വാട്‌സാപ്പിന് പൊള്ളി; പുതിയ നിബന്ധനകള്‍ ഉടന്‍ നടപ്പാക്കില്ല


തങ്ങളുടെ പുതിയ സേവന നിബന്ധനകള്‍ ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കും എന്ന വ്യാപകമായ ആക്ഷേപങ്ങളെ തുടര്‍ന്ന് ഫെബ്രുവരി 8ന് ഇത് നടപ്പാക്കാനുള്ള തീരുമാനം വാട്ട്‌സ്ആപ്പ് തത്ക്കാലത്തേക്കു മാറ്റിവച്ചതായി അറിയിച്ചു.

ഇത് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ പുതിയ നയം അവലോകനം ചെയ്യുന്നതിനും ഫെയ്‌സ്ബുക്കുമായുള്ള നിര്‍ദ്ദിഷ്ട ഡാറ്റ പങ്കിടലിന്റെ നിബന്ധനകള്‍ സ്വീകരിക്കുന്നതിനും കൂടുതല്‍ സമയം നല്‍കും, വാട്‌സ്ആപ്പ് ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.

''പുതിയ ബിസിനസ്സ് ഓപ്ഷനുകളിലേക്കു മെയ് 15ന് പോകുന്നതിന് മുമ്പായി തങ്ങളുടെ ഈ നയം അവലോകനം ചെയ്യുന്നതിന് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സമയം ലഭിക്കും എന്ന് കരുതുന്നു,'' വാട്‌സ്ആപ്പ് പറഞ്ഞു.

ബ്ലോഗ് പോസ്റ്റ് ഇങ്ങനെ തുടരുന്നു, 'വാട്ട്‌സ്ആപ്പ് നിര്‍മ്മിച്ചത് ലളിതമായ ഒരു ആശയത്തിലാണ്: നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബവുമായും നിങ്ങള്‍ പങ്കിടുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്കിടയില്‍ നിലനില്‍ക്കും. ഇതിനര്‍ത്ഥം, നിങ്ങളുടെ വ്യക്തിപരമായ സംഭാഷണങ്ങള്‍ എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷനുമായി ഞങ്ങള്‍ എല്ലായിപ്പോഴും സംരക്ഷിക്കും എന്നാണ്. അതിനാല്‍ വാട്ട്‌സ്ആപ്പിനോ ഫേസ്ബുക്കിനൊ ഈ സ്വകാര്യ സന്ദേശങ്ങള്‍ ഒരിക്കലും കാണാന്‍ കഴിയില്ല. അതുകൊണ്ടാണ് സന്ദേശമയക്കുകയൊ അല്ലെങ്കില്‍ വിളിക്കുകയൊ ചെയ്യുന്നവരുടെ ലോഗുകള്‍ ഞങ്ങള്‍ സൂക്ഷിക്കാത്തത്. നിങ്ങളുടെ ലൊക്കേഷനും ഞങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. കൂടാതെ നിങ്ങളുടെ കോണ്‍ടാക്റ്റുകള്‍ ഞങ്ങള്‍ ഫേസ്ബുക്കുമായി പങ്കിടുന്നില്ല.'

''പുതിയ നിബന്ധനകള്‍ വരുന്നതോടെ അവയൊന്നും മാറുന്നില്ല. പകരം, ആളുകള്‍ക്ക് വാട്ട്‌സ്ആപ്പില്‍ ഒരു ബിസിനസ്സിന് സന്ദേശം അയയ്‌ക്കേണ്ട പുതിയ ഓപ്ഷനുകള്‍ ലഭിക്കുന്നു. മാത്രമല്ല, ഞങ്ങള്‍ ഡാറ്റ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ച് കൂടുതല്‍ സുതാര്യത നല്‍കുന്നു. എല്ലാവരും വാട്ട്‌സ്ആപ്പില്‍ ബിസിനസ്സ് നടത്തുന്നില്ല, എന്നാല്‍ ഭാവിയില്‍ കൂടുതല്‍ ആളുകള്‍ ഇത് തിരഞ്ഞെടുക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. ആളുകള്‍ക്ക് ഈ പുതിയ സേവനങ്ങളെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കുക എന്നത് മാത്രമാണ് ഞങ്ങള്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പുതിയ സേവന നിബന്ധനകള്‍ മൂലം ഫേസ്ബുക്കുമായി ഡാറ്റ പങ്കിടാനുള്ള ഞങ്ങളുടെ കഴിവ് ഒട്ടും കൂടുന്നില്ല,'' ബ്ലോഗ് പോസ്റ്റ് കൂട്ടിച്ചേര്‍ത്തു.

''ഫെബ്രുവരി 8ന് ആരുടെയും അക്കൗണ്ട് നിര്‍ത്തിവയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യില്ല. ഇപ്പോള്‍ പ്രചരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്നു ഉപയോക്താക്കളെ അറിയിക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങള്‍. വാട്‌സ്ആപ്പില്‍ സ്വകാര്യതയും സുരക്ഷയും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നത്, മെയ് 15ന് പുതിയ ബിസിനസ്സ് ഓപ്ഷനുകള്‍ ലഭ്യമാക്കുന്നതിന് മുമ്പായി ഞങ്ങള്‍ ക്രമേണ ആളുകളിലേക്ക് എത്തിക്കും,'' ബ്ലോഗ് പറയുന്നു.

''ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ എത്തിക്കാന്‍ വാട്ട്‌സ്ആപ്പ് സഹായിച്ചു. ഇപ്പോളും ഭാവിയിലും ഈ സുരക്ഷാ സാങ്കേതികവിദ്യയെ സംരക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളെ സമീപിച്ച എല്ലാവര്‍ക്കും നന്ദി. പ്രത്യേകിച്ച്, ശരിയായ വസ്തുതകള്‍ പ്രചരിപ്പിക്കാനും കിംവദന്തികള്‍ തടയാനും സഹായിച്ച അനേകര്‍ക്ക്. സ്വകാര്യമായി ആശയവിനിമയം നടത്താനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഭാവിയിലും വാട്ട്‌സ്ആപ്പ് തന്നെയായിരിക്കും,'' ബ്ലോഗ് തുടര്‍ന്ന് പറയുന്നു.

വാട്‌സ്ആപ്പ് അടുത്തയിടെ പ്രഖ്യാപിച്ച പുതിയ സേവന നിബന്ധനകള്‍ ആഗോള തലത്തില്‍ തന്നെ വലിയ പ്രതിഷേധത്തിനും ടെലിഗ്രാം, സിഗ്‌നല്‍ എന്നിവയുള്‍പ്പെടെയുള്ള സ്വകാര്യ സന്ദേശമയയ്ക്കല്‍ അപ്ലിക്കേഷനുകളിലേക്ക് പുതിയ ഉപയോക്താക്കളുടെ കടന്നുവരവിനും കാരണമായി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it