നിങ്ങൾ ഉപേക്ഷിക്കുന്ന ഫോണുകൾക്കും കംപ്യൂട്ടറുകൾക്കും പിന്നീടെന്ത് സംഭവിക്കുന്നു?
നാം വലിച്ചെറിയുന്ന ഇലക്ട്രോണിക് മാലിന്യങ്ങൾ എവിടേക്കാണ് പോകുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ടെക്നോളജിയുടെ അതിപ്രസരവും എപ്പോഴും ഏറ്റവും പുതിയ ഉൽപന്നങ്ങൾ തന്നെ സ്വന്തമാക്കണമെന്ന നമ്മുടെ അതിമോഹവും ദിനംപ്രതി പുറന്തള്ളുള്ള ഇ-മാലിന്യങ്ങളുടെ അളവിൽ വലിയ വർധനവുണ്ടാക്കിയിട്ടുണ്ട്.
ഓരോ വർഷവും 50 ദശലക്ഷം ടൺ ഇ-മാലിന്യമാണ് ഉണ്ടാകുന്നത്. ഇതിന്റെ മൂല്യം കണക്കാക്കിയാൽ ഏകദേശം 6.25 കോടി ഡോളർ വരും. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളുടെയും ജിഡിപിയുടെ മൂല്യം പോലും ഇത്രയും വരില്ല.
എന്നാൽ ഇതിൽ 20 ശതമാനം മാത്രമേ ശരിയായ രീതിയിൽ റീസൈക്കിൾ ചെയ്യപ്പെടുന്നുള്ളൂ. ശേഷിക്കുന്നവ അശാസ്ത്രീയമായി കുഴിച്ചുമൂടപ്പെടുകയോ ജലശ്രോതസുകളിൽ നിക്ഷേപിക്കപ്പെടുകയോ ആണ് ചെയ്യുന്നത്. ഇത് മനുഷ്യരുടെ ആരോഗ്യത്തിനും ആവാസവ്യവസ്ഥയുടെ സന്തുലനാവസ്ഥക്കും വലിയ ഭീഷണിയാണ്.
ഇലക്ട്രോണിക് ഇൻഡസ്ടറി ഇന്ത്യയിലും അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. അതിനനുസരിച്ച് ഇ-മാലിന്യവും കുന്നുകൂടുന്നുണ്ട്. ഇതിൽ വെറും 5.7 ശതമാനം മാത്രമാണ് റീസൈക്കിൾ ചെയ്യപ്പെടുന്നത്.
ലോകത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഇ-മാലിന്യത്തിന്റെ 60-90 ശതമാനവും നിയമവിരുദ്ധമായും അശാസ്ത്രീയമായും മറവുചെയ്യപ്പെടുകയാണെന്ന് യുഎൻഇപി (UNEP) ഗവേഷണം ചൂണ്ടിക്കാട്ടുന്നു. വടക്കൻ ആഫ്രിക്കയിലാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇ-മാലിന്യം ഏറ്റവും കൂടുതൽ കൊണ്ടുവന്ന് തള്ളുന്നത്. ചില ഏഷ്യൻ രാജ്യങ്ങളും ദശലക്ഷക്കണക്കിന് ടൺ ഇ-വേസ്റ്റ് സ്വീകരിക്കുന്നുണ്ട്. ഫ്രീ-ട്രേഡ് കരാറുകളുടെ മറവുപറ്റിയാണ് പലപ്പോഴും മാലിന്യം ഈ രാജ്യങ്ങളിലേക്ക് കടത്തുന്നത്.
പഴയ കംപ്യൂട്ടറുകൾ, മൊബീൽ ഫോണുകൾ, ഇലക്ട്രിക് കേബിൾ, കോഫി മേക്കർ, ഫ്രിഡ്ജ്, റേഡിയോ തുടങ്ങിയവ ലോകത്തെ ലാൻഡ് ഫില്ലുകളിൽ അടിഞ്ഞുകൂടുകയാണെന്ന് യുഎൻഇപി പറയുന്നു.
1997-ൽ ഒരു കംപ്യൂട്ടറിന്റെ ആയുസ് ആറു വര്ഷമായിരുന്നെങ്കിൽ 2005-ൽ അത് രണ്ടു വർഷമായി കുറഞ്ഞു. നിലവിൽ കംപ്യൂട്ടർ, മൊബീൽ ഫോൺ എന്നിവയ്ക്ക് ഒരു വർഷത്തിൽ താഴെയാണ് ആയുസ്.
വികസിതരാജ്യങ്ങൾ അവിടെ നിലവിലുള്ള നിയമങ്ങളുടെ പഴുതുകൾ ഉപയോഗിച്ച് മറ്റ് രാജ്യങ്ങളിലേക്ക് ഇ-മാലിന്യം കയറ്റുമതി ചെയ്തുകൊണ്ടിരിക്കുകയാണ്. ഇവയിൽ പലതും എവിടെ നിക്ഷേപിക്കപ്പെടുന്നെന്നു പോലും ആർക്കും അറിയില്ല. കണ്ടെത്താനും കഴിയാറില്ല.
ഈ വിപത്തിന് തടയിടാൻ ഏഴ് യുഎൻ സംഘടനകളും ലോക സാമ്പത്തിക ഫോറവും വേൾഡ് ബിസിനസ് കൗൺസിൽ ഫോർ സസ്‌റ്റെയ്നബിൾ ഡെവലപ്മെന്റും ഒരുമിച്ചു ചേർന്ന് ഒരു പദ്ധതി രൂപീകരിച്ചിട്ടുണ്ട്. സർക്കാരുകളും ഇലക്ട്രോണിക്-ടെക് കമ്പനികളും ഉപഭോക്താക്കളും ഒത്തുചേർന്നുള്ള പരിശ്രമമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.