അംബാനിക്കു തിരിച്ചടി, ഇൻഡസ് ഇൻഡ് ബാങ്കിൽ നോട്ടമിട്ട് കൊട്ടക് ബാങ്ക് : വാൾമാർട്ടും ബിർലയും സഖ്യത്തിലാകുമ്പോൾ

വിപണി സൂചികകൾ പ്രതിവാര നേട്ടം കാണിച്ചെങ്കിലും അനിശ്ചിതത്വം പ്രകടമാക്കിയാണു കഴിഞ്ഞയാഴ്ച കടന്നു പോന്നത്. ഇന്നു വീണ്ടും അനിശ്ചിതത്വങ്ങളും ആശങ്കകളും അന്തരീക്ഷത്തിൽ ഉള്ളതു നിക്ഷേപകർക്ക് അവഗണിക്കാനാവില്ല. ഈ അനിശ്ചിതത്വം എസ് ജി എക്സ് നിഫ്റ്റിയും പ്രകടിപ്പിക്കുന്നു.

ഫ്യൂച്ചറിൻ്റെ റീറ്റെയ്ൽ ബിസിനസ് ഏറ്റെടുക്കാനുള്ള റിലയൻസിൻ്റെ നീക്കത്തിനു ലഭിച്ച തിരിച്ചടി, യു എസ് ഉത്തേജക പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലായത്, യു എസ് തെരഞ്ഞെടുപ്പി നെ ചൊല്ലിയുള്ള ആശങ്ക, ക്രൂഡ്, സ്വർണ വില കളിലെ ഇടിവ്, യു എസ് സൂചികകളുടെ അവധിവിലകൾ താഴോട്ടു പോയത് തുടങ്ങിയവയൊക്കെ ഇന്നു വിപണിയെ ബാധിക്കാവുന്ന ഘടകങ്ങളാണ്. വിദേശ ഫണ്ടുകൾ ഡോളർ സഞ്ചികളുമായി കാത്തു നിൽക്കുന്നതാണ് വിപണിയെ സന്തോഷിപ്പിക്കുന്ന പ്രധാന ഘടകം.

* * * * * * * *

ഫ്യൂച്ചർ ഇടപാടിനു സ്റ്റേ

ഫ്യൂച്ചർ ഗ്രൂപ്പിൻ്റെ റീറ്റെയ്ൽ ബിസിനസ് സ്വന്തമാക്കാനുള്ള റിലയൻസിൻ്റെ നീക്കത്തിനു താൽക്കാലിക തിരിച്ചടി. സിംഗപ്പൂരിലെ ഏകാംഗ ആർബിട്രേറ്റർ പ്രശ്നത്തിൽ തീർപ്പുണ്ടാക്കുന്നതു വരെ ഇടപാട് സ്റ്റേ ചെയ്തു. ഫ്യൂച്ചറിൽ നേരത്തേ മുതൽ മുടക്കിയ ആമസോൺ ആണ് ഇടപാടിനെ ചോദ്യം ചെയ്തത്.

റിലയൻസിനു മാത്രമല്ല ഫ്യൂച്ചർ ഗ്രൂപ്പിനു വായ്പ നൽകിയ ബാങ്കുകൾക്കും സ്റ്റേ വിഷയമാകും. 35000 കോടി രൂപയുടെ കടബാധ്യത മൂലമാണു കിഷോർ ബിയാനിയുടെ ഫ്യൂച്ചർ മുഖ്യ ബിസിനസ് വിൽക്കാൻ ശ്രമിക്കുന്നത്. ഈ വിൽപന നടന്നില്ലെങ്കിൽ പല ബാങ്കുകൾക്കും വലിയ നഷ്ടം നേരിടും.

* * * * * * * *

ഇൻഡസ് ഇൻഡ് ബാങ്കിൽ നോട്ടമിട്ട് കൊട്ടക് ബാങ്ക്

ഉദയ് കൊട്ടക് നയിക്കുന്ന കൊട്ടക് മഹീന്ദ്ര ബാങ്ക് ഹിന്ദുജാമാരുടെ ഇൻഡസ് ഇൻഡ് ബാങ്കിനെ ഏറ്റെടുക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. ബ്ലൂംബെർഗിൻ്റെ റിപ്പോർട്ട് ഹിന്ദുജാ വക്താക്കൾ നിഷേധിച്ചിട്ടുണ്ട്. കുറേക്കാലമായി ഇൻഡസ് ഇൻഡിൻ്റെ വായ്പകളിൽ പ്രശ്ന കടങ്ങൾ കൂടി വരികയാണ്. ഹിന്ദുജാ കൂട്ടുകുടുംബത്തിൽ മൂത്ത സഹോദരൻ എസ്.പി.ഹിന്ദുജ മറ്റു മൂന്നു പേരുമായി വലിയ ഉടക്കിലാണ്. ഇൻഡസ് ഇൻഡ് ബാങ്ക് സ്വന്തമാക്കാനാണ് എസ്.പിയും പുത്രിമാരും ശ്രമിക്കുന്നത്. തകർച്ചയിലായ ഐ എൽ ആൻഡ് എഫ് എസിനു ഭീമമായ വായ്പ നൽകിയതു വഴി ഇൻഡസ് ഇൻഡിനു വലിയ നഷ്ടം വന്നു. ബാങ്കിൻ്റെ വിപണി മൂല്യം ഒരു വർഷത്തിനിടെ 60 ശത്മാനം ഇടിഞ്ഞു.

നേരത്തേ ഐഎൻജി ബാങ്കിനെ ഏറ്റെടുത്തു പരിചയമുള്ളതാണ് കൊട്ടക് മഹീന്ദ്ര ബാങ്ക്.

* * * * * * * *

വാൾമാർട്ടും ബിർലയും സഖ്യത്തിലാകുമ്പോൾ

അമേരിക്കൻ റീട്ടെയിൽ ഭീമൻ വാൾമാർട്ടിൻ്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട് ആദിത്യ ബിർല ഫാഷൻ ആൻഡ് റീട്ടെയ്ലിൽ 7.8 ശതമാനം ഓഹരി എടുത്തു. 1500 കോടി രൂപ ഇതിനു മുടക്കും.

ഓൺലൈൻ ഫാഷൻ വസ്ത്രവിൽപനയിൽ 70 ശതമാനവും ഫ്ലിപ്കാർട്ട് - മൈന്ത്രയ്ക്കാണ്. ഇതു നിലനിർത്താനും ഓഫ് ലൈൻ സ്റ്റോറുകളിൽ വളരാനും ഇതു ഫ്ലിപ്കാർട്ടിനെ സഹായിക്കും. ലൂയി ഫിലിപ്പ്, വാൻ ഹ്യൂസൻ, അലൻ സോളി, പീറ്റർ ഇംഗ്ലണ്ട്, പാൻറലൂൺസ് തുടങ്ങിയ മുൻനിര ബ്രാൻഡുകൾ ഫ്ലിപ്കാർട്ടിനു ബലമാകും.

രാജ്യത്തു 3031 സ്‌റ്റോറുകളുണ്ട് ഈ ബ്രാൻഡുകൾക്ക്. മൊത്തം 80 ലക്ഷം ചതുരശ്ര അടി. 25000 ലേറെ മൾട്ടി ബ്രാൻഡ് കടകളിലും 6500 ഡിപ്പാർട്ട്മെൻ്റ് സ്റ്റോറുകളിലും ഈ ബ്രാൻഡുകൾ ഉണ്ട്.

* * * * * * * *

റീട്ടെയിലും കുത്തകയിലേക്ക്

മൊബൈൽ ടെലിഫോണിയിൽ സംഭവിച്ചത് രാജ്യത്തെ റീട്ടെയിൽ വ്യാപാര മേഖലയിലും സംഭവിക്കാൻ പോവുകയാണ്. അമേരിക്കൻ കമ്പനികളായ ആമസോണും വാൾമാർട്ടും (ഫ്ലിപ്കാർട്ട് ) ഇന്ത്യൻ കമ്പനി റിലയൻസും മാത്രമായിരിക്കും റീട്ടെയിലിൽ (ഓൺലൈനിലും ഓഫ് ലൈനിലും) രാജ്യത്തു ശേഷിക്കുക എന്നു പറയാവുന്ന വിധമാണു കാര്യങ്ങൾ പോകുന്നത്.

ആദിത്യ ബിർല ഗ്രൂപ്പിൻ്റെ മോർ ശൃംഖല ആമസോൺ സ്വന്തമാക്കിയിരുന്നു. ഫ്യൂച്ചർ ഗ്രൂപ്പിൻ്റെ റീട്ടെയിൽ വിഭാഗം റിലയൻസിനു വിറ്റു. ഫ്യൂച്ചറിൽ നേരത്തേ പണം നിക്ഷേപിച്ച ആമസോൺ ഇതിനെ ചോദ്യം ചെയ്തിട്ടുണ്ട്. അതിൻ്റെ ഫലമെന്തായാലും ഫ്യൂച്ചർ യൂണിറ്റുകൾ ഏതെങ്കിലും ഭീമൻ്റെ കൈയിലാകും.

ഇപ്പോൾ സ്വതന്ത്രമായി നിൽക്കുന്ന അവന്യു സൂപ്പർ മാർട്ടിൻ്റെ ഡിമാർട്ട് സ്‌റ്റോറുകൾ എത്ര കാലം പിടിച്ചു നിൽക്കുമെന്നതു കണ്ടറിയണം. റീറ്റെയ്ലിലെ ചെറിയൊരു നയം മാറ്റമേ യു എസ് കുത്തകകൾക്കു നേരിട്ടു സ്റ്റോറുകൾ തുടങ്ങാനായി വേണ്ടൂ. മിക്ക സ്വദേശി ശൃംഖലകളും വമ്പന്മാരുടെ കൈയിലായതോടെ ആ മാറ്റത്തിന് ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്നു കരുതാം.

ഓൺലൈനിലും ഇതേ കുത്തകകൾ തന്നെയാകും ശേഷിക്കുക. ടാറ്റാ ഗ്രൂപ്പ് റീറ്റെയിലിൽ പല പദ്ധതികൾ ഒരുക്കുന്നുണ്ടെങ്കിലും അവ വേണ്ടത്ര ഫലപ്രദമായി കാണുന്നില്ല.

മിന്ത്രയും ആദിത്യ ബിർല ഫാഷനുമൊക്കെ വാൾമാർട്ടിൻ്റെ കുടക്കീഴിലായത് സ്വദേശി സംരംഭങ്ങൾക്കുള്ള പരിമിതികൾ എടുത്തുകാട്ടുന്നു. ഫ്ലിപ്കാർട്ടും മോറും വിദേശികൾക്ക് വിറ്റതിൻ്റെ സന്ദേശവും മറ്റൊന്നല്ല.

* * * * * * * *

അതിസമ്പന്നർക്കു പാപ്പർ അനുജന്മാർ

അതിസമ്പന്നരുടെ ഇളയ സഹോദരന്മാർക്ക് ഇതു നാണക്കേടിൻ്റെ കാലം. ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ മുകേഷ് അംബാനി. അദ്ദേഹത്തിൻ്റെ ഇളയ സഹോദരൻ അനിൽ അംബാനി ലണ്ടനിൽ പാപ്പർ ഹർജി നേരിടുന്നു.

ഇന്ത്യൻ സമ്പന്നരിൽ പത്താം സ്ഥാനത്തുള്ള ലക്ഷ്മി മിത്തലിൻ്റെ ഇളയ സഹോദരൻ പ്രമോദ് മിത്തലിനെ മറ്റൊരു ലണ്ടൻ കോടതി പാപ്പരായി പ്രഖ്യാപിച്ചു.

അനുജന്മാർ സ്വന്തം ബി സിനസുകൾ നടത്തിയാണു കടം കയറി തകർന്നത്. ചേട്ടന്മാരുമായി ഇണക്കത്തിലുമായിരുന്നില്ല അവർ.

* * * * * * * *

ക്രൂഡ്, സ്വർണം താണു

ആഗോള സമ്പദ്ഘടന 2021-ലും കടുത്ത വെല്ലുവിളി നേരിടുമെന്ന റിപ്പോർട്ടുകൾ ക്രൂഡ് ഓയ്ൽ വില താഴ്ത്തി. ബ്രെൻ്റ് ഇനം വീപ്പയ്ക്കു 41.22 ഡോളറും ഡബ്ല്യു ടി ഐ ഇനം 39. 27 ഡോളറുമായി താണു .

* * * * * * * *

സ്വർണ വില ഔൺസിന് 1897 ഡോളറായി കുറഞ്ഞു.

ഡോളർ കഴിഞ്ഞയാഴ്ച 73.62 രൂപ വരെ ഉയർന്നു. രൂപ അൽപം താഴുന്നതിനു റിസർവ് ബാങ്ക് മൗനാനുവാദം നല്കുന്നതായാണു സൂചന.

എസ് ജി എക്സ് നിഫ്റ്റി രാവിലെ നേരിയ കയറ്റിറക്കങ്ങൾ കാണിച്ചു. ഇന്ത്യൻ വിപണിക്കു തുടക്കം ദുർബലമാകാൻ സാധ്യതയുണ്ട്.

* * * * * * * *

തികച്ചും സാങ്കേതികം

കഴിഞ്ഞയാഴ്ച 11,930 ൽ ക്ലോസ് ചെയ്ത നിഫ്റ്റി മുൻ വാരങ്ങളിലേതു പോലെ 12,040-ൽ ശക്തമായ തടസം നേരിടുന്നുണ്ട്. അതു മറികടന്നാലേ 12, 200 മേഖലയിലേക്കു കടക്കാനാവൂ. 12,040 ഭേദിക്കാനായില്ലെങ്കിൽ 11,800 നു താഴോട്ടു വീണെന്നു വരും. അതു തിരുത്തലിലേക്കു വഴി തെളിക്കാനും ഇടയുണ്ട്.

* * * * * * * *

ട്രംപും സെനറ്റും ചിന്താവിഷയം

ഒരാഴ്ച കൂടിയേ ഉള്ളൂ അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന്. പ്രസിഡൻ്റ് ഡോണൾഡ് ട്രം പിന് നില മോശമാണെന്നാണു സർവേകൾ കാണിക്കുന്നത്. നാലു വർഷം മുമ്പും ട്രംപ് പിന്നിലാണെന്നായിരുന്നു സർവേ ഫലങ്ങൾ. പക്ഷേ ഒടുവിൽ ട്രം പ് ജയിച്ചു. ഇത്തവണ അങ്ങനെ സംഭവിക്കില്ലെന്നു ഡെമോക്രാറ്റിക് പാർട്ടിയും അവരുടെ സ്ഥാനാർഥി ജോ ബൈഡനും വിശ്വസിക്കുന്നു.

ബൈഡൻ ജയിക്കുന്നതോടൊപ്പം സെനറ്റിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടുക കൂടി ചെയ്താലേ ബൈഡൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ചെയ്യാനാവൂ. മറിച്ചു ട്രം പാണു ജയിക്കുന്നതെങ്കിൽ വിപണിയുടെ കണക്കുകൂട്ടലുകൾ പാടേ തെറ്റും. അത് ഓഹരികളിൽ വലിയ വിൽപന സമ്മർദമുണ്ടാക്കും. ആരു ജയിച്ചാലും സാമ്പത്തിക വളർച്ച തിരിച്ചു കയറ്റുക എളുപ്പമാവില്ല.

* * * * * * * *

ചൈനീസ് ഉണർവ് ലോഹങ്ങൾക്കു വില കൂട്ടുന്നു

ചൈനയിൽ വ്യവസായ വളർച്ച ജിഡിപി വളർച്ചയേക്കാൾ മെച്ചമാണ് . ജിഡിപി 4.9 ശതമാനം വളർന്നപ്പോൾ വ്യവസായ ഉൽപാദനം 6.9 ശതമാനം കൂടി. ഇതിൻ്റെ വലിയ പ്രതികരണം വ്യാവസായിക ലോഹങ്ങളുടെ വിലയിലാണു കാണുന്നത്. ചെമ്പ് വില എട്ടുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ്. ചെമ്പ് വില ടണ്ണിന് 7000 ഡോളറിലേക്കു നീങ്ങുകയാണ്. അലൂമിനിയം 1900 ഡോളറും നിക്കൽ 16,000 ഡോളറും സിങ്ക് 2700 ഡോളറും ടിൻ 20,000 ഡോളറും കടന്നേക്കും.

* * * * * * * *

വിദേശനാണ്യശേഖരം റിക്കാർഡാകുന്നതിനു പിന്നിൽ

റിസർവ് ബാങ്കിൻ്റെ വിദേശനാണ്യ ശേഖരം 55, 512 കോടി ഡോളർ എന്ന റിക്കാർഡിലെത്തി. ഇതേ സമയം രൂപയുടെ വിനിമയ നിരക്ക് താണു.

രാജ്യത്തേക്കു പല രീതിയിലും ഡോളർ ഒഴുകുന്ന സമയമാണിത്. ഒക്ടോബറിൽ രണ്ടാഴ്ച കൊണ്ട് 15,000 കോടിയിലേറെ രൂപയാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിച്ചത്. ഇങ്ങനെ അനുകൂല സാഹചര്യമുണ്ടായിട്ടും രൂപയുടെ വിനിമയ നിരക്ക് താണു. ഏറ്റവും വലിയ ഇടിവുണ്ടായതു ചൈനീസ് യുവാനുമായാണ്. യുവാന് ഇപ്പോൾ 11 രൂപ കടന്നു.

എന്തുകൊണ്ട് ഇങ്ങനെ എന്നു പലരും ചോദിക്കുന്നുണ്ട്. റിസർവ് ബാങ്കും പൊതുമേഖലാ ബാങ്കുകളും ഡോളർ വൻതോതിൽ വാങ്ങിക്കൂട്ടുകയാണ്. ഒപ്പം യുവാ ൻ്റെ നിരക്കു കൂടാൻ അനുവദിക്കുകയും ചെയ്യുന്നു.

ചൈനയുമായുള്ള സംഘർഷത്തിലാണു പലരും ഈ വിരോധാഭാസത്തിനു വിശദീകരണം കാണുന്നത്. യുവാൻ്റെ നിരക്കു കൂടാൻ അനുവദിക്കുന്നതു ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കുമത്രെ. തുറമുഖങ്ങളിൽ ചൈനീസ് ഉൽപന്നങ്ങൾ സമ്പൂർണമായി തുറന്നു പരിശോധിക്കണമെന്നു കസ്റ്റംസ് നിർദേശം നൽകിയതും ഇതിനോടു കൂട്ടി വായിക്കണം.

* * * * * * * *

റിസൽട്ടുകൾ ഈയാഴ്ച

ഈയാഴ്ച ഒട്ടേറെ വലിയ കമ്പനികളുടെ റിസൽട്ട് വരാനുണ്ട്. ടാറ്റാ മോട്ടോഴ്സ്, ഹീറോ മോട്ടോ കോർപ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാരുതി സുസുകി, ടി വി എസ് മോട്ടോർ , ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, കനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ആർബി എൽ ബാങ്ക്, എസ് ബി ഐ ലൈഫ് ഇൻഷ്വറൻസ്, ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ്, കാസ്ട്രോൾ, സിയറ്റ്, ഡോ.റെഡ്ഡീസ്, ടൈറ്റൻ, എൽ ആൻഡ് ടി, ഹാവൽസ് തുടങ്ങിയവയൊക്കെ ഈയാഴ്ചയാണു റിസൽട്ട് പുറത്തു വിടുക.

വ്യാഴാഴ്ച ഒക്ടോബറിലെ ഡെറിവേറ്റീവ് വ്യാപാരത്തിൻ്റെ ക്ലോസിംഗ് ദിവസമാണ്. ഇതും ഈ യാഴ്ച ഓഹരികളുടെ ചാഞ്ചാട്ടത്തെ സ്വാധീനിക്കും.

* * * * * * * *

കാതൽമേഖല

സെപ്റ്റംബറിലെ കാതൽ മേഖലയുടെ ഉൽപാദന സൂചിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. ഇതിനു മുമ്പ് തുടർച്ചയായ ആറു മാസവും സൂചിക ഇടിയുകയായിരുന്നു. ഓഗസ്റ്റിൽ 8.5 ശതമാനം ഇടിവുണ്ടായി. സെപ്റ്റംബറിൽ പല സൂചകങ്ങളും പ്രത്യാശ പകർന്നു എന്ന സർക്കാർ അവകാശവാദം എത്ര ശരിയാണെന്നു വെള്ളിയാഴ്ച അറിയാം.

മൂന്നാം പാദത്തിലെ യുഎസ് ജിഡിപി വളർച്ചയുടെ കണക്ക് വ്യാഴാഴ്ച പുറത്തുവരും.

* * * * * * * *

വരുന്നൂ, മോശം കണക്കുകൾ

രണ്ടാം പാദത്തിലെ കച്ചവടം മോശമായിരുന്നെന്ന് എല്ലാവർക്കു മറിയാം. എങ്കിലും ഒരു കുഴപ്പവുമില്ലെന്നു കാണിക്കാനാണു വിപണിയും വ്യവസായങ്ങളും സർക്കാരും ശ്രമിക്കുന്നത്. ആദ്യം പുറത്തു വന്ന കമ്പനി ഫലങ്ങൾ നല്ല വളർച്ച കാണിച്ചത് ആ മിഥ്യാധാരണയെ ശരിവച്ചു.

ഇപ്പോഴിതാ യാഥാർഥ്യം കാണിക്കുന്ന കണക്കുകൾ ഒന്നൊന്നായി പുറത്തു വരുന്നു. ക്രെഡിറ്റ് കാർഡ് ഉപയോഗം കുറഞ്ഞെന്നും കുടിശിക പെരുകുന്നെന്നും എസ് ബി ഐ കാർഡ്സിൻ്റെ ഫലം കാണിച്ചു.

നെസ് ലെ ഇന്ത്യ, ബയോ കോൺ തുടങ്ങിയവയുടെ റിസൽട്ടുകളും രണ്ടാം പാദത്തിലെ അവസ്ഥ മോശമായിരുന്നെന്നു കാണിക്കുന്നു.

ജെ എസ്ഡബ്ള്യു സ്റ്റീൽ വിൽപന ഗണ്യമായി വർധിച്ചത് വാഹന-ഗൃഹോപകരണ നിർമാതാക്കൾ ഉൽപാദനം കുട്ടിയ സാഹചര്യത്തിലാണ്. അതു നീണ്ടു നിൽക്കുന്ന ഡിമാൻഡ് വർധനയായി ഇപ്പോൾ കാണാനാവില്ല.

ഇന്നത്തെ വാക്ക് : ഡെറിവേറ്റീവ്

ഏതെങ്കിലും ആസ്തിയുടെ വില ആധാരമാക്കി ഉണ്ടാക്കുന്ന ഉടമ്പടിയാണു ഡെറിവേറ്റീവ്. അവധി വ്യാപാരമോ ഓപ്ഷൻസ് കരാറോ സ്വാപ്പുകളോ ഒക്കെയാകാം ഇത്. ഓഹരി മുതൽ കടപ്പത്ര പലിശ വരെ ഡെറിവേറ്റീവുകൾക്കു വിഷയമാകാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it