ചെറുകിട സ്ഥാപനങ്ങള്‍ക്കും വേണം സൈബര്‍ ഇന്‍ഷുറന്‍സ്

സൈബര്‍ ആക്രമണങ്ങള്‍ ഏത് സമയത്തും വരാം. അവരെ കരുതിയിരിക്കുകയാണ് വേണ്ടത്!

പ്രൊഫ. വര്‍ക്കി പട്ടിമറ്റം

പുതിയ സാങ്കേതിക വിദ്യകള്‍ ജീവിതം സുഖകരമാക്കുന്നു. പക്ഷേ അവ ചില പ്രശ്‌നങ്ങളും കൂടെക്കൊണ്ടുവരുന്നു. വിവരസാങ്കേതികവിദ്യ ഉപയോഗിക്കുന്നവര്‍ക്കെല്ലാം ഇന്ന് സൈബര്‍ ആക്രമണത്തെ ഭയമാണ്. അതില്‍ നിന്ന് സംരക്ഷണം നേടാന്‍ സൈബര്‍ ഇന്‍ഷുറന്‍സ് നിവാര്യമായിത്തീര്‍ന്നിരിക്കുകയാണ്.

വലിയ കമ്പനികള്‍ക്ക് ഇത് വലിയ പ്രശ്‌നമല്ല. കാരണം ഇന്‍ഷുറന്‍സ്
പ്രീമിയം നല്‍കാനുള്ള സാമ്പത്തികശേഷി അവര്‍ക്കുണ്ടാകും. പണച്ചെലവേറിയ സൈബര്‍ സുരക്ഷാ സന്നാഹങ്ങളൊരുക്കാനും അവര്‍ക്ക് ബുദ്ധിമുട്ടില്ല. ചെറുകിടക്കാരുടെ സ്ഥിതി നേരെ മറിച്ചാണല്ലോ.

പക്ഷേ സൈബര്‍ ആക്രമണമുണ്ടായാല്‍ അത് ഏത് ബിസിനസിനെയും ബാധിക്കും. സാമ്പത്തികനഷ്ടം മാത്രമല്ല, കമ്പനിയുടെ സല്‍പ്പേരിനും ഉപഭോക്തൃബന്ധത്തിനും അത് പോറലേല്‍പ്പിക്കും. ചിലപ്പോള്‍ കമ്പനിയുടെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തേണ്ടി വരും. നിയമപരമായ നൂലാമാലകള്‍ വേറെ. ഇങ്ങനെ സംഭവിച്ചാല്‍ നഷ്ടപരിഹാരം കിട്ടാന്‍വേണ്ടിയാണ് സൈബര്‍ ഇന്‍ഷുറന്‍സ് പോളിസികളെടുക്കുന്നത്. ഇന്‍ഷുറന്‍സുള്ളവര്‍ക്ക് ഹാക്കിംഗ്, ഫിഷിംഗ് തുടങ്ങിയ സൈബര്‍ തട്ടിപ്പുകള്‍ വഴിയുണ്ടാകുന്ന നഷ്ടങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനി തിരികെ നല്‍കും. സൈബര്‍ ആക്രമണത്തെ സംബന്ധിച്ച പരസ്യങ്ങള്‍, ഡാറ്റ വീണ്ടെടുക്കാനുള്ള ചെലവ്, നിയമപരമായി ഒടുക്കേണ്ട പിഴകള്‍ തുടങ്ങിയവയെല്ലാം വകവെച്ചു കിട്ടും. പ്രവര്‍ത്തനം നിലച്ചതുമൂലമുള്ള നഷ്ടങ്ങളും ആക്രമണത്തില്‍ നിന്ന് കര കയറാന്‍ വേണ്ടി ചെലവാക്കുന്ന പണവും പോളിസിയുടമയ്ക്ക് കിട്ടാനര്‍ഹതയുണ്ട്.

വളരുന്നു സൈബര്‍ ഇന്‍ഷുറന്‍സ്

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൈബര്‍ ഇന്‍ഷുറന്‍സ് 22.8 ബില്യണ്‍ ഡോളറിന്റെ ബിസിനസായി വളരുമെന്നാണ് പ്രവചനം. സൈബര്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ പ്രീമിയം പരമാവധി കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനായി സ്വന്തം സ്ഥാപനത്തിന് പ്രസക്തമായ കവറേജ് മാത്രം തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. എക്‌സ്‌ക്ലൂഷന്‍സ് എന്ന പേരില്‍ ചെറിയ ലിപിയില്‍ അച്ചടിച്ചിരിക്കുന്ന നിബന്ധനകള്‍ പ്രത്യേകം ശ്രദ്ധിക്കണം.

നാസ്‌കോമിന്റെ ആഭിമുഖ്യത്തില്‍ ഡാറ്റ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ (DSCI) എന്ന പേരില്‍ നോയ്ഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തില്‍ അംഗമായാല്‍ ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് സൈബര്‍ ഇന്‍ഷുറന്‍സിനെപ്പറ്റിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കും. സൈബര്‍ സുരക്ഷയ്ക്കുള്ള ടൂള്‍ കിറ്റുകളും അവര്‍ നല്‍കുന്നുണ്ട്.

ബാങ്കുകള്‍, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍, ഐ.റ്റി കമ്പനികള്‍, റീറ്റെയ്ല്‍, ഫാര്‍മ, ഹോട്ടല്‍ എന്ന് തുടങ്ങി ചെറിയ സഹകരണ സംഘങ്ങള്‍ വരെ ഇപ്പോള്‍ സൈബര്‍ ഇന്‍ഷുറന്‍സ് പോളിസികളെടുക്കുന്നുണ്ട്. ഇന്ത്യയില്‍ ഈ ബിസിനസിന്റെ വളര്‍ച്ച പ്രതിവര്‍ഷം 40 ശതമാനമാണ്.

പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളെല്ലാം ഇപ്പോള്‍ സൈബര്‍ ഇന്‍ഷുറന്‍സ് രംഗത്തുണ്ട്. കര്‍ശനമായ ഡാറ്റാ സംരക്ഷണം നിഷ്‌കര്‍ഷിക്കുന്ന യൂറോപ്യന്‍ യൂണിയന്റെ ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ (GDPR) നിലവില്‍ വന്നതും ഹാക്കിംഗിന് കൂടുതല്‍ സാധ്യതയുള്ള IOT സാങ്കേതികവിദ്യയുടെ വളര്‍ച്ചയും സൈബര്‍ ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചിരിക്കുന്നു. വ്യക്തിസുരക്ഷയ്ക്ക് വേണ്ടി പെഴ്‌സണല്‍ സൈബര്‍ ഇന്‍ഷുറന്‍സ് പോളിസികളും ഇപ്പോള്‍ വിപണിയിലുണ്ട്.

HAL മുന്‍ എംഡിയും മാനേജ്‌മെന്റ് അധ്യാപകനും എട്ട് ശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ലേഖകന്‍ (www.pattimattom.weebly.com)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here