത്തതുകൊണ്ടാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ് അവർ നൽകുന്നത്. എന്നാൽ നമ്മളിലെത്ര പേർ ഇത് ഗൗരവമായി എടുക്കാറുണ്ട്?
നമ്മളിൽ പലരും മൊബൈൽ ഫോൺ കുട്ടികൾക്ക് കളിക്കാൻ കൊടുക്കുന്നവരാണ്. അതുപോലെ മൂന്ന് വയസുകാരനായ മകന്റെ കൈയ്യിൽ തന്റെ ഐപാഡ് കൊടുത്ത ഒരു അച്ഛൻ ആകെ കുഴപ്പത്തിലായിരിക്കുകയാണ്.
വാഷിങ്ടണിലെ ഒരു മാധ്യമപ്രവര്‍ത്തകനായ ഇവാന് ഒസ്നോസിസാണ് തന്റെ അനുഭവം ട്വിറ്ററിൽ പങ്കുവെച്ചത്. തന്റെ മൂന്ന് വയസുകാരനായ മകൻ തെറ്റായ പാസ് വേഡ് പല തവണ ഉപയോഗിച്ചപ്പോള്‍ ഐപാഡ് ലോക്ക് ആവുകയായിരുന്നു.
"ഇത് വ്യാജമാണെന്ന് തോന്നാം, ഇത് ഞങ്ങളുടെ മൂന്നുവയസുകാരന് അണ്‍ലോക്ക് (പലതവണ ) ചെയ്യാന്‍ ശ്രമിച്ച ഐപാഡ് ആണ്. ഇതു ശരിയാക്കാൻ എന്തെങ്കിലും വഴിയുണ്ടോ?" ഓസ്നോസ് ചോദിക്കുന്നു.
Uh, this looks fake but, alas, it’s our iPad today after 3-year-old tried (repeatedly) to unlock. Ideas? pic.twitter.com/5i7ZBxx9rW
— Evan Osnos (@eosnos) 6 April 2019
ഐപാഡിന്റെ ഒരു സ്ക്രീന്‍ഷോട്ടും ഒസ്നോസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. 'iPad is disabled. try again in 25,536,442 minutes' എന്ന സന്ദേശം സ്ക്രീനില്‍ കാണാം. അതായത് ഐപാഡ് അൺലോക്ക് ആവണമെങ്കിൽ ഇനി 2067 വരെ കാത്തിരിക്കണം. ഏതായാലും ട്വിറ്ററാറ്റിയുടെ സഹായത്താൽ ഓസ്നോസ് ഉപകരണം
റീസ്റ്റോര്‍ ചെയ്തു.
Update on toddler-iPad-lock-out: Got it into DFU mode (don’t hold down the sleep/power button too long or you end up in recovery). Now restoring. Thanks to those who shared advice!
— Evan Osnos (@eosnos) 9 April 2019
ആപ്പിൾ വെബ്സൈറ്റിൽ നൽകുന്ന ഔദ്യോഗിക അറിയിപ്പ് ഇങ്ങനെ: തെറ്റായ പാസ് വേർഡ് പലതവണ ടൈപ്പ് ചെയ്താൽ നിങ്ങളുടെ ഡിവൈസ് ലോക്ക് ആകുകയും 'disabled'
ആകുകയും ചെയ്യും. ബാക്കപ്പ് ചെയ്തിട്ടില്ലെങ്കിൽ സ്റ്റോർ ചെയ്ത ഡേറ്റ എന്നെന്നേക്കുമായി നഷ്ടപ്പെടാം. നിങ്ങളുടെ പാസ് കോഡ് ഒഴിവാക്കി അതിനെ restore ചെയ്താൽമാത്രമേ ഡിവൈസ്
വീണ്ടും ഉപയോഗിക്കാൻ സാധിക്കൂ.
ഉപകരണം ഐട്യൂണ്‍സ് വഴി റീസ്റ്റോര്‍ ചെയ്യാനാകും. നിങ്ങളുടെ ആപ്പിൾ പേർസണൽ കമ്പ്യൂട്ടറിലോ ലാപ്ടോപ്പിലോ ഐട്യൂൺസ് ഡൗൺലോഡ് ചെയ്ത് അതുമായി ലോക്കായ ഐപാഡ് കണക്ട് ചെയ്യുക. അതിനു ശേഷം force start ചെയ്താൽ മതിയെന്നാണ് ആപ്പിൾ നൽകുന്ന നിർദേശം. ഇതും നടന്നില്ലെങ്കിൽ ആപ്പിളിന്റെ സർവീസ് സെന്ററിനെ സമീപിക്കേണ്ടിവരും.