ഇന്‍സ്റ്റാഗ്രാം സ്റ്റോറീസ് മാതൃകയില്‍ 'ഫ്ളീറ്റ്സ്' അവതരിപ്പിക്കാന്‍ ട്വിറ്റര്‍
24 മണിക്കൂറിനുശേഷം അപ്രത്യക്ഷമാകുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന 'ഫ്ളീറ്റ്സ് ' ഇന്ത്യയിലും ഉടന്‍ അവതരിപ്പിക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചു. ഇന്‍സ്റ്റാഗ്രാം സ്റ്റോറീസ് ശൈലിയിലുള്ള ഫ്ളീറ്റ്സ് ബ്രസീലിനും ഇറ്റലിക്കും ശേഷം ആഗോളതലത്തില്‍ പരീക്ഷിക്കുന്ന മൂന്നാമത്തെ വിപണിയാണ് ഇന്ത്യ.
ആളുകള്‍ക്ക് അവരുടെ ആശയങ്ങളും താല്‍ക്കാലിക ചിന്തകളും പങ്കിടുന്നതിനുള്ളതാണ് ഫ്ളീറ്റ്സ്. ഈ പോസ്റ്റുകള്‍ 24 മണിക്കൂറിനുശേഷം അപ്രത്യക്ഷമാകും; കൂടാതെ റീ ട്വീറ്റുകളോ ലൈക്കുകളോ പൊതു അഭിപ്രായങ്ങളോ പറ്റില്ല - ട്വിറ്റര്‍ പ്രസ്താവനയില്‍ പറയുന്നു.ഫോളോവര്‍മാര്‍ക്ക് നേരിട്ടുള്ള സന്ദേശങ്ങള്‍ വഴി ആശയ വിനിമയം നടത്താന്‍ കഴിയും.
ട്വിറ്ററില്‍ നിന്നുള്ള ഏറ്റവും പുതിയ ഓഫര്‍ ഫേസ്ബുക്കിലെയും ഇന്‍സ്റ്റാഗ്രാമിലെയും 'സ്റ്റോറീസി'നു സമാനമാണ്. അപ്ഡേറ്റ് ചെയ്ത ഐഒഎസ്,ആന്‍ഡ്രായിഡ് അപ്ലിക്കേഷന്‍ പതിപ്പുകളില്‍ വരും ദിവസങ്ങളില്‍ ഇന്ത്യയിലെ എല്ലാവര്ക്കും ഫ്ളീറ്റ്സ് ലഭ്യമാകുമെന്ന് ട്വിറ്റര്‍ അറിയിച്ചു.
'ആഗോളതലത്തില്‍ ഞങ്ങളുടെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ പ്രേക്ഷക വിപണികളിലൊന്നായതിനാല് ഇന്ത്യ ട്വിറ്ററിന് പ്രധാനമാണ്. ഫ്ളീറ്റ്സ് പരീക്ഷണം ഇങ്ങോട്ട് കൊണ്ടുവരുന്നതിലും ഈ പുതിയ ഉല്‍പ്പന്നം അനുഭവിക്കുന്ന ലോകത്തിലെ ആദ്യത്തെ മൂന്ന് രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുന്നതിലും ഞങ്ങള്‍ സന്തുഷ്ടരാണ് -ട്വിറ്റര്‍ ഇന്ത്യ എംഡി മനീഷ് മഹേശ്വരി പറഞ്ഞു.
ഡെയ്ലി ന്യൂസ് അപ്ഡേറ്റുകള്, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline