നിങ്ങള്‍ക്കുണ്ടോ 'സെഡ്' സര്‍ട്ടിഫിക്കേഷന്‍?

പ്രൊഫ. വര്‍ക്കി പട്ടിമറ്റം

എം.എക്കാരനേക്കാള്‍ അറിവുള്ള മിടുക്കന്‍. പക്ഷേ, അയാളെ ആരും ജോലിക്ക് പരിഗണിക്കുന്നില്ല. കാരണം പത്താംക്ലാസ് പാസായിട്ടില്ല. ഇതേ അവസ്ഥയിലുള്ള പല സ്ഥാപനങ്ങളുമുണ്ട്. എത്ര ഉന്നത നിലവാരമുള്ള കമ്പനിയാണെങ്കിലും അധികാരികളുടെ യോഗ്യതാപത്രമില്ലെങ്കില്‍ ഇടപാടുകാര്‍ക്ക് അവരെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടാണ് ഉല്‍പ്പന്ന ഗുണനിലവാരം സാക്ഷ്യപ്പെടുത്താന്‍ കടഛ : 9000, മലിനീകരണ നിയന്ത്രണം സാക്ഷ്യപ്പെടുത്താന്‍ കടഛ: 4000, ഐ.റ്റി സുരക്ഷ ഉറപ്പാക്കാന്‍ കടഛ: 27000 തുടങ്ങിയ സര്‍ട്ടിഫിക്കേഷനുകള്‍ സ്ഥാപനങ്ങള്‍ കരസ്ഥമാക്കുന്നത്. ഇത് ഓരോന്നും നേടാന്‍ ഏറെ പ്രയത്‌നവും ധാരാളം പണവും വേണം. തന്മൂലം ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് അവരുടെ യോഗ്യതകള്‍ ഇടപാടുകാരിലേക്ക് ഇങ്ങനെ എത്തിക്കുക എളുപ്പമല്ല.

ഈ ബുദ്ധിമുട്ടിന് പരിഹാരമായി കേന്ദ്ര സര്‍ക്കാര്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളുള്‍പ്പടെ ഒരു സാധാരണ കമ്പനിക്ക് വേണ്ട എല്ലാ ഗുണഗണങ്ങളും ഒറ്റയടിക്ക് സാക്ഷ്യപ്പെടുത്താനുള്ള 'സെഡ്' (ZED) സര്‍ട്ടിഫിക്കേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വളരെ ലളിതവും പ്രായോഗികവുമായ ഒന്നാണ്. ഇത് കരസ്ഥമാക്കിയവര്‍ക്ക് മുമ്പുപറഞ്ഞ വിവിധതരം സര്‍ട്ടിഫിക്കേഷനുകള്‍ നേടേണ്ടതില്ല.

എന്താണ് 'സെഡ്'?

2016-ല്‍ MSME മന്ത്രാലയം ഏര്‍പ്പെടുത്തിയ ഈ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ (QCI) എന്ന ഏജന്‍സിയാണ്. ഏറ്റവും ഉയര്‍ന്ന ഗുണമേന്മയോടെ (Zero defect) ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള മാനദണ്ഡങ്ങളും പരിസ്ഥിതിക്ക് ഒട്ടും ദോഷമുണ്ടാക്കാത്ത നടപടിക്രമങ്ങളും (Zero Effect) പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് സെഡ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.

'Zero defect, Zero effect' എന്നതിനെ സൗകര്യാര്‍ത്ഥം ZED എന്നീ മൂന്നക്ഷരങ്ങളില്‍ ചുരുക്കിയെഴുത്താണ് 'സെഡ്' എന്ന പേരുണ്ടാക്കിയത്. കുറഞ്ഞ ഊര്‍ജ ഉപഭോഗം, ഉയര്‍ന്ന സുരക്ഷ, പരിസിഥിതി സംരക്ഷണം എന്നിവ ഉറപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഉയര്‍ന്ന ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനും ലാഭകരമായി പ്രവര്‍ത്തിക്കാനും സാധിക്കും. ഇത്തരം കമ്പനികളില്‍ കാര്യക്ഷമമായി ഉല്‍പ്പാദന പ്രക്രിയകളും മാനേജ്‌മെന്റ് സംവിധാനങ്ങളും നിലവിലുണ്ടായിരിക്കും. കാര്യക്ഷമതയുള്ള ജീവനക്കാരുമുണ്ടായിരിക്കും. ഇതെല്ലാം വിലയിരുത്തിയാണ് സെഡ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.

പ്രയോജനങ്ങളേറെ

സെഡ് സര്‍ട്ടിഫിക്കേഷന്‍ എല്ലാവരും അംഗീകരിക്കുന്ന ഒരു യോഗ്യതയാണ്. സ്ഥാപനത്തിന് ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിംഗ് ലഭിക്കാന്‍ ഇത് സഹായകമാണ്. പല ധനകാര്യസ്ഥാപനങ്ങളും സെഡ് സര്‍ട്ടിഫിക്കേഷനുള്ള കമ്പനികള്‍ക്ക് അര ശതമാനം കുറഞ്ഞ നിരക്കില്‍ വായ്പകള്‍ നല്‍കാറുണ്ട്. പ്രോസസിംഗ് ചാര്‍ജിലും ഇളവുകള്‍ നല്‍കാറുണ്ട്. കാര്യമായ പണച്ചെലവില്ലാതെ സെഡ് സര്‍ട്ടിഫിക്കേഷന്‍ നേടുന്ന കമ്പനികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ലാഭക്ഷമത വര്‍ധിക്കുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വെണ്ടര്‍ അസസ്‌മെന്റ് നടത്താതെ തന്നെ ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കും. ദേശീയ നിലവാരത്തിലുള്ള ഒരു സര്‍ട്ടിഫിക്കേഷന്‍ ആയതിനാല്‍ ആഗോളതലത്തിലും ഇതിന് അംഗീകാരമുണ്ട്. കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ഇത് ഏറെ പ്രയോജനപ്രദമാണ്.

23000-ലേറെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ സെഡ് സര്‍ട്ടിഫിക്കേഷനുവേണ്ടി രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ട്. ഇവയില്‍ കേരളത്തില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ വളരെ വളരെ കുറവാണ്. കേരള സര്‍ക്കാര്‍ സെഡ് സര്‍ട്ടിഫിക്കേഷനുവേണ്ടി ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുമായി ധാരണാപത്രം ഒപ്പിട്ടതായി അറിവില്ല.

സെഡ് സര്‍ട്ടിഫിക്കേഷന്‍ നേടാന്‍ എന്ത് ചെയ്യണം? അതിനെപ്പറ്റി അടുത്ത ലക്കത്തില്‍

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it