ചൈനീസ് കുതിപ്പും ട്രംപിന്റെ കിതപ്പും വിപണിക്കു തുണ, ബാങ്കുകളെ സൂക്ഷിക്കണം!

ചൈന ഇന്നു പുറത്തുവിടുന്ന ജിഡിപി കണക്കിലെ വളര്‍ച്ച പ്രതീക്ഷയിലും മെച്ചമായാല്‍ ഓഹരി വിപണികള്‍ വീണ്ടും ബുള്‍ തരംഗത്തിലാകും.അമേരിക്കയില്‍ പ്രസിഡന്റ് ട്രംപിന്റെ നില മോശമായതും കോവിഡ് വാക്‌സിന്‍ ജനുവരിയോടെ അംഗീകരിക്കപ്പെടുമെന്ന പ്രതീക്ഷയും വിപണികളെ സഹായിക്കുന്നു. വിദേശ നിക്ഷേപകര്‍ കൂടുതല്‍ ഡോളറുമായി വരുന്നതില്‍ പ്രതീക്ഷയര്‍പ്പിച്ചാണു ഇന്ത്യന്‍ വിപണി ഇന്ന് തുറക്കുക. ഏഷ്യന്‍ വിപണികള്‍ മികച്ച തുടക്കമിട്ടതും അമേരിക്കന്‍ സൂചികകളുടെ അവധി വ്യാപാരം ഉണര്‍വ് സൂചിപ്പിക്കുന്നതും വിപണിയെ സഹായിക്കും.

വെള്ളിയാഴ്ച ഓഹരി സൂചികകള്‍ ഉയര്‍ന്നു ക്ലോസ് ചെയ്‌തെങ്കിലും അനിശ്ചിതത്വമായിരുന്നു വിപണിയില്‍. എന്നാല്‍ യൂറോപ്പും പിന്നീട് അമേരിക്കയും ഉയര്‍ന്നതോടെ ആശങ്കകള്‍ കുറഞ്ഞു.

ഒരു തിരുത്തലിലേക്കു സൂചികകള്‍ പോകുമോ എന്ന സംശയം പാടേ മാറിയിട്ടില്ല. താഴെ 11,666 ല്‍ നിഫ്റ്റി ശക്തമായ താങ്ങ് കാണുന്നുണ്ട്. ഇന്നു 11850 കടക്കാനായാല്‍ ബുള്‍ തരംഗത്തിന്റ തുടര്‍ക്കഥ രചിക്കാനാകുമെന്നു ബുള്ളുകള്‍ കരുതുന്നു. എസ് ജി എക്‌സ് നിഫ്റ്റി രാവിലെ നല്ല ഉയര്‍ച്ചയിലായതും ബുള്ളുകളെ ആവേശം കൊള്ളിക്കുന്നു.

* * * * * * * *

ചില ശുഭവാര്‍ത്തകള്‍

ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും ഉത്സവകാല വ്യാപാരത്തിന്റെ തുടക്കം പൊടിപൊടിക്കുന്നുണ്ട്. വാഹന വിപണിയിലും നവരാത്രി തുടക്കം ടോപ് ഗിയറിലാണത്രെ. പറഞ്ഞു പറഞ്ഞു കച്ചവടം മെച്ചപ്പെടുത്തുന്ന തന്ത്രമാകാം തുടക്കത്തിലെ ശുഭവാര്‍ത്തകള്‍.

ഒക്ടോബര്‍ ആദ്യ പകുതിയില്‍ രാജ്യത്തെ വൈദ്യുതി ഉപയോഗം 11.5 ശതമാനം കൂടിയിട്ടുണ്ട്.

സെപ്റ്റംബറില്‍ രാജ്യത്തു കൊമേഴ്‌സ്യല്‍ പേപ്പര്‍ വില്‍പ്പന 50 ശതമാനം വര്‍ധിച്ചത് ഹ്രസ്വകാല വായ്പയ്ക്ക് ആവശ്യം കൂടിയെന്നു കാണിക്കുന്നു.

വലിയ നാല് ഐടി കമ്പനികള്‍ രണ്ടാം പാദത്തില്‍ 17,000 പേരെ പുതുതായി ജോലിക്കെടുത്തതും നല്ല വാര്‍ത്ത തന്നെ.

ഡിമാര്‍ട്ടിന്റെ പ്രൊമോട്ടര്‍മാരായ അവന്യു സൂപ്പര്‍ മാര്‍ട്ടിന്റെ റിസല്‍ട്ട് പല അപായസൂചനകളും നല്കുന്നു. കമ്പനിയുടെ രണ്ടാം പാദ വില്‍പ്പന 13 ശതമാനവും ലാഭം 37 ശതമാനവും താണു. ഏതാനും സ്റ്റോറുകള്‍ പൂട്ടേണ്ടി വന്നു. ഓണ്‍ലൈന്‍ കമ്പനികളും റിലയന്‍സും ഡി മാര്‍ട്ടിനെ ഞെരുക്കുന്നു എന്നു വ്യക്തം.

ഈയാഴ്ച

ചൈന സെപ്റ്റംബര്‍ പാദത്തിലെ ജിഡിപി കണക്ക് ഇന്നു പുറത്തുവിടും.

ബജാജ് ഓട്ടോ, ബജാജ് ഫിന്‍, എസ് ബി ഐ കാര്‍ഡ്‌സ്, അള്‍ട്രാടെക്‌സിമന്റ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവയുടെ രണ്ടാം പാദ റിസല്‍ട്ട് ഈയാഴ്ച വരും.

ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഐപിഒ നാളെ തുടങ്ങും. 500 കോടി രൂപയാണു സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്.

* * * * * * * *

സ്വര്‍ണം, ക്രൂഡ്

സ്വര്‍ണം 1902 ഡോളറിലാണ് ഇന്നു രാവിലെ ഏഷ്യന്‍ വിപണികളില്‍.
ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുന്നു . ബ്രെന്റ് ഇനം വീപ്പയ്ക്ക് 43 ഡോളറും ഡബ്‌ള്യു ടി ഐ ഇനം 41 ഡോളറുമായി.

* * * * * * * *

ബാങ്കുകളെ ശ്രദ്ധിക്കാം, സൂക്ഷിക്കാം.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ രണ്ടാം പാദ റിസല്‍ട്ട് മികച്ചതായി. എന്നാല്‍ ഇതു ബാങ്കിംഗ് മേഖലയുടെ പൊതു ചിത്രം നല്‍കുന്നതായി കണക്കാക്കാന്‍ പറ്റില്ല. പൊതുമേഖലാ ബാങ്കുകളുടെ ഫലം വ്യത്യസ്തമായ ഒരു ചിത്രമാകും നല്‍കുക.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ റീറ്റെയ്ല്‍ വായ്പ 5.3 ശതമാനമേ വളര്‍ന്നുള്ളൂ. രാജ്യത്തു ഡിമാന്‍ഡ് വര്‍ധിച്ചിട്ടില്ലെന്നതിനു വേറേ തെളിവ് ആവശ്യമില്ല.

കിട്ടാക്കട പ്രശ്‌നത്തിന്റെ രൂക്ഷത അനുഭവിക്കുന്ന ബാങ്കുകള്‍ പലതും ഉണ്ടെന്നതു മനസിലാക്കി വേണം നിക്ഷേപകര്‍ നീങ്ങാന്‍. മിക്ക ബാങ്കുകളും നാലാം പാദം വരെ പല നഷ്ടങ്ങളും ഒളിപ്പിച്ചു വച്ചെന്നു വരും.

* * * * * * * *

ചില കയറ്റുമതി കാര്യങ്ങള്‍

രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി ഈ ധനകാര്യ വര്‍ഷം 25 ശതമാനത്തോളം കുറയുമെന്നു ജെം ആന്‍ഡ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍. വിദേശത്തു നിന്നുള്ള ഓര്‍ഡര്‍ വര്‍ധിച്ചതായ കണക്കൊന്നും കൗണ്‍സില്‍ നല്‍കിയിട്ടില്ല. വികസിത രാജ്യങ്ങളിലെ വളര്‍ച്ചയും തിരിച്ചു കയറാത്ത നിലയ്ക്കു കൗണ്‍സിലിന്റേത് ശുഭപ്രതീക്ഷ എന്നതിനപ്പുറം ഒന്നായി കാണാനാവില്ല.

സെപ്റ്റംബറിലെ കയറ്റുമതി 10.2 ശതമാനം വര്‍ധിച്ചതു ചൂണ്ടിക്കാട്ടി കയറ്റുമതി രംഗം ഇംഗ്ലീഷിലെ വി (V) ആകൃതിയില്‍ തിരിച്ചു വരികയാണെന്ന് വസ്ത്ര കയറ്റുമതി പ്രോത്സാഹന കൗണ്‍സില്‍ (എ ഇ പി സി ). ഇതും നല്ല പ്രതീക്ഷ എന്നു കണക്കാക്കുന്നതാണ് സുരക്ഷിതം.

* * * * * * * *

ബൈഡനില്‍ പ്രതീക്ഷ വച്ചു വിപണി

വോട്ടിംഗിനു പതിനഞ്ചു ദിവസം മാത്രം ശേഷിച്ചിരിക്കെ അമേരിക്കന്‍ പ്രസിഡന്റ്് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മേല്‍ ഒന്‍പതു ശതമാനം ലീഡ് നേടിയിട്ടുണ്ട്. അഭിപ്രായ സര്‍വേകളുടെ ശരാശരിയാണിത്. പക്ഷേ സര്‍വേകളില്‍ വിശ്വസിക്കാന്‍ അധികം പേര്‍ക്കു ധൈര്യമില്ല. 2016-ല്‍ സര്‍വേകള്‍ ഹിലരി ക്ലിന്റണു വിജയം സൂചിപ്പിച്ചെങ്കിലും ഒടുവില്‍ ട്രംപാണു വിജയിച്ചത്. ഇത്തവണ ആ പരാജയം വരാത്ത രീതിയില്‍ സര്‍വേ ഘടന പരിഷ്‌കരിച്ചിട്ടുണ്ടെന്ന് സര്‍വേ സംഘാടകര്‍ പറയുന്നു. ഏതായാലും അമേരിക്കയിലും പുറത്തും വിപണികള്‍ ബൈഡന്റെ വിജയമാണ് ഇപ്പോള്‍ കണക്കിലെടുത്തിരിക്കുന്നത്. അതിനൊപ്പം ഡെമോക്രാറ്റുകള്‍ക്കു സെനറ്റില്‍ ഭൂരിപക്ഷം കിട്ടുമോ എന്നാണ് വിപണി നോക്കുന്നത്. സെനറ്റിന്റെ നിയന്ത്രണം കിട്ടിയാലേ ബൈഡനു തന്റെ നയങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനാവൂ. ബൈഡന്‍ ജയിച്ചാല്‍ അമേരിക്ക വലിയ ഉത്തേജക പദ്ധതി നടപ്പാക്കും. അതു വികസ്വര രാജ്യങ്ങളിലേക്കു കൂടുതല്‍ നിക്ഷേപം എത്തിക്കും .

* * * * * * * *

കോവിഡ് വീണ്ടും പടരുന്നതില്‍ ആശങ്ക

കോവിഡ് യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും വ്യാപകമായി പടരുകയാണ്. ഇതേ തുടര്‍ന്ന് ബ്രിട്ടന്‍ മുതല്‍ ഇറ്റലി വരെയുള്ള രാജ്യങ്ങളില്‍ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തി. പല രാജ്യങ്ങളിലും ആദ്യഘട്ടത്തിലേക്കാള്‍ കൂടുതല്‍ രോഗികള്‍ ഇപ്പോള്‍ ഉണ്ട്. എന്നാല്‍ മരണ നിരക്ക് കുറവാണെന്ന ആശ്വാസമുണ്ട്.

ശീതകാലം വരാനിരിക്കെ കോവിഡ് വ്യാപിക്കുന്നത് ആശങ്ക വളര്‍ത്തുന്നു. കാരണം ശീതകാലത്തു കോവിഡ് വൈറസിനു കൂടുതല്‍ കരുത്തുണ്ടെന്നാണു നിഗമനം.

നിയന്ത്രണങ്ങള്‍ വീണ്ടും വരുമ്പോള്‍ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും കുറയും എന്ന ഭീതി ഇപ്പോള്‍ വികസിത രാജ്യങ്ങളിലും ഉണ്ട്.

* * * * * * * *

തീവ്രമാന്ദ്യത്തിലെന്നു ലോകബാങ്കിന്റെ മുന്നറിയിപ്പ്

ലോകം 1930-കള്‍ക്കു ശേഷമുള്ള ഏറ്റവും തീവ്രമായ സാമ്പത്തിക മാന്ദ്യത്തിലാണെന്ന മുന്നറിയിപ്പ് ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മല്‍പാസിന്റേതാണ്. അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ മല്‍പാസ് റിപ്പബ്ലിക്കന്മാര്‍ക്ക് പിടിക്കാത്ത പല കാര്യങ്ങളും ലോകബാങ്ക് - ഐ എം എഫ് വാര്‍ഷിക യോഗത്തില്‍ പറഞ്ഞു. ദരിദ്ര രാജ്യങ്ങളുടെ കടം ഇളവു ചെയ്തു കൊടുക്കണമെന്നതാണ് ഒരു കാര്യം. രാജ്യങ്ങള്‍ കൂടുതല്‍ പണം ദരിദ്രവിഭാഗങ്ങളെ സംരക്ഷിക്കാനും വരുമാനം ഉറപ്പാക്കാനും ചെലവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

* * * * * * * *

ക്രിസ്റ്റലീന പറഞ്ഞതു നിര്‍മല കേള്‍ക്കുമോ?

ബള്‍ഗേറിയയിലെ ഗെര്‍ഡ് എന്ന യാഥാസ്ഥിതിക പാര്‍ട്ടിയിലെ അംഗമാണ് ഐ എം എഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവ. അവരും യാഥാസ്ഥിതികര്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യം പറഞ്ഞു. സര്‍ക്കാരുകള്‍ കൂടുതല്‍ കടമെടുത്ത് കോവിഡ് കാലത്തെ മാന്ദ്യം മൂലം തകര്‍ന്ന സമ്പദ്ഘടനകളെ സംരക്ഷിക്കണം.

കടം കൂടുമെന്നു പറഞ്ഞ് വലിയ ഉത്തേജക പദ്ധതി വേണ്ടെന്നു വയ്ക്കുന്ന കേന്ദ്ര സര്‍ക്കാരും ധനമന്ത്രി നിര്‍മല സീതാരാമനും ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടോ? ഉത്തേജക പദ്ധതി മാന്ദ്യകാലത്തെ വാക്‌സിന്‍ അല്ലെന്നു പറഞ്ഞത് കേന്ദ്ര ധനമന്ത്രാലയത്തിലെ വ്യയ വിഭാഗം സെക്രട്ടറി ടി.വി.സോമനാഥനാണ്. മന്ത്രാലയത്തിന്റെ കാഴ്ചപ്പാടാകുമല്ലോ സെക്രട്ടറിയിലൂടെ പുറത്തുവന്നത്.

* * * * * * * *

ദാരിദ്ര്യ സൂചികയിലും ഇന്ത്യ നാണം കെടുന്നു.

ജിഡിപി തളര്‍ച്ചയുടെയും ആളോഹരി വരുമാനത്തിന്റെയും കാര്യത്തിലെ നാണക്കേടിനു പിന്നാലെ മറ്റൊന്ന്. ആഗോള വിശപ്പ് സൂചിക ( Global Hunger Index) യില്‍ ഇന്ത്യ അയല്‍ക്കാരുടെയെല്ലാം പിന്നിലായി. 107 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 94. ശ്രീലങ്ക (64), നേപ്പാള്‍ (73), ബംഗ്ലാദേശ് (75) , മ്യാന്‍മര്‍ (78), പാക്കിസ്ഥാന്‍ (88) എന്നിവയൊക്കെ ഇന്ത്യയേക്കാള്‍ ഉയര്‍ന്ന സ്ഥാനത്താണ്. 2015-19 കാലത്തെ കണക്കുകള്‍ വച്ചു കൊണ്ടാണ് സൂചിക തയാറാക്കിയത്. ഓഹരി സൂചികകള്‍ കുതിച്ചു പായുമ്പോള്‍ രാജ്യത്തെ യാഥാര്‍ഥ്യങ്ങളുടെ ഇത്തരം കണക്കുകള്‍ കൂടി ഓര്‍ക്കുന്നതു നന്നായിരിക്കും.

* * * * * * * *

ഇന്നത്തെ വാക്ക് : പിപിപി

ക്രയശേഷി സന്തുലനം ( പര്‍ച്ചേസിംഗ് പവര്‍ പിരിറ്റി) കറന്‍സികളുടെ വിനിമയ നിരക്കിലെ ചില അപാകതകള്‍ മറികടക്കാനുള്ള സങ്കേതമാണ്. ഡോളറിന് 74 രൂപ എന്ന നിരക്ക് യഥാര്‍ഥ ജീവിത നിലവാരത്തില്‍ ശരിയല്ല എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ സങ്കല്പനം. ബര്‍ഗറിന്റെയോ കാപ്പിയുടെയോ വില താരതമ്യം ചെയ്താല്‍ ഡോളറിന് ഒരു പക്ഷേ 20 രൂപയേ വിലമതിക്കേണ്ടതുള്ളൂ. ഇങ്ങനെ യഥാര്‍ഥ കൈമാറ്റ നിരക്ക് പി പി പി വഴി നിര്‍ണയിച്ചു ജി ഡി പി കണക്കുകൂട്ടുന്നതാണു പിപിപി അടിസ്ഥാനത്തിലുളള ജി ഡി പി നിര്‍ണയം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it