തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ചാല്‍ എന്ത് സംഭവിക്കും?

''ബ്രെയിൻ ചിപ്പ് തലച്ചോറിനെ സംബന്ധിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. ഓട്ടിസം, സ്‌കീസോഫ്രീനിയ, അല്‍ഷിമേഴ്‌സ് തുടങ്ങിയ പല അസുഖങ്ങള്‍ക്കും.'' ന്യൂറാലിങ്ക് ചിപ്പുകളുടെ വൈദ്യമേഖലയിലുള്ള സാധ്യതകളെക്കുറിച്ച് ഇലോണ്‍ മസ്‌ക് നടത്തിയ പ്രസ്താവന വിവിധ മേഖലകളില്‍ ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരിക്കുകയാണ്. തന്റെ ന്യൂറോ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ ന്യൂറാലിങ്ക് കോര്‍പ്പറേഷന്റെ പദ്ധതികളെക്കുറിച്ച് അധികമൊന്നും പുറമേ സംസാരിക്കാറില്ല ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. എന്നാല്‍ അങ്ങനെ സംസാരിച്ചാല്‍ അത് ഇലക്ട്രിക് കാറുകളെക്കാളും റോബോട്ടുകളെക്കാളും ആവേശകരമായ വാര്‍ത്തയാകുകയും ചെയ്യും.

ഇലോണ്‍ മസ്‌കിന്റെ കഠിനപ്രയത്‌നം യാഥാര്‍ത്ഥ്യത്തിലേക്ക് എത്തുന്നുവെന്ന സൂചനകളാണ് ഇത് നല്‍കുന്നത്. നിര്‍മിതബുദ്ധി മനുഷ്യവംശത്തിന് ഭീഷണിയാകുമെന്ന നിലപാടാണ് ഇലോണ്‍ മസ്‌കിനുള്ളത്. എന്നാല്‍ യന്ത്രസംവിധാനങ്ങളെ ചെറുത്തുനില്‍ക്കാന്‍ മനുഷ്യന് സൂപ്പര്‍ പവറുകള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ന്യൂറാലിങ്കിന് അ്‌ദേഹം തുടക്കമിട്ടിരിക്കുന്നത്.

തലച്ചോറിനുള്ളില്‍ സ്ഥാപിക്കുന്ന ചിപ്പുകള്‍ മനുഷ്യന് അസാധാരണശേഷികള്‍ തരുമെന്നാണ് പ്രതീക്ഷ. അതിനപ്പുറം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് പരസഹായമില്ലാതെ സാധാരണ ജീവിതം നയിക്കാന്‍ ഇവ സഹായകരമായേക്കാം.

മുടിനാരിനേക്കാള്‍ കനം കുറഞ്ഞ നേര്‍ത്ത ഇലക്ട്രോഡ് നാരുകള്‍ ഉപയോഗിച്ചാണ് മനുഷ്യന്റെ തലച്ചോറിനെ ചിപ്പുമായി ബന്ധിപ്പിക്കുന്നത്. ഈ ചിപ്പില്‍ നിന്ന് വയര്‍ലസായി സന്ദേശങ്ങള്‍ പുറത്തുള്ള ഉപകരണങ്ങളിലേക്ക് കൈമാറും. അതിസങ്കീര്‍ണ്ണമാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍. ഇവ പ്രാവര്‍ത്തികമാക്കാന്‍ നിരവധി വെല്ലുവിളികളെയാണ് ന്യൂറാലിങ്ക് നേരിടുന്നത്.

ബ്രെയ്ന്‍ ചിപ്പുകള്‍ നമ്മുടെ തലച്ചോറിലും വിവിധ മേഖലകളിലുമുണ്ടാക്കുന്ന ചില മാറ്റങ്ങള്‍

1. ശാരീരികമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് മനസുകൊണ്ട് വിവിധ ഉപകരണങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കും. ഉദാഹരണത്തിന് വീല്‍ചെയറുകള്‍, കൃത്രിമ അവയവങ്ങള്‍ തുടങ്ങിയവയെ മനസാഗ്രഹിക്കുന്നതുപോലെ പ്രവര്‍ത്തിപ്പി്ക്കാന്‍ കഴിഞ്ഞേക്കും.

2. ആധുനികവൈദ്യം തലകുനിക്കുന്ന മാനസികപ്രശ്‌നങ്ങളായ ഓട്ടിസം, അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് ഇതിലൂടെ പ്രതിവിധിയുണ്ടാകുമെന്ന് ഇലോണ്‍ മസ്‌ക് പറയുന്നു. എന്നാല്‍ ഇതിന് സാധ്യത കുറവാണെന്ന് ചില വിദഗ്ധര്‍ വാദിക്കുന്നുണ്ട്.

3. ഹൃദയാഘാതം പോലുള്ള പല രോഗസാധ്യതകളും മുന്‍കൂട്ടി കണ്ട് അവയെ തടയാന്‍ സാധിച്ചേക്കും. മരണസാധ്യതയെ മുന്‍കൂട്ടി പ്രവചിക്കാനായേക്കും.

4. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയോട് കൂടിയ ബ്രെയ്ന്‍ ചിപ്പുകള്‍ ആളുകളെ പ്രൊഫഷണല്‍ രംഗത്തും കൂടുതല്‍ സ്മാര്‍ട്ട് ആക്കും. മികച്ച തീരുമാനങ്ങളെടുക്കാന്‍ സഹായിക്കും. ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും കൂട്ടും. കൂടുതല്‍ വിവരങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയോടെ പ്രോസസ് ചെയ്യാന്‍ സാധിക്കും.

5. എന്‍ജിനീയറിംഗ്, നിയമം, മെഡിസിന്‍, ശാസ്ത്രം തുടങ്ങിയ ഉയര്‍ന്ന സ്‌കില്‍ വേണ്ട മേഖലയില്‍ അതിവേഗം കാര്യങ്ങള്‍ ഗ്രഹിക്കാനും വേണ്ട സമയത്ത് ഉപയോഗപ്പെടുത്താനും സാധ്യമാക്കുക വഴി വലിയൊരു വിപ്ലവം തന്നെ സൃഷ്ടിക്കും. ഇതുവഴി എല്ലാവരും സ്മാര്‍ട്ട് ആയിമാറും.

6. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുതിയ മാറ്റങ്ങള്‍ക്കനുസരിച്ച് ചുവട് മാറേണ്ടിവരും. അവശ്യമായ എല്ലാ അറിവും ഞൊടിയിട കൊണ്ട് തലച്ചോറിലേക്ക് സന്നിവേശിപ്പിക്കാന്‍ സാധിക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസക്തിയെന്താകും? ഭാവിയിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലും യൂണിവേഴ്‌സിറ്റിയിലും പോയി എന്താണ് ചെയ്യുന്നത്?

7. മനുഷ്യന്റെ ക്രിയാത്മകതയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉയര്‍ന്ന പ്രോസസിംഗ് പവറും ചേരുമ്പോള്‍ ശരാശരി മനുഷ്യരും സൂപ്പര്‍ പവറുള്ളവരായി മാറും. മനുഷ്യന്റെ ഉല്‍പ്പാദനക്ഷമത കുതിച്ചുയരുന്ന യുഗമായിരിക്കും വരുന്നത്.

ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്ക് മാത്രമല്ല വിവിധ രാജ്യങ്ങളില്‍ നിരവധി സ്ഥാപനങ്ങള്‍ ബ്രെയ്ന്‍ ചിപ്പുകള്‍ക്കുള്ള ഗവേഷണത്തിലാണ്. നിരവധി ഗുണങ്ങളുള്ളപ്പോഴും സമൂഹത്തിലുണ്ടാകാന്‍ സാധ്യതയുള്ള അസന്തുലിതാവസ്ഥ, സ്വകാര്യത സംബന്ധമായ പ്രശ്ങ്ങള്‍, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയവയെക്കുറിച്ച് വിവിധ മേഖലകളില്‍ നിന്ന് ആശങ്കകള്‍ ഉയരുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it