ചന്ദ്രനില്‍ നിന്ന് പതിച്ച പാറ വില്‍പ്പനയ്ക്ക്; വില 19 കോടി രൂപ

ചന്ദ്രനില്‍ നിന്ന് സഹാറ മരുഭൂമിയില്‍ പതിച്ചു കണ്ടെടുത്ത പാറക്കഷണം ലണ്ടനിലെ ലേല സ്ഥാപനമായ ക്രിസ്റ്റീസില്‍ വില്‍പ്പനയ്ക്ക്. അടിസ്ഥാനവിലയായി നിശ്ചയിച്ചിട്ടുള്ള രണ്ടു ദശലക്ഷം പൗണ്ട് ( ഏകദേശം 19 കോടി രൂപ) എങ്കിലും ചെലവഴിക്കാന്‍ തയ്യാറുള്ളവര്‍ക്കേ ലേലത്തില്‍ പങ്കെടുക്കാനാകൂ.

ലോകത്തിലെ ഏറ്റവും വലിയ ചാന്ദ്ര ഉല്‍ക്കാശിലയാണിത്. ഭാരം 13.5 കിലോഗ്രാം. ചന്ദ്രനില്‍ നിന്ന് ഭൂമിയില്‍ പതിച്ച അഞ്ചാമത്തെ വലിയ ശിലയെന്ന് വിലയിരുത്തപ്പെടുന്നു. ഇതുവരെ ഇത്തരം ഏതാണ്ട് 650 കിലോഗ്രാം പാറക്കഷണങ്ങളാണ് ഭൂമിയുടെ പല ഭാഗങ്ങളില്‍ നിന്നു കണ്ടെടുത്തിട്ടുള്ളത്. ഛിന്നഗ്രഹമോ വാല്‍നക്ഷത്രമോ ചന്ദ്രോപരിതലത്തില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് അടര്‍ന്നു പോരുന്നതാണിവ.

ഭൂമിയ്ക്കപ്പുറത്തെ ലോകത്തിന്റെ ഭാഗം കയ്യിലെടുക്കുന്ന അനുഭവം അതുല്യമാണെന്ന് ക്രിസ്റ്റീസിലെ സയന്‍സ് ആന്‍ഡ് നാച്വറല്‍ ഹിസ്റ്ററി വിഭാഗം തലവന്‍ ജയിംസ് ഹൈലോപ് പറയുന്നു. മനുഷ്യന്റെ തലയേക്കാള്‍ വലിപ്പമുണ്ട് ലേലത്തിനെത്തിച്ചിട്ടുള്ള ചാന്ദ്രശിലയക്ക്. 1960-1970 കാലഘട്ടത്തിലെ അപ്പോളോ പദ്ധതിയില്‍ 400 ഓളം കിലോഗ്രാം പാറ ചന്ദ്രനില്‍ നിന്ന് ഭൂമിയിലെത്തിച്ചിരുന്നു.അപ്പോളോ യാത്രികര്‍ കൊണ്ടുവന്ന ശിലകളിലടങ്ങിയ ഏകദേശം ഘടകപദാര്‍ഥങ്ങളാണ് ഈ ശിലയിലേതും. സാമ്പിളുകളുമായി താരതമ്യപ്പെടുത്തിയ ശേഷമാണ് ഇത് ചന്ദ്രനില്‍ നിന്ന് വന്നതെന്ന് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചത്.

ഏകദേശം 4.5 ബില്യണ്‍ വര്‍ഷം മുമ്പ് ചൊവ്വ പോലുള്ള ഏതെങ്കിലുള്ള ഗ്രഹവുമായി കൂട്ടിയിടിച്ച ഭൂമിയില്‍ നിന്ന് അടര്‍ന്ന് മാറി ഉണ്ടായതാവണം ചന്ദ്രന്‍ എന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഭൂമിയുടെ പഴക്കവും 4.5 ബില്യണ്‍ വര്‍ഷം തന്നെയെന്നാണ് കണക്കാക്കിയിട്ടുള്ളത്. ലഭിച്ച സാമ്പിളുകളിലൊന്നും വെള്ളത്തിന്റെ അംശമില്ല, ജീവജാല സാന്നിധ്യത്തിനും തെളിവില്ല.ബഹിരാകാശ ചരിത്രത്തിലും ചാന്ദ്ര പര്യവേഷണത്തിലും താല്‍പ്പര്യമുള്ള പലരും ഇത്തരം ശിലകള്‍ ശേഖരിക്കാന്‍ കോടികള്‍ ചെലവഴിക്കുന്നുണ്ടെന്ന് ഹൈലോപ് പറയുന്നു. ഭൂമിയില്‍ പതിച്ച 13 'സൗന്ദര്യാത്മക ഉല്‍ക്കാശിലകളും' ക്രിസ്റ്റീസില്‍ സ്വകാര്യ വില്‍പ്പനയ്ക്കു വച്ചിട്ടുണ്ട്.1.4 ദശലക്ഷം പൗണ്ട് അല്ലെങ്കില്‍ 1.7 ദശലക്ഷം ഡോളര്‍ ആണ് ഈ ശേഖരത്തിന് നിശ്ചയിച്ചിട്ടുള്ള ഏകദേശ വില.

കാലിഫോര്‍ണിയയില്‍ നിന്നുള്ള സ്റ്റീവ് ജര്‍വെറ്റ്സണ്‍ ആണ് ബഹിരാകാശ പാറകള്‍ ശേഖരിക്കുന്നതില്‍ ഏറ്റവും ഭ്രമുള്ളയാളെന്ന് ക്രിസ്റ്റീസ് വിലയിരുത്തുന്നു. ഭൂമിയില്‍ പതിച്ച ചൊവ്വയിലെ പാറകള്‍ ആണ് പ്രധാനമായും അദ്ദേഹത്തിന്റെ ശേഖരത്തിലുള്ളത്.1999 ല്‍ ലിബിയയിലെ ദാര്‍ അല്‍ ഗാനി മരുഭൂമിയില്‍ നിന്ന് കണ്ടെത്തിയ ടെക്‌സ്ചര്‍, തവിട്ട്-ചുവപ്പ് പാറയാണ് ഇതില്‍ മുഖ്യം. 180 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിസ്റ്റലൈസ് ചെയ്ത ശിലാഖണ്ഡമാണിതെന്ന് ജിയോളജിസ്റ്റുകള്‍ പറയുന്നു.ഇതിന് എത്രമാത്രം പണം നല്‍കി എന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിക്കുന്നു.

പ്രൊഫഷണല്‍ ഉല്‍ക്കാ ഖണ്ഡ വേട്ടക്കാരനെന്ന് സ്വയം പരിചയപ്പെടുത്തുന്ന 44 കാരനായ മൈക്കല്‍ ഫാര്‍മറില്‍ നിന്നാണ് ജര്‍വെറ്റ്‌സണ്‍ ചൊവ്വയിലെ പാറകള്‍ വാങ്ങിയത്. 80 ഓളം രാജ്യങ്ങളില്‍ നിന്നാണ് ഫാര്‍മര്‍ സാഹസികമായി ബഹിരാകാശ പാറകള്‍ കണ്ടെത്തിയത്.

തന്റെ ജോലി അപകടമേറിയതാണെന്ന് ഫാര്‍മര്‍ പറയുന്നു. കെനിയയില്‍ കള്ളന്മാര്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചശേഷം മരിക്കാന്‍ വിട്ട അനുഭവവും അദ്ദേഹം പങ്കുവയ്ക്കുന്നു. ഒമാനില്‍ അനധികൃത ഖനനം നടത്തിയെന്ന കുറ്റത്തിന് രണ്ട് മാസത്തേക്ക് ജയിലില്‍ അടച്ചു. എങ്കിലും, ജോലിയുടെ ആവേശവും പണവും തന്നെ മുന്നോട്ടു നയിക്കുന്നു. കാനഡയില്‍ നിന്ന് കണ്ടെത്തിയ 120 പൗണ്ട് ഉല്‍ക്കയാണ് തന്റെ ഏറ്റവും മികച്ച സമ്പാദ്യമായി മാറിയത്. ടൊറന്റോയിലെ റോയല്‍ ഒന്റാറിയോ മ്യൂസിയത്തില്‍ 600,000 ഡോളറിന് അതു വിറ്റതായി അദ്ദേഹം അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it