വേൾഡ് വൈഡ് വെബ്ബിന് ഇന്ന് 30 വയസ്

ഇന്റർനെറ്റിനെ ഇന്ന് നമ്മൾ കാണുന്ന ഇന്റർനെറ്റാക്കി മാറ്റിയത് 'വേള്‍ഡ് വൈഡ് വെബ്ബ്' (www) എന്ന സംവിധാനമാണ്. മൂന്ന് ദശകങ്ങൾക്ക് മുൻപ്, ടിം ബേണേഴ്‌സ്-ലീ എന്ന ഗവേഷകനാണ് വേള്‍ഡ് വൈഡ് വെബ്ബ് കണ്ടുപിടിച്ചത്.

കണ്ടുപിടിച്ചെന്നു മാത്രമല്ല, ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ഇത് സൗജന്യമായി ഉപയോഗിക്കാനുള്ള സാഹചര്യവും അദ്ദേഹം ഉണ്ടാക്കിക്കൊടുത്തു. ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ ഇന്ന് ഇന്റർനെറ്റ് എന്നത് വളരെ ചുരുക്കം ചിലരുടെ കൈയ്യിലെ വിലപിടിപ്പുള്ള വസ്തുവായി മാറിയേനെ!

30 വർഷം മുൻപ്, യൂറോപ്യന്‍ ന്യൂക്ലിയർ പരീക്ഷണശാലയായ 'സേണി'ല്‍ (CERN) ജോലി നോക്കുന്ന സമയത്താണ് ബേണേഴ്‌സ്-ലീ വേള്‍ഡ് വൈഡ് വെബ്ബ് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. ഒരു ഡിസെൻട്രലൈസ്ഡ് ഇൻഫോർമേഷൻ മാനേജ്മെന്റ് സംവിധാനം എന്ന നിലയ്ക്കാണ് അദ്ദേഹം അന്ന് ഈ ആശയം അവതരിപ്പിച്ചത്.

അന്ന് ഇന്റർനെറ്റ് എന്നത് പ്രതിരോധ, വിദ്യാഭ്യാസ മേഖലകളിലെ സ്ഥാപങ്ങൾക്കായി മാത്രമുള്ള കംപ്യൂട്ടറുകളുടെ ഒരു ശൃംഖലയായിരുന്നു. കംപ്യൂട്ടറുകളെ ബന്ധിപ്പിക്കാനും ഒരു ബ്രൗസറിന്റെ സഹായത്തോടെ വിവിധ കംപ്യൂട്ടറുകളിലെ വിവരം ലഭ്യമാക്കാനും സഹായിക്കുന്ന ഇന്റർനെറ്റ് അധിഷ്ഠിത ഹൈപ്പർ ടെക്സ്റ്റ് സംവിധാനം ബേണേഴ്‌സ്-ലീ വികസിപ്പിച്ചെടുത്തു. ഈ കണ്ടുപിടിത്തത്തിന്റെ മുപ്പതാം വാർഷികമാണ് സേണിനൊപ്പം ലോകവും മാർച്ച് 12ന് ആഘോഷിക്കുന്നത്.

അതിനായുള്ള കമ്പ്യൂട്ടര്‍ ഭാഷയായ 'ഹൈപ്പര്‍ടെക്സ്റ്റ് മാര്‍ക്കപ്പ് ലാംഗ്വേജ്' (HTML), ഹൈപ്പര്‍ടെക്സ്റ്റ് ട്രാന്‍സ്‌ഫെര്‍ പ്രോട്ടോക്കോള്‍ (http), യൂണിഫോം റിസോഴ്‌സ് ലൊക്കേറ്റര്‍ (URL) എന്നിവയെല്ലാം ബേണേഴ്‌സ്-ലീ വികസിപ്പിച്ചെടുത്തവയാണ്.

താന്‍ നടത്തിയ കണ്ടെത്തല്‍ ലോകമെമ്പാടുമുള്ളവർ എക്കാലവും സൗജന്യമായി ഉപയോഗിക്കണം എന്ന് നിർബന്ധമുള്ളതുകൊണ്ട് സേണിനെക്കൊണ്ട് അതിനാവശ്യമായ സുപ്രധാന കരാറില്‍ ബേണേഴ്‌സ്-ലീ ഒപ്പുവെപ്പിച്ചു!

ഇന്ന് ഇന്റർനെറ്റ് യാതൊരു തടസവും കൂടാതെ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അതിന് നാം കടപ്പെട്ടിരിക്കുന്നത് ബേണേഴ്‌സ്-ലീ വ്യക്തിയോടാണ്. ലോകത്തെ ജനസംഖ്യയിൽ പകുതിയും ഇന്ന് ഓൺലൈൻ ആണ്. ഏകദേശം 2 ദശലക്ഷം വെബ്സൈറ്റുകളാണ് ആകെയുള്ളത്.

വെബ്ബിന്റെ പ്രവർത്തനം സുതാര്യവും കുറ്റമറ്റതുമാണെന്ന് ഉറപ്പാക്കുന്ന വേൾഡ് വൈഡ് വെബ് കൺസോർഷ്യത്തിന്റെ (W3C) ഡയറക്ടറാണദ്ദേഹമിപ്പോൾ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it