ചൈനയില്‍ നിന്ന് തരംതാഴ്ന്ന വസ്തുക്കളുടെ ഇറക്കുമതി തടയും: കേന്ദ്രമന്ത്രി പാസ്വാന്‍

ചൈനയില്‍ നിന്നുള്‍പ്പെടെ വിലകുറഞ്ഞതും നിലവാരമില്ലാത്തതുമായ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് തടയുന്നതിനുള്ള ചട്ടങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃ കാര്യ മന്ത്രി രാം വിലാസ് പാസ്വാന്‍. അതേസമയം ശത്രുതയുള്ള അയല്‍ക്കാരില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ തന്നെ ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചൈനയുടെ ആക്രമണവും ശത്രുതയും നിസ്സാരമായി കാണരുത്. ഇക്കാരണത്താല്‍, ചൈനയില്‍ നിന്നുള്ള സാധനങ്ങള്‍ ഇന്ത്യാക്കാര്‍ ബഹിഷ്‌കരിക്കണം. ഇന്ത്യയുടെ നമ്പര്‍ 1 ശത്രുവാണ് ചൈനയെന്ന് അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായിരിക്കവേ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് വ്യക്തമായി പറഞ്ഞ കാര്യം അവര്‍ ഓര്‍ക്കണം - രാം വിലാസ് പാസ്വാന്‍ ആവശ്യപ്പെട്ടു.ചൈനയില്‍ നിന്ന്് ഗണേശ ഭഗവാന്റെ പ്രതിമ ഇറക്കുമതി ചെയ്ത് വീട്ടില്‍ പ്രതിഷ്ഠിച്ച് ആരാധിക്കുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പുതിയ നിയമങ്ങളും ചട്ടങ്ങളും അന്തിമമാക്കുകയാണെന്ന് പാസ്വാന്‍ പറഞ്ഞു. കുറഞ്ഞ നിലവാരമുള്ള വസ്തുക്കള്‍ രഹസ്യമായി താഴ്ന്ന വിലയില്‍ ഇറക്കുമതിചെയ്യുന്നതിന് ഇതോടെ അറുതി വരും.'ഓരോ തവണ അവര്‍ ആക്രമിക്കുമ്പോഴും കുറച്ച് ഭൂമി പിടിച്ചെടുക്കുമ്പോഴും അവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. അതു തുടരാന്‍ അനുവദിച്ചുകൂടാ.'- രാം വിലാസ് പാസ്വാന്‍ പറഞ്ഞു.

ചൈനയുമായുള്ള വ്യാപാര നിയന്ത്രണത്തിനാവശ്യമായ വിശാലമായ തന്ത്രത്തെക്കുറിച്ച്, ധനകാര്യ വാണിജ്യ മന്ത്രാലയങ്ങള്‍ പോലുള്ള സര്‍ക്കാരിന്റെ മറ്റ് വിഭാഗങ്ങള്‍ക്കാണ് കൂടുതല്‍ ചുമതലയെന്ന് പാസ്വാന്‍ പറഞ്ഞു.'ഡബ്ല്യുടിഒ നിയമപ്രകാരം ഇറക്കുമതി നിര്‍ത്താനോ ഇറക്കുമതിയുടെ അളവ് നിയന്ത്രിക്കാനോ പരിമിതികളുണ്ട്. പക്ഷേ ജനങ്ങള്‍ക്കിടയില്‍ ഒരു ഉണര്‍വ് ഉണ്ടാകുമ്പോള്‍, ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ആളുകളെ നിര്‍ബന്ധിക്കാന്‍ ആര്‍ക്കും കഴിയില്ല. എന്റെ സ്വന്തം വകുപ്പില്‍, ചൈനീസ് സാധനങ്ങള്‍ വാങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.'

അഖിലേന്ത്യാ വ്യാപാരികളുടെ കോണ്‍ഫെഡറേഷനും ചൈനീസ് ചരക്കുകള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.ഇന്ത്യന്‍ സംരംഭകര്‍ ചൈനീസ് ഇറക്കുമതിയെ ആശ്രയിക്കുന്ന മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നത് ഈ നീക്കത്തിന് കരുത്തു പകരുന്നു. പ്രാദേശിക സൗരോര്‍ജ്ജ ഉപകരണ നിര്‍മ്മാണത്തില്‍ തന്റെ ഗ്രൂപ്പിന്റെ നിക്ഷേപത്തിനുശേഷം, ഈ മേഖലയില്‍ അമിതമായ ആധിപത്യമുള്ള ചൈനീസ് ഇറക്കുമതി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യക്ക് അവസാനിപ്പിക്കാനാകുമെന്ന് ഗൗതം അദാനി അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it