അവനാണെന്റെ ബെസ്റ്റ് പ്രോജക്റ്റ്!

എഴുന്നേറ്റാല്‍ ആദ്യം ചെയ്യുന്നതെന്ത് ?

കാലത്ത് 5.30 ഓടെയാണ് സാധാരണ എഴുന്നേല്‍ക്കാറുള്ളത്. എഴുന്നേറ്റ ഉടന്‍ കുറച്ചു നേരം ഒറ്റയ്ക്ക് വേണം. അപ്പോള്‍ ആരും ശല്യം ചെയ്യുന്നതിഷ്ടമല്ല.

രാവിലത്തെ ശീലങ്ങള്‍ ?

അത് പൂര്‍ണമായും ഒരു 'മമ്മീസ് ടൈം' ആണ്. മോന് രാവിലെ 7.30 ന് സ്‌കൂളില്‍ പോകണം. അവന് വേണ്ടിയുള്ള ഭക്ഷണം തയ്യാറാക്കുന്നതും അവനെ സ്‌കൂളില്‍ കൊണ്ടാക്കുന്നതും ഞാന്‍ തന്നെയാണ്. മോന്റെ സ്‌കൂളിലേക്ക് വീട്ടില്‍ നിന്നും അരമണിക്കൂര്‍ യാത്രയാണ്. ഞങ്ങളുടെ കഥപറച്ചില്‍ നേരമാണത്. കാറില്‍ ശ്രീകൃഷ്ണ കഥകളുടെ പുസ്തകങ്ങള്‍ വച്ചിട്ടുണ്ട്. ഞാന്‍ ഒരു ദിവസത്തില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സമയവും ഇതാണ്. എട്ട് മണി മുതല്‍ ഔദ്യോഗിക കാര്യങ്ങള്‍ തുടങ്ങും.

ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം എന്താണ്?

ബിരിയാണിയൊക്കെ ഇഷ്ടമാണ്. എങ്കിലും ഏറെ ഇഷ്ടം എന്റെ അമ്മ ഉണ്ടാക്കുന്ന ബ്ലാക്ക് ഫോറസ്റ്റ് കേക്ക് ആണ്. ഒരിക്കല്‍ ജര്‍മനിയില്‍ പോയപ്പോള്‍ യഥാര്‍ത്ഥ ബ്ലാക്ക് ഫോറസ്റ്റ് കേക്ക് തേടി പോയി കഴിച്ചു. അതിനെക്കാള്‍ ഏറെ സ്വാദിഷ്ടമായിത്തോന്നി അമ്മയുണ്ടാക്കുന്നത്. അത് അമ്മയോടുള്ള ഇഷ്ടം മാത്രമല്ല ജര്‍മന്‍കാരുടെ ആള്‍ക്കഹോള്‍ രസം കൂടിയ കേക്കിനോടുള്ള ഇഷ്ടക്കുറവ് കെണ്ട് കൂടിയാണ്.

ഇഷ്ടമുള്ള വേഷം?

ട്രഡിഷണല്‍ ഇന്ത്യന്‍ വേഷമായ സാരിയാണ് ഏറ്റവും ഇഷ്ടം. എന്തെങ്കിലും ചടങ്ങുകള്‍ക്ക് പോകുമ്പോള്‍ സാരിയും പൊട്ടും ജുംകയും ഒക്കെ അണിഞ്ഞ് പോകാന്‍ ഇഷ്ടപ്പെടുന്നു. അല്ലാത്തപ്പോള്‍ ടീ ഷര്‍ട്ടും ജീന്‍സുമൊക്കെ പോലുള്ള കാഷ്വലുകളാണ് അണിയാറുള്ളത്.

ഇഷ്ടമുള്ള ബ്രാന്‍ഡുകള്‍?

ബ്രാന്‍ഡ് കോണ്‍ഷ്യസ് അല്ല. ചേരുന്നതെന്തും വാങ്ങി ഉപയോഗിക്കും. സ്റ്റാര്‍ക്ക് ഉല്‍പ്പന്നങ്ങളുടെ മിനിമലിസ്റ്റിക് ഡിസൈന്‍ ആകര്‍ഷകമായി തോന്നിയിട്ടുണ്ട്.

മറ്റിഷ്ടമുള്ള കാര്യങ്ങള്‍?

മിനിയേച്ചറുകളോടു വല്ലാത്ത പ്രിയമാണ്. അങ്ങനെയാണ് 'കൂടെ' യിലെ മിനിയേച്ചറുകള്‍ പിറന്നത്. എനിക്ക് മനസ്സില്‍ വരുന്നത് അതേപോലെ സ്‌ക്രീനില്‍ കാണണമെന്നത് നിര്‍ബന്ധമാണ്. പലപ്പോഴും ആ പൂര്‍ണത നല്‍കാന്‍ ആയി എന്റെ സാരികള്‍ പോലും ഞാന്‍ നായികമാര്‍ക്ക് കൊടുക്കാറുണ്ട്. എയ്സ്തെറ്റിക്സ് വളരെ പ്രധാനമാണ്.

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം?

എന്റെ മകനാണ് എന്റെ ഏറ്റവും വലിയ നേട്ടം. അവനാണെന്റെ ഫേവറിറ്റ് പ്രോജക്ട്. അവന്റെ കൂടെ സമയം ചെലവഴിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങള്‍. 48 മണിക്കൂറില്‍ കൂടുതല്‍ അവനെ പിരിഞ്ഞിരിക്കാന്‍ പറ്റാറില്ല. കുഞ്ഞുണ്ടായി മൂന്നു മാസം കഴിഞ്ഞപ്പോള്‍ സിനിമാ ജീവിതത്തിലേക്കു കടന്നു. അപ്പോള്‍ അവനെയും എന്റെയൊപ്പം കൂട്ടി. ഒഴിവു സമയങ്ങളില്‍ അവനോടൊപ്പം കരകൗശല നിര്‍മാണത്തില്‍ ഞാനും കൂടുന്നു. അതാണ് പുതിയ ഹരം.

ആരാണ് ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച വ്യക്തി/ വ്യക്തികള്‍?

എന്റെ അച്ഛനും അമ്മയും തന്നെയാണ് എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളത്. പിന്നെ നമ്മള്‍ എന്തെങ്കിലും ചെയ്താല്‍ അതിനെ വിമര്‍ശിക്കാനും ഉപദേശിക്കാനും കഴിവുള്ള ചില സുഹൃത്തുക്കള്‍. എന്റെ അമ്മയാണ് എന്റെ ഏറ്റവും വലിയ ക്രിട്ടിക്.

ഏറ്റവും വലിയ നഷ്ടം?

എന്റെ അച്ഛന്റെ മരണം.

സ്വന്തം സ്വഭാവത്തില്‍ മാറ്റാന്‍ ആഗ്രഹിക്കുന്ന കാര്യം?

ജോലിയില്‍ ഞാന്‍ നൂറു ശതമാനം ഓര്‍ഗനൈസ്ഡ് ആണ്. എന്നാല്‍ ജീവിതത്തില്‍ ഭയങ്കര മെസ്സി ആണ്. കുറച്ചു കൂടി ഓര്‍ഗനൈസ്ഡ് ആകണം എന്നു കരുതാറണ്ട്. അടുക്കും ചിട്ടയും കൊണ്ടുവരണം.

ഏറെക്കാലത്തെ ആഗ്രഹം?

ഒരു പുസ്തകം പുറത്തിറക്കണം എന്നത്. പണ്ട് മോഹിനിയാട്ടം അഭ്യസിച്ചിരുന്നു. നൃത്തം വീണ്ടും പുനരാരംഭിക്കണം.

ഇഷ്മുള്ള ഗാനങ്ങള്‍?

ഏറ്റവും പുതിയ ഇഷ്ടഗാനം കോഡലൈന്റെ ''ഐ വുഡ്ന്റ് ബി.......''എന്ന ഗാനമാണ്.

റോള്‍ മോഡല്‍?

എനിക്കങ്ങനെ റോള്‍ മോഡലുകള്‍ ഒന്നുമില്ല. എങ്കിലും അടുത്ത കാലത്ത് എന്നെ ഏറെ ആകര്‍ഷിച്ച വ്യക്തിത്വമാണ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന്‍. രാജ്യത്തെ ഭീകരാക്രമണശേഷം അവര്‍ കൈക്കൊണ്ട നിലപാടുകളോട് ആദരം തോന്നി

ഇഷ്ട സിനിമ?

ധാരാളം സിനിമകള്‍ ഇഷ്ടമാണ്. ഹിന്ദി ചിത്രം അഭിമാന്‍ അതിലൊന്നാണ്. വോംഗ് കാര്‍ വായ്യുടെ 'ഇന്‍ ദി മൂഡ് ഫോര്‍ ലവ്' ഇഷ്ടമാണ്. അത്തരം ഒരു സിനിമ ചെയ്താല്‍ പിന്നെ എന്റെ സിനിമാ ജീവിതം സഫലമായി.

ആത്മീയതയെക്കുറിച്ചുള്ള കാഴ്ചപ്പാടെന്താണ്?

ഞാന്‍ വിശ്വസിക്കുന്നത് ഈശ്വരന്‍ എല്ലാവരുടെയും ഉള്ളില്‍ത്തന്നെയാണെന്നാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it