ഇന്ത്യയില്‍ കൂടുതല്‍ പേരെ നിയമിക്കാന്‍ സൂം ,വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു

പ്രമുഖ വീഡിയോ കോണ്‍ഫറന്‍സിംങ് ആപ്ലിക്കേഷനായ സൂം ഇന്ത്യയിലെ തങ്ങളുടെ സ്വീകാര്യത നിലനിര്‍ത്താന്‍ വലിയ നിക്ഷേപത്തിനൊരുങ്ങുന്നു. ജിയോമീറ്റ് അടക്കമുള്ള ഇന്ത്യന്‍ ആപ്ലിക്കേഷനുകള്‍ സൂമിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇതു ചെറുക്കുക എന്നതാണ് സൂമിന്റെ ലക്ഷ്യം. ചൈനീസ് വേരുകളുള്ള ആപ്ലിക്കേഷനുകള്‍ക്ക് ഇന്ത്യയില്‍ ഭാവിയില്ലെന്ന തിരിച്ചറിവില്‍ കമ്പനിയുടെ ചൈനീസ് ബന്ധമെന്ന പ്രചാരണം ചെറുക്കുകയും കമ്പനിയുടെ ലക്ഷ്യമാണ്. സൂമിന്റെ ചൈനാ ബന്ധം മിഥ്യാധാരണ മാത്രമാണെന്ന് കമ്പനിയുടെ പ്രോഡക്റ്റ് ആന്‍ഡ് എന്‍ജിനീയറിംഗ് പ്രസിഡന്റ് വേല്‍ച്ചാമി ശങ്കര്‍ലിങ്കം പറയുന്നു. നാസ്ഡാക്കില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള യുഎസ് കമ്പനിയാണ് സൂമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ഇന്ത്യ സൂമിന്റെ മികച്ച വിപണിയാണെന്നും തുടര്‍ന്നും അങ്ങനെയായിരിക്കുമെന്നും അദ്ദേഹം പറയുന്നു. 'അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ വന്‍തോതിലുള്ള നിക്ഷേപ പദ്ധതികള്‍ സൂം ആസൂത്രണം ചെയ്തിട്ടുണ്ട്. അതോടൊപ്പം ഈ മേഖലയില്‍ നിന്നുള്ള കൂടുതല്‍ പ്രതിഭകളെ കമ്പനിയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യും, ' വേല്‍ച്ചാമി പറയുന്നു. ഇന്ത്യന്‍ ബിസിനസ്, സര്‍ക്കാര്‍ ഏജന്‍സികള്‍, കമ്മ്യൂണിറ്റികള്‍, സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങി നിരവധി മേഖലകളിലുള്ളവര്‍ക്ക് സൂം ഏറെ ഉപകാരപ്രദമാകുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സൂമിന്റെ ചീഫ് ഓപറേറ്റിംഗ് ഓഫീസറായ അപര്‍ണ ബാവ, കോര്‍പ്പറേറ്റ് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുനില്‍ മദന്‍ എന്നിവര്‍ ഇന്ത്യക്കാരാണ്.

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ വന്നപ്പോഴാണ് സൂമിന് പ്രചുരപ്രചാരം ലഭിച്ചത്. ഒരാഴ്ച മുമ്പ് റിലയന്‍സ് അവതരിപ്പിച്ച ജിയോമീറ്റ് എന്ന ആപ്ലിക്കേഷന്‍ സൂമിന് ഭീഷണിയുമായി വ്യാപകമായി ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നുണ്ട്. ഇതിനകം പത്തു ലക്ഷത്തിലേറെ പേരാണ് ജിയോമീറ്റ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കാനുള്ള സൂമിന്റെ തീരുമാനം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it