ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 02, 2020

പബ്ജി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍

യുവാക്കളുടെ ഹരമായ പബ്ജി ആപ്പ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഇതടക്കം 118 ചൈനീസ് ആപ്പുകളാണ് കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചത്. ലഡാക്കിലുണ്ടായ ചൈനീസ് ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ രക്തസാക്ഷികളായതിനെത്തുടര്‍ന്നുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കം. നേരത്തെ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. 33 മില്യണോളം സജീവ ഉപയോക്താക്കളാണ് പബ്ജിക്ക് ഇന്ത്യയില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റ് 69എ വകുപ്പ് പ്രകാരമാണ് ഈ മൊബീല്‍ ഗെയിം നിരോധിച്ചത്.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ചെറുപട്ടണങ്ങളിലേക്കും

കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടമായിക്കൊണ്ടിരിക്കുന്ന ചെറു നഗരങ്ങളിലേക്ക് കൂടി ദേശീയ തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടക്കത്തില്‍ ചെറുപട്ടണങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ആലോചനയെന്ന് ഭവന, നഗരകാര്യ വകുപ്പ് മന്ത്രാലയം ജോയ്ന്റ് സെക്രട്ടറി സഞ്ജയ് കുമാറിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ തന്നെ ഇത്തരത്തില്‍ ആലോചന തുടങ്ങിയിരുന്നുവെങ്കിലും ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇതേകുറിച്ചുള്ള ചര്‍ച്ച സജീവമായിട്ടുണ്ട്. ഏകദേശം 35,000 കോടിയോളം രൂപ ഇതിനായി അധികം നീക്കിവെച്ചേക്കുമെന്നും സൂചനയുണ്ട്. ഈ വര്‍ഷം പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ ഒരു ലക്ഷം കോടിയിലേറെ രൂപ വകയിരുത്തിയിരുന്നു. കുറഞ്ഞത് 202 രൂപ പ്രതിദിനം കൂലി ഉറപ്പു വരുത്തുന്ന 100 തൊഴില്‍ ദിനങ്ങളാണ് ഗ്രാമീണ മേഖലയില്‍ പദ്ധതി പ്രകാരം നല്‍കുന്നത്.

കടബാധ്യത വരുത്തുന്ന വികസ്വര വിപണികളില്‍ ഇന്ത്യയുമുണ്ടാകുമെന്ന് മൂഡീസ്

അടുത്ത ഒരു വര്‍ഷത്തോടെ ഏറ്റവും കൂടുതല്‍ കടബാധ്യത വരുത്തുന്ന വികസ്വര വിപണികളില്‍ ഇന്ത്യയും ഉള്‍പ്പെടുമെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസസിന്റെ റിപ്പോര്‍ട്ട്. ഉയര്‍ന്നു വരുന്ന വമ്പന്‍ വിപണികളിലെ വളര്‍ച്ചയെയും ധനപരമായ ചലനാത്മകതയെയും കോവിഡ് 19 പ്രതിസന്ധി ബാധിച്ചതിനാല്‍, അടുത്ത ഏതാനും വര്‍ഷങ്ങളിലേക്ക് ഈ വിപണികളുടെ വളര്‍ച്ച കോവിഡ് പ്രതിസന്ധി ഉയര്‍ന്ന കടബാധ്യതകളിലേക്ക് നയിക്കുമെന്നും മൂഡീസ് വ്യക്തമാക്കി. 'പ്രധാനമായും വളര്‍ന്നുവരുന്ന കമ്പോള പരമാധികാരികളിലെ സര്‍ക്കാര്‍ കടം 2019 -ലെ നിലവാരത്തില്‍ നിന്ന് 2021 അവസാനത്തോടെ ജിഡിപിയുടെ ശരാശരി 10 ശതമാനം പോയിന്റ് ഉയരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഉയര്‍ന്ന പലിശയടവ് വര്‍ധിച്ച കടത്തിന് കാരണമാകുമെന്ന് ചിലര്‍ കരുതുന്നുണ്ടെങ്കിലും, പ്രാഥമികമായുള്ള ധനക്കമ്മി കാരണമാണിത്,' മൂഡീസ് അഭിപ്രായപ്പെട്ടു.

കേരളത്തില്‍ സ്വര്‍ണവില കഴിഞ്ഞ ഒന്നര മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍

കേരളത്തില്‍ ബുധനാഴ്ച സ്വര്‍ണ വില കഴിഞ്ഞ ഒന്നര മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍. ഇന്ന് ഒരു പവന് 320 രൂപ കുറഞ്ഞ് 37480 രൂപയാണ് വില. ജൂലൈ 23നാണ് കേരളത്തില്‍ ഇതിലും കുറഞ്ഞ വിലയ്ക്ക് സ്വര്‍ണ വ്യാപാരം നടന്നത്. ഒരു ഗ്രാമിന് 4685 രൂപയാണ് ഇന്നത്തെ വില. ഓഗസ്റ്റില്‍ സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡ് നിരക്കായ 42000 രൂപ വരെ എത്തിയിരുന്നു. ഓഗസ്റ്റ് 7,8,9 തീയതികളിലാണ് മുമ്പ് നിരക്ക് താഴ്ന്ന് നിന്നിരുന്നത്. ഇന്ത്യന്‍ വിപണികളില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് കുറഞ്ഞു. എംസിഎക്‌സില്‍ ഒക്ടോബര്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.35 ശതമാനം ഇടിഞ്ഞ് 51,320 രൂപ തൊട്ടു. വെള്ളി ഫ്യൂച്ചറുകള്‍ 1.3 ശതമാനം ഇടിഞ്ഞ് കിലോഗ്രാമിന് 70,000 രൂപയായി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.44 ശതമാനവും വെള്ളി ഫ്യൂച്ചറുകള്‍ 0.4 ശതമാനവും കുറഞ്ഞിരുന്നു. എന്നാല്‍ ഓഗസ്റ്റ് ഏഴ്ന് സ്വര്‍ണ വില റെക്കോര്‍ഡ് നിരക്കായ 56,200 രൂപയിലെത്തിയിരുന്നു.

ജിഎസ്ടി: കേന്ദ്ര സര്‍ക്കാര്‍ കടമെടുക്കട്ടേയെന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍

ചരക്കു സേവന നികുതിയില്‍ വന്ന കുറവ് പരിഹരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ കൂടുതല്‍ സംസ്ഥാനങ്ങള്‍. കേരളത്തിനും ബംഗാളിനും പുറമേ ബിജെപി ഇതര സര്‍ക്കാരുകളുള്ള നാല് സംസ്ഥാനങ്ങളാണ് തീരുമാനത്തെ എതിര്‍ത്ത് രംഗത്ത് എത്തിയിട്ടുള്ളത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, തമിഴ്നാട് മുഖ്യമന്ത്രി എടപാടി കെ പളനിസ്വാമി എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ധനമന്ത്രി നിര്‍മല സീതാരാമനും ഇതു സംബന്ധിച്ച് കത്തെഴുതി. 2.35 ലക്ഷം കോടി രൂപയുടെ കുറവാണ് ഇത്തവണ ജിഎസ്ടിയില്‍ ഉണ്ടായിരിക്കുന്നത്. ഇത് പരിഹരിക്കാന്‍ രണ്ടു തരത്തിലുള്ള കടമെടുപ്പിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് വിശദീകരിച്ചിരുന്നു.

ഒരു ദിവസംകൊണ്ട് ഡെറ്റ് ഫണ്ട് ആദായ വര്‍ധന രണ്ടുശതമാനം

ഒരുദിവസംകൊണ്ട് മാത്രം ഡെറ്റ് ഫണ്ട് നിക്ഷേപകര്‍ക്ക് ലഭിച്ചത് രണ്ടുശതമാനത്തോളം നേട്ടം. സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ ആദായത്തില്‍ ചൊവാഴ്ച 17 ബേസിസ് പോയന്റിന്റെ കുറവുണ്ടായതാണ് ഡെറ്റ് ഫണ്ടുകള്‍ നേട്ടമാക്കിയത്. വര്‍ധിച്ചുവരുന്ന ആദായം കുറച്ച് കടമെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമ്പോഴാണ് മൂന്നുമാസത്തിനിടെ സര്‍ക്കാര്‍ സെക്യൂരിറ്റികലുടെ ആദായത്തില്‍ കാര്യമായ ഇടിവുണ്ടായത്. 10 വര്‍ഷകാലാവധിയുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ ആദായം 6.117ശതമാനത്തില്‍നിന്ന് 5.944ശതമാനമായാണ് കുറഞ്ഞത്. സ്വാഭാവികമായും ഇതിന്റെ വിപരീത ദിശയിലാണ് ഡെറ്റ് ഫണ്ടുകളില്‍ നേട്ടം പ്രതിഫലിക്കുന്നത്.

എടിഎം തട്ടിപ്പ് തടയാന്‍ പുതിയ സംവിധാനവുമായി എസ്ബിഐ

രാജ്യത്ത് എടിഎമ്മുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എസ്ബിഐ പുതിയ സംവിധാനം നടപ്പാക്കി. എടിഎമ്മിലെത്തി ബാലന്‍സ് പരിശോധിക്കാനോ, മിനി സ്റ്റേറ്റ്മെന്റ് എടുക്കുന്നതിനോ ശ്രമിച്ചാല്‍ എസ്എംഎസ് വഴി നിങ്ങളെ വിവരമറിയാം. ബാലന്‍സും എടിഎം ഇടപാടുകളുമായി ബന്ധപ്പെട്ട് വരുന്ന എസ്എംഎസുകള്‍ അവഗണിക്കരുതെന്ന് എസ്ബിഐ ഇതിനകം നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ബാലന്‍സ് പരിശോധിക്കാനോ മറ്റോ എടിഎമ്മില്‍ പോയിട്ടില്ലെങ്കില്‍, എസ്എംഎസ് ലഭിച്ചാല്‍ ഉടനെ എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യണമെന്നാണ് ബാങ്ക് നിര്‍ദേശിക്കുന്നത്.

എജിആര്‍ സംബന്ധിച്ച് സുപ്രീം കോടതി തീര്‍പ്പായി; മൊബൈല്‍ താരിഫ് 10 ശതമാനം വരെ വര്‍ധിച്ചേക്കും

സുപ്രീംകോടതി തീര്‍പ്പു വന്നതോടെ എജിആര്‍ കുടിശ്ശിക സംബന്ധിച്ച് തീരുമാനമായി. തല്‍ഫലമായി മൊബൈല്‍ താരിഫില്‍ ചുരുങ്ങിയത് 10 ശതമാനം വര്‍ധന ഉറപ്പായി. ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നിവയ്ക്ക് എജിആര്‍ കുടിശ്ശികയിനത്തില്‍ അടുത്ത ഏഴുമാസത്തിനുള്ളില്‍ 10 ശതമാനം തുക തിരിച്ചടയ്ക്കേണ്ടി വരുന്നതിനാലാണിത്. 2021 മാര്‍ച്ച് 31നകം ടെലികോം ഓപ്പറേറ്റര്‍മാര്‍ കുടിശ്ശികയില്‍ 10ശതമാനം തിരിച്ചടയ്ക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. ബാക്കിയുള്ളതുക 10 തവണകളായാണ് അടച്ചുതീര്‍ക്കേണ്ടത്. അതിന് 10വര്‍ഷത്തെ സാവകാശമാണ് നല്‍കിയിട്ടുള്ളത്. ഇതോടെ 2021 മാര്‍ച്ചില്‍ ഭാരതി എയര്‍ടെല്‍ 2,600 കോടി രൂപയും വോഡാഫോണ്‍ ഐഡിയ 5,000 കോടി രൂപയുമാണ് നല്‍കേണ്ടിവരിക. നിലവില്‍ ഒരു ഉപഭോക്താവില്‍നിന്നുലഭിക്കുന്ന ശരാശരി വരുമാനംവെച്ച് ഈ കുടിശ്ശിക തീര്‍ക്കാന്‍ കമ്പനികള്‍ക്കാവില്ല.

ഓഹരി വിപണിയില്‍ ഇന്ന്

തുടര്‍ച്ചയായി രണ്ടാം ദിവസവും നേട്ടത്തോടെ ഇന്ത്യന്‍ ഓഹരി സൂചികകള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മഹീന്ദ്ര & മഹീന്ദ്ര, ഇന്‍ഫോസിസ്, ടിസിഎസ് എന്നീ ഓഹരികള്‍ നിക്ഷേപകര്‍ വാങ്ങിക്കൂട്ടാന്‍ താല്‍പ്പര്യം കാണിച്ചത് വിപണിയുടെ മുന്നേറ്റത്തിന് കരുത്തായി. ഇന്ത്യയിലെ പ്രമുഖ ഓട്ടോ കമ്പനികളുടെയെല്ലാം വില്‍പ്പനയില്‍ ശുഭസൂചനകള്‍ ദൃശ്യമായത് ഓട്ടോ ഓഹരികള്‍ക്ക് ജീവന്‍ പകര്‍ന്ന ദിവസം കൂടിയാണിന്ന്. നിഫ്റ്റി ഓട്ടോ സൂചിക ഒരു ശതമാനത്തിലേറെയാണ് ഇന്ന് ഉയര്‍ന്നത്. ഓട്ടോ സൂചികയിലെ 15 കമ്പനികളില്‍ പത്തും ഇന്ന് നേട്ടമുണ്ടാക്കി.

കേരള കമ്പനികളുടെ പ്രകടനം

കേരള ബാങ്കുകളുടെ ഓഹരി വിലകള്‍ ഇന്ന് നിലമെച്ചപ്പെടുത്തി. സിഎസ്ബി ബാങ്ക് ഓഹരി വില എട്ട് ശതമാനത്തിലേറെ ഉയര്‍ന്നു. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെയും ഇന്‍ഡിട്രേഡിന്റെയും ഓഹരി വിലകളും ഉയര്‍ന്നു. ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികളില്‍ വി ഗാര്‍ഡും വണ്ടര്‍ലയും ഉള്‍പ്പെടും.

ഇന്നത്തെ സ്വര്‍ണ വില : 4625 രൂപ (ഒരു ഗ്രാം, 22 കാരറ്റ്): (ഇന്നലെ 4725 രൂപ )

ക്രൂഡ് ഓയ്ല്‍ നിരക്ക്

Brent Crude 44.87 -0.49%

ഇന്നത്തെ കോവിഡ് അപ്‌ഡേറ്റ്‌സ്

ഇന്ന് കേരളത്തില്‍

കേരളത്തില്‍ ഇന്ന് 1547 പേര്‍ക്ക് കൂടി കോവിഡ്. 18354 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 3,769,523 (ഇന്നലെവരെ: 3,691,166)

മരണം : 66,333 (ഇന്നലെ വരെ: 65,288 )

ലോകത്ത് ഇതുവരെ

രോഗികള്‍: 25,749,642 (ഇന്നലെ വരെ: 25,484,767 )

മരണം: 857,015 (ഇന്നലെ വരെ: 850,535)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it