വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ 1024 പേര്‍ വരെയാകാം, കമ്യൂണിറ്റീസ് ടാബ് വരുമ്പോള്‍ എന്തൊക്കെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം

വാട്‌സാപ്പ് പടിപടിയായി പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചു തുടങ്ങി. കഴിഞ്ഞ സെപ്റ്റംബറിലാണ് 32 പേര്‍ക്ക് ഒരേസമയം ഗ്രൂപ്പ് കോളുകളില്‍ ഏര്‍പ്പെടാം എന്ന് അറിയിച്ചിരുന്നത്. പുതിയ അപ്‌ഡേറ്റുകള്‍ ഗ്രൂപ്പ് ചാറ്റുകളില്‍ അവതരിപ്പിക്കുമെന്ന് ഇപ്പോള്‍ വാട്‌സാപ്പ് തന്നെ പുറത്തുവിട്ടിരിക്കുകയാണ്. ഒരു വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം 1024 ആയി വര്‍ധിപ്പിച്ചിട്ടുമുണ്ട്.

കമ്യൂണിറ്റീസ് ഫീച്ചറിലൂടെ ഇന്‍-ചാറ്റ് പോള്‍സ്, 32 പേഴ്സണ്‍ വീഡിയോ കോള്‍, ഗൂപ്പുകളില്‍ സബ് ഗ്രൂപ്പുകള്‍, വ്യത്യസ്ത വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ക്കായി വ്യത്യസ്ത ത്രെഡ്ഡുകള്‍, അനൗണ്‍സ്മെന്റ് ചാനലുകള്‍ എന്നിവ അടങ്ങുന്ന വിവിധ സേവനങ്ങള്‍ ലഭ്യമാകും. വാട്സാപ്പ് ഗ്രൂപ്പുകളിലെ ചര്‍ച്ചകള്‍ കൂടുതല്‍ ഫലപ്രദവും അര്‍ത്ഥവത്തും ആക്കിമാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് കമ്മ്യൂണിറ്റീസ് ഫീച്ചേഴ്‌സ് എത്തിയിട്ടുള്ളത്.
ഒരുകൂട്ടം ഗ്രൂപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഡയറക്ടറി എന്ന് കമ്മ്യൂണിറ്റീസിനെ വിളിക്കാം. ആര്‍ക്കും അവരുടെ ആപ്പില്‍ കമ്മ്യൂണിറ്റികള്‍ തുടങ്ങാനും മറ്റ് ഗ്രൂപ്പുകളെ അതിലേക്ക് ക്ഷണിക്കാനും സാധിക്കും. ആ ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ അംഗീകരിച്ചാല്‍ മാത്രമെ ആ ഗ്രൂപ്പ് കമ്മ്യൂണിറ്റികളില്‍ അംഗമാവുകയുള്ളൂ.
ഒന്നിലധികം വാട്സാപ്പ് ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമെല്ലാം ഈ സൗകര്യം പ്രയോജനപ്പെടുത്താം. വാട്‌സാപ്പിലൂടെ വിപണനം നടത്തുന്ന സംരംഭകര്‍ക്ക് പുതിയ ഫീച്ചേഴ്‌സ് ഏറെ പ്രയോജനപ്പെടും. ഉദാഹരണത്തിന് ഒരു സംരംഭത്തിന് കീഴിലെ എച്ച് ആര്‍ വിഭാഗം, മാര്‍ക്കറ്റിംഗ്, സെയ്ല്‍സ്, അക്കൗണ്ട്‌സ് എന്നിവ പോലെ വിവിധ വിഭാഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും ആ ഗ്രൂപ്പുകളെ ഒറ്റ കുടക്കീഴില്‍ കൊണ്ടുവരാന്‍ സാധിക്കും. ഉപഭോക്താക്കള്‍ക്ക് ഓരോ ഗ്രൂപ്പുകള്‍ സന്ദര്‍ശിക്കാനും, അഡ്മിന്‍മാര്‍ക്ക് കമ്മ്യൂണിറ്റിയിലെ എല്ലാ ഗ്രൂപ്പുകളിലേക്കും സന്ദേശങ്ങള്‍ അയക്കാനും സാധിക്കും.
ഐഒഎസിലും എത്തും
ആന്‍ഡ്രോയിഡ് ആപ്പില്‍ മുകളിലായും ഐഒഎസ് ആപ്പില്‍ താഴെയായുമാണ് കമ്മ്യൂണിറ്റികള്‍ കാണുക. ഈ സംവിധാനത്തിലും എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ ഉണ്ടായിരിക്കും. ഒരു ഗ്രൂപ്പിലേക്ക് അയച്ച സന്ദേശം ആ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. ബ്രോഡ്കാസ്റ്റ് സൗകര്യവും ഇതിലുണ്ടാകും. അംഗങ്ങളുടെ ഫോണ്‍നമ്പറുകള്‍ കമ്മ്യൂണിറ്റികളില്‍ പരസ്യമാക്കില്ല.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it