ഇവിടെ ലഗേജ് വൈകിയാല്‍ പണി വിമാനക്കമ്പനിക്കാര്‍ക്ക്; നഷ്ടപരിഹാരം നല്‍കണം

വിമാനയാത്രക്കാര്‍ക്ക് ലഗേജുകള്‍ കിട്ടാന്‍ കാലതാമസം വന്നാല്‍ ഇനി വിമാന കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണം. നയം വ്യക്തമാക്കി സൗദി അറേബ്യ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്‍ (സി.പി.എ). ലഗേജ് ഡെലിവറി വൈകുന്ന സാഹചര്യത്തില്‍ യാത്രക്കാരന് വിമാനകമ്പനികള്‍ നല്‍കേണ്ട നഷ്ടപരിഹാരത്തുക എത്രയാണെന്നും സി.പി.എ വ്യക്തമാക്കി.

ഇത് മാത്രമല്ല, വിമാനത്തില്‍ യാത്ര ചെയ്യുന്നവരുടെ അവകാശങ്ങളും സൗദി അറേബ്യ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്‍ വ്യക്തമാക്കി. ഉപഭോക്താവിന് വിമാനക്കമ്പനികളുടെ വീഴ്ച കാരണം തുക റീഫണ്ട് ചെയ്യേണ്ടി വന്നാല്‍ അതിന്റെ 50 ശതമാനം അധിക നഷ്ടപരിഹാര തുകയ് ക്ക് സാഹചര്യമനുസരിച്ച് അര്‍ഹതയുണ്ട്.

യാത്രക്കാര്‍ക്ക് ബോര്‍ഡിങ് നിരസിച്ചതിന്റെ ഫലമായുണ്ടാകുന്ന മറ്റേതെങ്കിലും നഷ്ടപരിഹാരത്തിനോ റീഫണ്ടുകള്‍ക്കോ അധിക നഷ്ടപരിഹാരം ഒരു ബദലായിരിക്കരുതെന്നും സി.പി.എ ചൂണ്ടിക്കാട്ടി.

ആഭ്യന്തര യാത്രക്കാര്‍ക്ക് ലഗേജ് വൈകുന്ന ഓരോ ദിവസത്തിനും 20 എസ്.ഡി.ആറിന് (സ്പെഷ്യല്‍ ഡ്രോയിങ് റൈറ്റ്) തുല്യമായ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇവര്‍ പരസ്യപ്പെടുത്തിയത്. ആഭ്യന്തര വിമാനങ്ങള്‍ ഇത്തരത്തില്‍ നല്‍കേണ്ടി വരുന്ന പരമാവധി നഷ്ടപരിഹാരം 100 എസ്.ഡി.ആര്‍ ആണ്.

ലഗേജുകള്‍ കാലതാമസം വരുന്ന ഓരോ ദിവസത്തിനും അന്താരാഷ്ട്ര വിമാനങ്ങള്‍ 40 എസ്.ഡി.ആറിന് തുല്യമായ തുക നല്‍കണം. പരമാവധി നല്‍കേണ്ടുന്ന തുക 200 എസ്.ഡി.ആര്‍ ആണ്. അതേസമയം വിമാന കമ്പനികള്‍ സൗദിയില്‍ നഷ്ടപരിഹാരം നല്‍കേണ്ട തുക റിയാലില്‍ കണക്കാക്കി നല്‍കാന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഐ.എം.എഫിന്റെയും മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയും അക്കൗണ്ട് യൂണിറ്റുകളാണ് എസ്.ഡി.ആറിന് (സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്). അന്താരാഷ്ട്ര തലത്തില്‍ മൂല്യം നിര്‍ണയിക്കുന്നത് ഈ രീതിയിലാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it