ഒടുവിൽ മഞ്ഞുരുകി; ആർബിഐയും കേന്ദ്രവും സമവായത്തിലെത്തിയത് ഇക്കാര്യങ്ങളിൽ

  എംഎസ്എംഇ വായ്പകൾ പുനക്രമീകരിക്കുന്നത് ആർബിഐ പരിശോധിക്കും.

  -Ad-

  റിസർവ് ബാങ്കും കേന്ദ്ര സർക്കാരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾക്ക് തൽക്കാലം വിട. ഒൻപത് മണിക്കൂറിലേറെ നീണ്ട മാരത്തോൺ ചർച്ചയിൽ തർക്കം നിലനിന്നിരുന്ന പല വിഷയങ്ങളിലും ഇരു വിഭാഗവും സമവായത്തിലെത്തി.

  • റിസർവ് ബാങ്കിന്റെ 9.6 ലക്ഷം കോടി രൂപ കരുതൽധന ശേഖരത്തിൽ നിന്ന് 3.6 ലക്ഷം കോടി രൂപ വിട്ടുനല്കണമെന്ന്  സർ‌ക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബാലൻസ് ഷീറ്റ് കുറച്ചുകൂടി മെച്ചപ്പെട്ടാലേ ഇതിന് സാധിക്കൂ എന്ന് ആർബിഐ അറിയിച്ചു. അതേസമയം, ഭാവിയിൽ കരുതൽ ശേഖരം പങ്കുവയ്ക്കുന്നതിനെക്കുറിച്ച് പഠിയ്ക്കാൻ പുറമെനിന്നൊരാൾ നയിക്കുന്ന വിദഗ്ധ സമിതിയെ നിയോഗിക്കും.
  • ബാങ്കിന്റെ ‘ഇക്കണോമിക് ക്യാപിറ്റൽ ഫ്രെയിംവർക്ക്’ (ECF) പുനഃപരിശോധിക്കാൻ ഒരു വിദഗ്ധസമിതിയെ നിയോഗിക്കാൻ തീരുമാനമായിട്ടുണ്ട്.
  • ഭാവിയിൽ അധിക കരുതൽ ശേഖരം പങ്കുവെക്കുന്ന കാര്യത്തെക്കുറിച്ച്    നിർദേശങ്ങൾ നൽകാനും പുറമേനിന്നൊരു വിദഗ്ധ സമിതിയെ നിയമിക്കാമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്.
  • പിസിഎ ചട്ടങ്ങൾ പുനഃപരിശോധിക്കാൻ ആർബിഐയുടെ ബോർഡ് ഓഫ് ഫിനാൻഷ്യൽ സൂപ്പർവിഷനെ നിയോഗിക്കും. കർക്കശമായ പിസിഎ ചട്ടങ്ങൾ ബാങ്കുകളുടെ വളർച്ചയെ ബാധിക്കുന്നുവെന്നായിരുന്നു സർക്കാർ പക്ഷം.
  • സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യ‌വസായങ്ങളുടെ (എംഎസ്എംഇ) വായ്പകൾ പുനക്രമീകരിക്കുന്നത് ആർബിഐ പരിശോധിക്കും. 25 കോടി രൂപവരെ ലോൺ എക്സ്‌പോഷർ ഉള്ള എംഎസ്എംഇകളെയാണ് ഈ സ്കീമിനായി പരിഗണിക്കുക.
  • ധനാനുപാതം കുറയ്ക്കുന്ന കാര്യത്തിൽ ഓരോ ബാങ്കിന്റെയും ധനസ്ഥിതി പരിശോധിച്ചു തീരുമാനമെടുക്കും. 9 ശതമാനമുള്ള  ധനാനുപാതം 8 ശതമാനം ആക്കണമെന്നാണ് സർ‌ക്കാരിന്റെ ആവശ്യം.

  ഏകദേശം പന്ത്രണ്ടോളം വിഷയങ്ങളിൽ സർക്കാരും ആർബിഐയുമായി തർക്കം നിലനിൽക്കുന്നുണ്ട്. കൂടുതൽ ചർച്ചകൾക്കായി ബോർഡ് ഡിസംബർ 14 ന് യോഗം ചേരും.

  LEAVE A REPLY

  Please enter your comment!
  Please enter your name here