ആമസോണിനു പിന്നാലെ ഇ-ഷോപ്പിംഗിനു വായ്പ നല്‍കാന്‍ 'വാട്സാപ്പ് പേ'

പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണില്‍ നിന്നു വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പൂജ്യം ശതമാനം പലിശയ്ക്ക് തല്‍ക്ഷണ വായ്പ അനുവദിക്കുന്ന ക്രെഡിറ്റ് സേവനം ഇന്ത്യയില്‍ പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ സമാന സേവനം ലഭ്യമാക്കാന്‍ വാട്സാപ്പും മാതൃ കമ്പനിയായ ഫേസ്ബുക്കും തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. 'വാട്സാപ്പ് പേ' ഡിജിറ്റല്‍ പേമെന്റ് സംവിധാനം പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ തല്‍സമയ വായ്പാ സംവിധാനവും സജ്ജമാകുമെന്നാണു സൂചന.

നിലവില്‍ മരുന്നും ഭക്ഷണവും ഉള്‍പ്പെടെ അവശ്യ സാധനങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്ന ഓണ്‍ലൈന്‍ വിപണന ബിസിനസ് ലോക്ഡൗണിനു ശേഷം പരമാവധി ഉയര്‍ത്താന്‍ ഇ-കൊമേഴ്സ് കമ്പനികള്‍ നടത്തുന്ന തയ്യാറെടുപ്പിന്റെ ഭാഗമാണ് ക്രെഡിറ്റ് സംവിധാനം. ഈ രംഗത്ത് റിലയന്‍സുമായാണ് വാട്സാപ്പ് പേ കൈകോര്‍ക്കുന്നത്.

ആമസോണ്‍ ഇന്ത്യയിലെ ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കായി ക്രെഡിറ്റ് സേവന സൗകര്യം തുറന്നു കഴിഞ്ഞു. കോവിഡ് 19, ലോക്ക്ഡൗണ്‍ സാമ്പത്തിക തകര്‍ച്ച നേരിടുന്ന ഉപഭോക്താക്കളെ സഹായിക്കാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് കമ്പനി കരുതുന്നത്. അവശ്യവസ്തുക്കള്‍, ഇലക്ട്രോണിക്സ്, വസ്ത്രങ്ങള്‍ എന്നിവ സീറോ ഇന്ററസ്റ്റ് ക്രെഡിറ്റ് വഴി വാങ്ങാന്‍ കഴിയും. അടുത്ത മാസം തുക അടച്ചാല്‍ മതിയാകും. അല്ലാത്തപക്ഷം 'നാമമാത്ര പലിശ നിരക്കില്‍' 12 മാസം വരെ ഇഎംഐകളിലേക്ക് വായ്പ പരിവര്‍ത്തനം ചെയ്യാം. തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്കു മാത്രം ആമസോണ്‍ നേരത്തെ തന്നെ ഇഎംഐ വാഗ്ദാനം ചെയ്തിരുന്നു. ക്യാപിറ്റല്‍ ഫ്‌ളോട്ട്, കരൂര്‍ വൈശ്യ ബാങ്ക് (കെവിബി) എന്നിവയുമായി സഹകരിച്ചാണ് ആമസോണ്‍ പേ പദ്ധതി നടപ്പാക്കുന്നത്.

20,000 രൂപ വരെയുള്ള തുകയ്ക്ക് ക്രെഡിറ്റ് കാര്‍ഡ് ഇല്ലാതെ ക്രെഡിറ്റ് നേടാനാകുമെന്ന് കമ്പനി പറയുന്നു. 60,000 രൂപ വരെയുള്ള തുകയ്ക്കാണ് ആറുമാസം വരെയുള്ള കാലയളവില്‍ ഇഎംഐ ലഭ്യമാക്കുന്നത്.പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കി മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ആമസോണ്‍ പേ കെവൈസി പൂര്‍ത്തിയാക്കിയാണ് രജിസ്‌ട്രേഷന്‍. യോഗ്യതയുള്ള ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും ഈ സേവനമെന്ന് ആമസോണ്‍ പേ ഇന്ത്യ സിഇഒ മഹേന്ദ്ര നെരുര്‍ക്കര്‍ പ്രസ്താവനയില്‍ അറിയിച്ചു.ഇന്ത്യന്‍ ഇ-കൊമേഴ്സ് സ്പെയ്സിലെ ആമസോണിന്റെ എതിരാളിയായ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ട് 5,000 രൂപ വരെ ഉപഭോക്താക്കള്‍ക്ക് 'തല്‍ക്ഷണ ക്രെഡിറ്റ്' നല്‍കിവരുന്നുണ്ട്.

ഒരു ദശലക്ഷം ഉപയോക്താക്കളുടെ പൈലറ്റ് പ്രോജക്ടിനായി പരിമിതപ്പെടുത്തിയിരുന്ന ഇന്ത്യയിലെ പേ സേവനങ്ങള്‍ പൂര്‍ണ്ണമായും പുറത്തിറക്കാന്‍ ഇതുവരെ അനുമതി ലഭിക്കാതിരുന്നതാണ് വാട്സാപ്പിന് ഈ ദിശയില്‍ മുന്നോട്ടുപോകുന്നതിനു തടസമായിരുന്നത്. കമ്പനിക്ക് ഇന്ത്യയില്‍ 400 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. ഡാറ്റാ ലോക്കലൈസേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഉന്നയിച്ച ആശങ്കകളാണ് വാട്സാപ്പ്് പേയെ അനിശ്ചിതത്വത്തിലാക്കിയത്. ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടുവരികയാണിപ്പോള്‍.ഇന്ത്യയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ ജിയോമാര്‍ട്ട് ശൃംഖലയില്‍ പലചരക്ക് സാധനങ്ങള്‍ വാട്സാപ്പ് വഴി ഓര്‍ഡര്‍ ചെയ്യാന്‍ അടുത്തിടെ റിലയന്‍സ് ജിയോ ഉപഭോക്താക്കളെ സജ്ജമാക്കിയിരുന്നു.

മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഫോറസ്റ്റര്‍ പറയുന്നതനുസരിച്ച്, മെട്രോ നഗരങ്ങളിലെ 94 ശതമാനം ഇന്ത്യക്കാരും ഇപ്പോള്‍ ഡിജിറ്റല്‍ റീട്ടെയില്‍ പേയ്മെന്റുകള്‍ ഉപയോഗിക്കുന്നതു മൂലം ഇത്തരം ക്രെഡിറ്റ് പദ്ധതികള്‍ക്ക് മികച്ച വിജയ സാധ്യത കല്‍പ്പിക്കപ്പെടുന്നു. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സാധനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം 2018 മുതല്‍ 2023 വരെ പ്രതിവര്‍ഷം 17 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ്് കണക്ക്. ഇന്ത്യന്‍ ഡിജിറ്റല്‍ പേയ്മെന്റ് മേഖലയുടെ മൊത്തം മൂല്യം 2023 ഓടെ ഒരു ട്രില്യണ്‍ ഡോളറിലെത്തുമെന്ന് ക്രെഡിറ്റ് സ്യൂസ് പ്രവചിച്ചിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it