വെക്കര്‍ട്ടിന്റെ സൂത്രം: എട്ടിന്റെ പണി കിട്ടി 'ഗൂഗിള്‍ മാപ്പ് '

സാങ്കേതികവിദ്യയെ അമിതമായി ആശ്രയിച്ചാല്‍ ധനനഷ്ടവും മാനഹാനിയുമെല്ലാം വന്നുപെടാമെന്നു തെളിയിച്ചുകൊണ്ട് 'ഗൂഗിള്‍ മാപ്പ് ' കബളിപ്പിക്കപ്പെട്ടതിന്റെ രസികന്‍ വീഡിയോ പങ്കുവച്ച് സോഷ്യല്‍ മീഡിയയിലെ ചിരിപ്പിക്കുന്ന താരമായി സൈമണ്‍ വെക്കര്‍ട്ട് എന്ന ജര്‍മ്മന്‍ കലാകാരന്‍.

ഗൂഗിള്‍ മാപ്പിനെ ആശ്രയിക്കാതുള്ള യാത്ര പലര്‍ക്കും ഇപ്പോള്‍ ചിന്തിക്കാനേ കഴിയില്ല. സാങ്കേതികവിദ്യയുടെ അതിപ്രസരം ജീവിതങ്ങളെ അമിതമായി ബാധിക്കുന്നു എന്നതിന്റെ തെളിവുമാണിത്. എന്നാല്‍, എപ്പോഴും ടെക്നോളജി ശരിയായ ദിശയില്‍ നയിക്കുമെന്നുറപ്പിക്കേണ്ടെന്നാണ് സാങ്കേതികവിദ്യയുടെ മൂല്യവും സ്വാധീനവും പരിശോധിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സൈമണ്‍ വെക്കര്‍ട്ട് ലോകത്തിനു കാട്ടിക്കൊടുക്കുന്നത്. ഇതിനായി ഗൂഗിള്‍ മാപ്പില്‍ 'വ്യാജ ട്രാഫിക്ക് ജാം'വിജയകരമായി സൃഷ്ടിച്ചു തന്റെ കൗശലത്തിലൂടെ.

മാപ്സ് അപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്ന ധാരാളം ഫോണുകള്‍ ഒരു റോഡിലൂടെ സാവധാനം നീങ്ങുന്നുവെങ്കില്‍ ആ റോഡില്‍ ഒരു ട്രാഫിക് ജാം ഉണ്ടെന്നു ഗൂഗിള്‍ മാപ്സ് ചിന്തിക്കുക സ്വാഭാവികം. ഗതാഗതക്കുരുക്കിന് ഇതിലേറെ വലിയ 'തെളിവ്' അന്വേഷിക്കേണ്ട കാര്യം ഇതുവരെ ഗൂഗിളിന് ഉണ്ടായിരുന്നില്ലെങ്കില്‍ ഇനി മുതല്‍ മാറി ചിന്തിക്കേണ്ടിവരും.ഡ്രോണിനെ പറത്തിവിട്ട് സത്യം അന്വേഷിക്കേണ്ടിവരാം.

ബെര്‍ലിനില്‍ ജോലി ചെയ്യുന്ന വെക്കര്‍ട്ട് 99 സെക്കന്റ് ഹാന്‍ഡ് മൊബൈലുകള്‍ ഉപയോഗിച്ചാണ് ഗൂഗിള്‍ മാപ്പിനു കെണിവച്ചത്. വെക്കര്‍ട്ട് ചെയ്തത് ഇത്രമാത്രം: 99 സെക്കന്‍ഡ് ഹാന്‍ഡ് മൊബൈലുകള്‍ സംഘടിപ്പിച്ച് എല്ലാത്തിലും ലൊക്കേഷന്‍ ഓണാക്കിവെച്ചു. എന്നിട്ട്, അവയെല്ലാം കൂടി ചെറിയ ഉന്തുവണ്ടിയിലിട്ട് തിരക്കില്ലാത്ത ഒരു റോഡിലൂടെ വലിച്ചുകൊണ്ടുപോയി.

മെല്ലെ സഞ്ചരിക്കുന്ന 99 മൊബൈലുകളില്‍ നിന്നുള്ള സിഗ്‌നല്‍ ഒരേ പ്രദേശത്തുനിന്ന് ലഭിച്ചതോടെ ഗൂഗിള്‍ മാപ്പ് ഉറപ്പിച്ചു: ഇത് ട്രാഫിക്ക് ജാം തന്നെ.വെക്കര്‍ട്ട് നടന്ന ബെര്‍ലിനിലെ റോഡിന്റെ മാപ്പ് ഉടന്‍തന്നെ ഗൂഗിളില്‍ ചുവപ്പുനിറമണിഞ്ഞു.ചെറിയ സൂത്രപ്പണികള്‍ ലക്ഷക്കണക്കിനാളുകളുടെ യാത്രകളെയോ ജീവിതത്തെയോ തന്നെ താറുമാറാക്കാമെന്ന് ഇതു വ്യക്തമാക്കുന്നു.

ഗൂഗിളിനെ പറ്റിച്ചതിന്റെ വീഡിയോ ഈ സൂത്രശാലി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തപ്പോള്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. മൂന്ന് ദിവസത്തിനുള്ളില്‍ ഒരു ദശലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it