ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഒക്ടോബര്‍ 22, 2020

കോവിഡ് വാക്‌സിനായി ഇന്ത്യ ചെലവിടുന്നത് 50,000 കോടി രൂപ

രാജ്യത്തെ ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിനെത്തിക്കാന്‍ സര്‍ക്കാര്‍ 50,000 കോടി രൂപ നീക്കിവച്ചതായി റിപ്പോര്‍ട്ട്. ഓരോ വ്യക്തിക്കും ഒരു ഡോസ് വാക്‌സിന് ഏകദേശം ആറ് അല്ലെങ്കില്‍ ഏഴു ഡോളര്‍ വരെ ചെലവാകുമെന്നും അത്തരത്തില്‍ 1.3 ബില്യണ്‍ ജനങ്ങളിലേക്കും വാക്‌സിന്‍ എത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 മാര്‍ച്ച് 31ന് അവസാനിക്കുന്ന ഈ സമ്പത്തിക വര്‍ഷത്തേക്ക് മാത്രമായുള്ള തുകയാണ് ഇത്. ഇതിനായി തുടര്‍ന്നും പണം ലഭ്യമാക്കുമെന്നും മറ്റെന്താവശ്യമുണ്ടെങ്കിലും ഈ തുകയില്‍ കുറവുണ്ടാകില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. ഒരാള്‍ക്ക് രണ്ട് കുത്തിവയ്പ്പുകള്‍ വേണ്ടിവന്നേക്കുമെന്നാണ് വിലയിരുത്തല്‍. ഒരു ഷോട്ടിന് രണ്ടു ഡോളറാകും ചെലവാകുക. വാക്‌സിന്‍ സംഭരണം, എത്തിക്കുന്നതിനുള്ള ചെലവ് എന്നിവയിലേക്കായി രണ്ട് മുതല്‍ മൂന്ന് ഡോളര്‍ വരെയും മാറ്റിവയ്ക്കും. കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി എത്രയും വേഗം വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ഔദ്യോഗിക അറിയിപ്പുകള്‍ ലഭിച്ചിട്ടില്ല.

സംസ്ഥാനത്തെ ജിഎസ്ടി വരുമാനത്തില്‍ 26 ശതമാനം കുറവ്

സംസ്ഥാനത്ത് മാര്‍ച്ചു മുതല്‍ ഓഗസ്റ്റുവരെ ജി.എസ്.ടി. വരുമാനത്തില്‍ 26 ശതമാനം കുറവ്. കോവിഡിന്റെ പിടിയിലേക്ക് സര്‍വ മേഖലയും എത്തിക്കഴിഞ്ഞുവെന്നതിന് തെളിവാണ് ഇത്. സേവനമേഖലയില്‍ നിന്നുള്ള നികുതി വരുമാനക്കുറവ് 37 ശതമാനമാണെന്നും ജി.എസ്.ടി. കമ്മിഷണര്‍ ആനന്ദ് സിംഗും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനിലെ (ഗിഫ്റ്റ്) അസോസിയേറ്റ് പ്രൊഫസര്‍ ഡോ. രാമലിംഗവും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സേവന മേഖലയില്‍നിന്ന് കഴിഞ്ഞവര്‍ഷം ഇതേ കാലഘട്ടത്തില്‍ രേഖപ്പെടുത്തിയ കിട്ടിയത് 1922 കോടിയാണ്. ഇത്തവണ 1213 കോടിയും. റിപ്പോര്‍ട്ട് ഗിഫ്റ്റിന്റെ 'കേരള ഇക്കോണമി' ജേണലില്‍ പ്രസിദ്ധീകരിച്ചു. ജി.എസ്.ടി. വരുമാനമായി കഴിഞ്ഞവര്‍ഷം ഇതേകാലത്ത് 10,079.91 കോടി രൂപ കിട്ടിയപ്പോള്‍ ഇത്തവണ നേടാനായത് 6307.91 കോടി രൂപ മാത്രമാണ്. നഷ്ടം 38 ശതമാനവും. എന്നാല്‍, കോവിഡ് പശ്ചാത്തലത്തില്‍ നികുതി അടയ്ക്കുന്നതില്‍ കാലതാമസമുണ്ടാകുന്നുണ്ട്. ഇതുകൂടി പരിഗണിച്ചാണ് 26 ശതമാനത്തിന്റെ നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്.

ടെലികോം കമ്പനികള്‍ക്ക് നിരക്ക് മാറ്റത്തിന് സമയം നീട്ടി നല്‍കി ട്രായ്

ഡേറ്റ, ടോക് ടൈം നിരക്കുകള്‍ പുതുക്കി നല്‍കുന്നതിനായി ടെലികോം കമ്പനികള്‍ക്ക് സമയം നീട്ടി ട്രായ്. നവംബര്‍ രണ്ട് വരെയാണ് നിരക്കുകള്‍ പുന ക്രമീകരിക്കാന്‍ സമയം നീട്ടി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാസം അറിയിച്ചത് 15 ദിവസത്തിനകം പുതിയ നിരക്കുകള്‍ കമ്പനികള്‍ അറിയിക്കണമെന്നതായിരുന്നു. എന്നാല്‍ വോഡ ഐഡിയ(വി), എയര്‍ടെല്‍, ജിയോ എന്നിവരുള്‍പ്പെടുന്ന സെല്ലുലാര്‍ ഓപ്പറേഷന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രത്യേക ആവശ്യപ്രകാരമാണ് സമയം നീട്ടി നല്‍കിയിരിക്കുന്നത്. റീചാര്‍ജിംഗ് വെബ്‌സൈറ്റുകളിലും ആപ്പുകളിലും വേണ്ട സാങ്കേതിക ക്രമീകരണങ്ങള്‍ക്കായാണ് ഇവര്‍ സമയം നീട്ടി നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ്

കോവിഡിനെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. വിനോദ സഞ്ചാരികള്‍ക്കൊഴികെ വിദേശികള്‍ക്കും ഒ.സി.ഐ. (ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ) കാര്‍ഡുള്ളവര്‍ക്കും ഇനി മുതല്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യാം. നിലവിലുള്ള വിസകളുടെ കാലാവധിയും പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലേക്ക് വരാനും പോകാനും ആഗ്രഹിക്കുന്ന വിദേശികള്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും കൂടുതല്‍ വിഭാഗങ്ങളിലെ വിസ, യാത്ര നിയന്ത്രണങ്ങളില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും പ്രവാസികള്‍ക്കും ഈ നടപടി ഏറെ സഹായകരമാകും. എന്നാല്‍ ടൂറിസം, മെഡിക്കല്‍, വിദ്യാഭ്യാസ വിസയിലുള്ള നിയന്ത്രണം തുടരും.

കോവിഡ് ആഘാതം; ഇന്ത്യയുടെ ജിഡിപി 5.9 ശതമാനം കുറയും

കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധി ആഗോളതലത്തില്‍ ഉണ്ടാക്കുന്ന സാമ്പത്തിക ആഘാതം ചിന്തിക്കുന്നതിനും അപ്പുറത്താകുമെന്ന് യുഎന്‍ കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്റ് ഡെവലപ്മെന്റ് (UNCT-AD). ആഗോള സമ്പദ് രംഗം 4.3 ശതമാനം ചുരുങ്ങും. ആറു ലക്ഷം കോടി ഡോളറിന്റെ നഷ്ടം ഉണ്ടാകും. യുഎന്‍സിടിഎഡിയുടെ ട്രേഡ് ആന്‍ഡ് ഡെവലപ്മെന്റ് റിപ്പോര്‍ട്ട് 2020 ലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഇന്ത്യ, ബ്രസീല്‍, മെക്സികോ എന്നീ രാജ്യങ്ങളുടെ ആകെ സമ്പദ്മേഖലയ്ക്ക് തുല്യമായ തുകയാണ് ആറുലക്ഷം കോടി ഡോളര്‍ എന്നത്. ആഗോള വ്യാപാരം ഈ വര്‍ഷം അഞ്ചിലൊന്നായി ചുരുങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യക്കാര്‍ കൂടുതല്‍ പണം ചെലവിടുന്നത് ഭക്ഷണത്തിനല്ല! വിദ്യാഭ്യാസത്തിനെന്ന് ലേബര്‍ ബ്യൂറോ

ഇന്ത്യക്കാര്‍ ഭക്ഷണത്തിനായി ചെലവിട്ടിരുന്ന തുകയുടെ കണക്കില്‍ ഗണ്യമായ കുറവ്. 46 ശതമാനം വരെ ഭക്ഷണത്തിനായി ചെലവിട്ടിരുന്ന ഇന്ത്യക്കാര്‍ ഇപ്പോള്‍ അത് 39 ശതമാനമായി കുറച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെയാണ് ഈ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വീടു വയ്ക്കാനും വാങ്ങാനുമായി ചെലവിട്ടിരുന്ന തുക 15.2 ശതമാനത്തില്‍ നിന്നും 16.87 ശതമാനമായത്രെ. കഴിഞ്ഞ 19 വര്‍ഷത്തിലാണ് ഈ വ്യത്യാസം. എന്നാല്‍ വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ പരിപാലനത്തിനുമായി ചെലവഴിക്കപ്പെട്ട തുക 23 ശതമാനത്തില്‍ നിന്നും 30 ശതമാനമായി വര്‍ധിച്ചതായും കണക്കുകള്‍ പറയുന്നു. ലേബര്‍ ബ്യൂറോ ഇന്ന് പുറത്തുവിട്ട ഏറ്റവും പുതിയ ഇന്‍ഡെക്‌സിലേതാണ് ഈ കണക്കുകള്‍.

നാല് ദിവസത്തെ നേട്ടത്തിനു ശേഷംവിപണി താഴേക്ക്; സെന്‍സെക്‌സ് 148 പോയിന്റ് ഇടിഞ്ഞു,നിഫ്റ്റി 11,900 ന് താഴെ

തുടര്‍ച്ചയായ നാല് ദിവസത്തെ നേട്ടത്തിനൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്‌സ് 148.82 പോയിന്റ്( 0.37 ശതമാനം) ഇടിഞ്ഞ് 40,558.49ലും നിഫ്റ്റി 41.20 പോയിന്റ് ( 0.35 ശതമാനം) ഇടിഞ്ഞ് 11,896.45 ലിലുമെത്തി. നിഫ്റ്റി സ്മോള്‍കാപ്പ് 100, നിഫ്റ്റി മിഡ്കാപ്പ് 100 സൂചികകള്‍ യഥാക്രമം 1.1 ശതമാനവും 0.6 ശതമാനവും നേട്ടമുണ്ടാക്കി. ഫാര്‍മ, ഐടി, സ്വകാര്യ ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചികകള്‍ ഇന്ന് നഷ്ടത്തിലായിരുന്നു. നിഫ്റ്റി മെറ്റല്‍, മീഡിയ, എഫ്എംസിജി, റിയല്‍റ്റി എന്നിവ നേട്ടമുണ്ടാക്കി.

കേരള കമ്പനികളുടെ പ്രകടനം

ബാങ്ക്, ധനകാര്യ ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന് നഷ്ട്ത്തിലായിരുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക്, ജിയോജിത് ഓഹരികള്‍ മാത്രമാണയിരുന്നു ഈ വിഭാഗത്തില്‍ നിന്ന് ഗ്രീന്‍ സോണില്‍ നിലയുറപ്പിച്ചത്.

കോവിഡ് അപ്ഡേറ്റ്സ് (22-10-2020)

കേരളത്തില്‍ ഇന്ന് :

രോഗികള്‍: 7482 , ഇന്നലെ :8369

മരണം : 23, ഇന്നലെ :26

ഇന്ത്യയില്‍ ഇതുവരെ :

രോഗികള്‍: 7,706,946 , ഇന്നലെ വരെ :7,651,107

മരണം : 116,616 , ഇന്നലെ വരെ :115,914

ലോകത്ത് ഇതുവരെ:

രോഗികള്‍: 41,171,337 , ഇന്നലെ വരെ : 40,729,251

മരണം :1,130,606, ഇന്നലെ വരെ : 1,124,027

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it