വർക്കല മുതല്‍ ബേക്കൽ വരെ 11 ഹെലിപാഡുകള്‍, വന്‍ പ്രതീക്ഷകളുമായി ഹെലികോപ്റ്റര്‍ ടൂറിസം

ടൂറിസം വികസനം ലക്ഷ്യമിട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹെലികോപ്റ്ററുകള്‍ ഇറങ്ങാനുളള ഹെലിപാഡുകള്‍ സജ്ജീകരിക്കുന്നതിനൊരുങ്ങി ടൂറിസം വകുപ്പ്. ആഭ്യന്തര, അന്താരാഷ്ട്ര ടൂറിസ്റ്റുകള്‍ക്ക് സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വേഗത്തിലും എളുപ്പത്തിലും എത്തുന്നതിന് ഹെലികോപ്റ്ററുകള്‍ സഹായകരമാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുളള ജില്ലകളില്‍ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ക്ക് സമീപമായാണ് ഹെലിപാഡുകള്‍ സജ്ജീകരിക്കുക.
വർക്കല, ജഡായുപ്പാറ, പൊന്മുടി, കൊല്ലം, മൂന്നാർ, കുമരകം, ആലപ്പുഴ, തേക്കടി, പാലക്കാട്, ബേക്കൽ, വയനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ഹെലിപാഡുകള്‍ ഒരുക്കുന്നതിന് പ്രഥമ പരിഗണന നല്‍കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 11 ഹെലിപ്പാഡുകള്‍ സജ്ജമാക്കുന്നതിനാണ് പദ്ധതിയുളളത്.
തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിൽ ഹെലിപോർട്ടുകൾ സജ്ജമാക്കാനും നിർദിഷ്ട ഹെലിടൂറിസം നയം ആവശ്യപ്പെടുന്നു. ഹെലികോപ്റ്ററുകൾക്ക് ഇന്ധനം നിറയ്ക്കാനും അത്യാവശ്യ അറ്റകുറ്റപ്പണികള്‍ക്കും ഹെലിപോർട്ടുകളില്‍ സൗകര്യമുണ്ടാകും.
ഹെലിടൂറിസം നയത്തിന്റെ കരട് കഴിഞ്ഞദിവസം മന്ത്രിസഭ പരിഗണനയ്ക്ക് എടുത്തിരുന്നു. കൂടുതൽ വിലയിരുത്തലുകൾ ആവശ്യമായതിനാല്‍ നയം വീണ്ടും അടുത്തയാഴ്ച പരിഗണിക്കും. അംഗീകാരം ലഭിക്കുന്നതിന് അനുസരിച്ച് പദ്ധതി തുടങ്ങാനുളള പ്രവര്‍ത്തനങ്ങളിലാണ് വിനോദ സഞ്ചാരവകുപ്പ്. വിദഗ്‌ധരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുക.
Related Articles
Next Story
Videos
Share it