മോശം റിസള്‍ട്ടുകള്‍ വന്നു തുടങ്ങി, വീട്ടിലിരുന്നാലും പലിശ കുറഞ്ഞാലും സംഭവിക്കുന്നത് ഇത്!

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾ തമ്മിലുള്ള അവസാന ടിവി സംവാദം കഴിയുമ്പോഴാണ് ഇന്ന് ഇന്ത്യൻ വിപണികൾ തുറക്കുക. ആഴ്ചയുടെ അവസാന വിപണന ദിവസമായ ഇന്നു വിപണിയുടെ ദിശാബോധം നിർണയിക്കുന്നതിൽ ഈ സംവാദം വലിയ പങ്കു വഹിക്കും.

ഡോളറിനു കരുത്തു കൂടുകയും സ്വർണ വില താഴുകയും ക്രൂഡ് വില അൽപം കൂടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്നു വ്യാപാരം നടക്കുക. പുതിയ സാമ്പത്തിക ഉത്തേജക പദ്ധതിയെപ്പറ്റി കേന്ദ്രത്തിൻ്റെ പ്രിൻസിപ്പൽ ഇക്കണോമിക് അഡ്വൈസർ സഞ്ജീവ് സന്യാൽ നടത്തിയ പ്രസ്താവനയും ഇന്നു വിപണിയെ സ്വാധീനിക്കും.

* * * * * * * *

കാര്യങ്ങൾ ഇനിയും നേരെയായിട്ടില്ല

ഇന്നലെ ഇന്ത്യൻ സൂചികകൾ ചാഞ്ചാട്ടത്തിനൊടുവിൽ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ഇന്നു കാര്യങ്ങൾ മെച്ചമല്ലെന്നു സൂചിപ്പിച്ചാണ് എസ് ജി എക്സ് നിഫ്റ്റി യിൽ വ്യാപാരം നടക്കുന്നത്.

വിപണി ശരിയായ ദിശാബോധം കാണിക്കുന്നില്ല. അതിനു കാരണമുണ്ട്. കോവിഡും സാമ്പത്തിക തകർച്ചയും (വെറും മാന്ദ്യമല്ല എന്നോർക്കുക. 23.9% ഇടിവ് ചില്ലറ കാര്യമല്ലല്ലോ) കഴിഞ്ഞു, ഇപ്പോൾ എല്ലാം ഭദ്രം എന്ന പ്രചാരണം ഒരു വശത്ത്. യാഥാർഥ്യം മറച്ചു വച്ച് ലാഭക്കണക്കുകൾ പുറത്തു വിടാൻ ശ്രമിക്കുന്ന കമ്പനികൾ മറുവശത്ത്. ഇതിനിടെ ഒഴുകി വരുന്ന വിദേശ പണം നിക്ഷേപിക്കാൻ ആർത്തി കൂട്ടുന്ന ഫണ്ടുകൾ . വിപണിയിലെ ഈ യാഥാർഥ്യം സാധാരണ നിക്ഷേപകർ മനസിലാക്കുന്നുണ്ടെന്നതാണ് ആശ്വാസകരമായ വസ്തുത. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻ്റ് പ്ലാനുകളിലും മറ്റും നിക്ഷേപം കുറയുന്നത് ഇതു കൊണ്ടാണ്.

* * * * * * * *

വീട്ടിലിരുന്നാൽ ചെലവ് കുറയും (കമ്പനികളുടെ ലാഭവും )

കോവിഡ് മൂലമുള്ള ലോക്ക് ഡൗൺ, തൊഴിൽ നഷ്ടം, വർക്ക് ഫ്രം ഹോം ഇവയൊക്കെ ആറു മാസം കടന്നു. തൊഴിലുകൾ തിരിച്ചു വന്നില്ല. വർക്ക് ഫ്രം ഹോം ഏതാണ്ടു സ്ഥിരമാകുന്ന മട്ടായി.

ഇതിൻ്റെയൊക്കെ നല്ല വശങ്ങളെപ്പറ്റി ധാരാളം എഴുത്തും സംസാരവും ഉണ്ട്. പക്ഷേ മറുവശമുള്ളതു പലരും തുറന്നു പറയുന്നില്ല.

യാത്രകളും ഓഫീസ് ജോലിയും ആഘോഷങ്ങളും കുറഞ്ഞു. അപ്പോൾ എന്തു സംഭവിക്കുന്നു?

അലക്കും കുളിയും കുറയുന്നു. തീറ്റ കുടി കുറയുന്നു.

വെറുതെയല്ല ഹിന്ദുസ്ഥാൻ യൂണിലിവറും പ്രോക്ടർ ആൻഡ് ഗാംബിളും നിർമയും ഗോദ്റെജും ഒക്കെ ആകുലപ്പെടുന്നത്. വസ്ത്ര നിർമാതാക്കളും വസ്ത്രവ്യാപാരികളും ആഭരണ നിർമാതാക്കളും വിഷമിക്കുന്നതും വെറുതെയല്ല.

ഇടത്തരക്കാർ വീട്ടിലിരുപ്പു തുടങ്ങിയതോടെ വസ്ത്രങ്ങൾ വാങ്ങുന്നതു മാത്രമല്ല ഉപയോഗിക്കുന്നതും കുറഞ്ഞു. അപ്പോൾ വസ്ത്രവ്യാപാരം മാത്രമല്ല അലക്കു പൊടി വ്യാപാരവും കുറഞ്ഞു. സോപ്പ്, സൗന്ദര്യ സംവർധകങ്ങൾ, ലേപനങ്ങൾ തുടങ്ങിയവയുടെ വിൽപ്പനയും ഇടിഞ്ഞു.

* * * * * * * *

പുടിൻ ക്രൂഡ് വില കൂട്ടി

ക്രൂഡ് ഓയ്ൽ ഉൽപ്പാദനം കുറയ്ക്കുന്നതിനു റഷ്യ എതിരല്ലെന്നു റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ ഇന്നലെ പറഞ്ഞതു ക്രൂഡ് വിലകൾ ഉയർത്തി. ബ്രെൻ്റ് ഇനം 42.43 ഡോളറിലെത്തി ഇന്നു്നു രാവിലെ.

* * * * * * * *

സ്വർണം താണു

ഡോളർ നിരക്ക് ഉയർന്നതോടെ ലോക വിപണിയിൽ സ്വർണ വില താണു. 1903 ഡോളറിലാണ് ഒരൗൺസ് സ്വർണം ഇന്നു രാവിലെ.

* * * * * * * *

ഡോളർ താണു

ഇന്ത്യൻ രൂപ ഇന്നലെ ഡോളറുമായുള്ള വിനിമയത്തിൽ നേട്ടമുണ്ടാക്കി. 73.53 രൂപയിലേക്കു ഡോളർ നിരക്കു താണു.

* * * * * * * *

പലിശ കുറയുന്നത് നഷ്ടമാകുമ്പോൾ

റിസർവ് ബാങ്കിൻ്റെ പണനയം പ്രഖ്യാപിക്കുമ്പോഴെല്ലാം ശ്രദ്ധിക്കുന്നതു പലിശ കുറഞ്ഞോ എന്നാണ്. പലിശ കുറയുന്നതാണു നല്ല നയം എന്നൊരു ധാരണ വരെ ജനങ്ങളിൽ പടർന്നിട്ടുമുണ്ട്.

വലിയൊരളവോളം ആ ധാരണ ശരിയുമാണ്. പലിശ എന്നതു പണത്തിൻ്റെ വിലയായി കാണാമല്ലോ. വ്യവസായികൾക്കും വ്യാപാരികൾക്കും തങ്ങളുടെ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ ആവശ്യമുള്ള പണത്തിനു നൽകുന്ന വിലയാണു പലിശ. അത് എത്ര താണു നിൽക്കുന്നോ അത്രയും നേട്ടം.

പക്ഷേ മറ്റൊരു വിഭാഗത്തിനു പണത്തിൻ്റെ വിലയല്ല പലിശ. അവരുടെ സമ്പാദ്യത്തിനു കിട്ടുന്ന ആദായമാണു പലിശ. റിട്ടയർ ചെയ്ത വ്യക്തികൾക്ക് പലപ്പോഴും തങ്ങളുടെ ബാങ്ക് നിക്ഷേപത്തിൽ നിന്നുള്ള പലിശയാണ് ഏക വരുമാനമാർഗം.

പലിശ നിരക്ക് കുറഞ്ഞു വരുന്നത് ഇത്തരക്കാർക്കു വലിയ തിരിച്ചടിയാണ്. നിക്ഷേപത്തിനു കിട്ടുമെന്നു കരുതിയ വരുമാനം ഇല്ലാതാകുന്നു. ചെലവിനങ്ങൾ ചുരുക്കാൻ പലരും നിർബന്ധിതരാകും.

രാജ്യത്ത് ഒരു വർഷം കൊണ്ടു പലിശ നിരക്കിൽ വലിയ ഇടിവാണുണ്ടായിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അഞ്ചു വർഷ സ്ഥിര നിക്ഷേപത്തിന് ഇപ്പോൾ കിട്ടുന്ന പലിശ 5.4 ശതമാനം മാത്രം. (മുതിർന്ന പൗരർക്ക് 6.2 ശതമാനം കിട്ടും). എച്ച് ഡി എഫ് സി പോലെ ട്രിപ്പിൾ എ റേറ്റിംഗ് ഉള്ള എൻ ബി എഫ് സിയിലെ പരമാവധി പലിശ 66 മാസ നിക്ഷേപത്തിന് 6.25 ശതമാനം മാത്രം. ഒരു വർഷം മുമ്പ് ഇതേ കാലാവധിക്കു 7.75 ശതമാനം പലിശ നൽകിയിരുന്ന സ്ഥാനത്താണിത്.

വിശാല ധനകാര്യ താൽപര്യത്തിനും വ്യവസായ വളർച്ചയ്ക്കും കുറഞ്ഞ പലിശ നിരക്കാണു നല്ലത്. എന്നാൽ വൃദ്ധജനങ്ങൾക്കും മറ്റും പലിശ ഇടിയുമ്പോൾ നഷ്ടങ്ങളേ വരൂ.

മറ്റൊന്നു കൂടിയുണ്ട്. പലിശ കുറവാകുമ്പോൾ സമ്പാദ്യ ശീലം കുറയും. സമ്പാദ്യത്തിനു കിട്ടുന്ന പ്രതിഫലം ( പലിശ ) തീരെ കുറവായാൽ സമ്പാദിക്കുന്നതിനു പകരം ചെലവഴിക്കാനാകും ചെറുപ്പക്കാർ പോലും ചിന്തിക്കുക. അതു രാജ്യത്തു മൂലധന സമാഹരണത്തിനു തടസമാകും.

* * * * * * * *

എസ് ബി ഐ കാർഡിൽ നിന്നുള്ള മുന്നറിയിപ്പ്

എസ് ബി ഐ കാർഡ്സ് ആൻഡ് പേമെൻറ് സർവീസസ് ലിമിറ്റഡിൻ്റെ റിസൽട്ട് രാജ്യത്തെ ധനകാര്യ മേഖല നേരിടുന്ന പ്രശ്നങ്ങളിലേക്കു വെളിച്ചം വീശുന്നു. കിട്ടാക്കടങ്ങൾക്കും പ്രശ്ന കടങ്ങൾക്കും വേണ്ടി വന്ന വകയിരുത്തൽ ഇരട്ടിയിലേറെയായി. ഇതു മൂലം എസ് ബി ഐ കാർഡിൻ്റെ രണ്ടാം പാദ അറ്റാദായം 46 ശതമാനം കുറഞ്ഞു.

മോറട്ടോറിയം കാലത്തു പലിശയും ഗഡുവും മുടങ്ങിയതിൻ്റെ പേരിൽ വായ്പകളെ എൻ പി എ ആയി പ്രഖ്യാപിക്കരുതെന്ന സുപ്രീം കോടതി വിധി മൂലം വലിയൊരു സംഖ്യ വായ്പകൾ എൻ പി എ ആകാതെ കിടപ്പുണ്ട്. വിധി ഇല്ലായിരുന്നെങ്കിൽ മൊത്തം എൻ പി എ 7.46 ശതമാനം വരുമായിരുന്നു. ഇപ്പോൾ 4.29 ശതമാനമേ എൻ പി എ കണക്കിൽ ഉള്ളൂ.

എസ് ബി ഐ കാർഡിനു മാത്രമല്ല ഈ വിഷയം. എല്ലാ ബാങ്കുകൾക്കും ബാങ്കിതര ധനകാര്യ കമ്പനികൾക്കും (എൻബി എഫ് സി ) ഇതേ വിഷയമുണ്ട്.

അതായത് രണ്ടാം പാദ ഫലം വച്ച് ബാങ്കുകളുടെയും എൻബി എഫ് സി കളുടെ യും നിലയെപ്പറ്റി നിഗമനങ്ങളിലെത്തരുത്. കോടതിയുടെ ഇടപെടൽ മൂലം യഥാർഥ നില അവർക്കു വെളിപ്പെടുത്തേണ്ടതില്ല. കണക്കിൽ കാണുന്നതിലും വളരെ കൂടുതലാകും നിഷ്ക്രിയ ആസ്തി (എൻപിഎ). ബാങ്ക്, എൻ ബി എഫ് സി മേഖലയിലെ നിക്ഷേപകാര്യത്തിൽ വലിയ ജാഗ്രത വേണമെന്നു ചുരുക്കം.

രണ്ടാം പാദത്തിൽ വായ്പകൾ കാര്യമായി വർധിച്ചിട്ടില്ല എന്നതും നിക്ഷേപകർ കണക്കിലെടുക്കേണ്ടതുണ്ട്. എല്ലാം സാധാരണ നിലയിലേക്ക് എന്നു സർക്കാർ പറയുന്നതും വിഴുങ്ങേണ്ട കാര്യമില്ല

* * * * * * * *

ഇന്നത്തെ വാക്ക് : എൻ പി എ

വായ്പയുടെ ഗഡുവും പലിശയും 90 ദിവസത്തിലേറെ മുടങ്ങിയാൽ അത് എൻ പി എ (Non Performing Asset - നിഷ്ക്രിയ ആസ്തി ) ആയി കണക്കാക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ നഷടസാധ്യത കണക്കാക്കി വേണ്ടത്ര തുക ബാങ്ക് നീക്കിവയ്ക്കണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it