സമവായം പാളി; കടമെടുക്കാന്‍ കേരളത്തിന് ഇനി രക്ഷ സുപ്രീംകോടതിയും പ്ലാന്‍ ബിയും

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കേന്ദ്രവുമായി നടത്തിയ ചര്‍ച്ച പൊളിഞ്ഞതോടെ സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ ഇനി വീണ്ടും സുപ്രീംകോടതിയില്‍. ഈ മാസം 21ന് വിഷയത്തില്‍ സുപ്രീംകോടതി വീണ്ടും വാദം കേള്‍ക്കുന്നുണ്ട്. അന്നുതന്നെ വിധിയും പ്രഖ്യാപിച്ചേക്കും.
26,000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം ആദ്യം സുപ്രീം കോടതിയെ സമീപിച്ചത്. 13,608 കോടി രൂപ വായ്പ എടുക്കാന്‍ അനുവദിക്കാമെന്നും ബാക്കിത്തുകയ്ക്കായി കേന്ദ്രവുമായി ചര്‍ച്ച നടത്താനും കോടതി നിര്‍ദേശിക്കുകയും ചെയ്തു.
ചര്‍ച്ചയും പാളിപ്പോയ സമവായവും
കോടതി നിര്‍ദേശിച്ച 13,608 കോടി രൂപയില്‍ ആദ്യഘട്ടമെന്നോണം 8,742 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രം കേരളത്തെ അനുവദിക്കുകയും കഴിഞ്ഞദിവസം കേരളം 5,000 കോടി രൂപ കടമെടുക്കുകയും ചെയ്തിരുന്നു.
ഇതിനിടെ മൊത്തം 19,370 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രവുമായി നടത്തിയ ചര്‍ച്ചയില്‍ കേരളം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം തള്ളി.
ഇതിനിടെ കേരളത്തിന്റെ വാദം വീണ്ടും കേട്ട കോടതി കേന്ദ്രം വിശാലമനസ്സ് കാട്ടണമെന്നും ഇളവ് നല്‍കാന്‍ തയ്യാറാകണമെന്നും നിര്‍ദേശിച്ചു. വീണ്ടും ചര്‍ച്ച നടത്തി സമവായത്തിലെത്താനും ആവശ്യപ്പെട്ടു.
ഇതുപ്രകാരം നടന്ന ചര്‍ച്ചയില്‍ കേരളം 10,000 കോടി രൂപ വായ്പ എടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കടുത്ത നിബന്ധനകളോടെ 5,000 കോടി രൂപ ഒറ്റത്തവണ വായ്പ എടുക്കാന്‍ അനുവദിക്കാമെന്ന് കേന്ദ്രം പറഞ്ഞു. ഇത് കേരളം തള്ളി. ഇതോടെയാണ് സമവായ ചര്‍ച്ച പൊളിഞ്ഞത്.
കേരളത്തെ കാത്ത് കടുത്ത നിബന്ധനകള്‍
കടമെടുക്കാന്‍ കടുത്ത നിബന്ധനകളാണ് ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷവും (2024-25) കേരളത്തെ കാത്തിരിക്കുന്നത്. 33,597 കോടി രൂപയാണ് അടുത്തവര്‍ഷം കേരളത്തിന് കടമെടുക്കാവുന്ന തുക. 2021-22ല്‍ കേരളം ബജറ്റിന് പുറത്തെടുത്ത 4,711 കോടി രൂപയുടെ കടം കേന്ദ്രം ഇതില്‍ നിന്ന് വെട്ടിക്കുറയ്ക്കും. ഫലത്തില്‍, അടുത്തവര്‍ഷം എടുക്കാവുന്ന കടം 28,886 കോടി രൂപ മാത്രം. കേന്ദ്രം ഇപ്പോള്‍ അനുവദിക്കാമെന്ന് പറയുന്ന 5,000 കോടി രൂപയും ഇതില്‍ നിന്ന് കുറച്ചേക്കും. അങ്ങനെയെങ്കില്‍ ആകെ എടുക്കാവുന്ന കടം 23,886 കോടി രൂപയായി കുറയും.
കേരളം ഇപ്പോള്‍ ആവശ്യപ്പെടുന്ന 10,000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി അനുവദിച്ചാല്‍ അടുത്തവര്‍ഷത്തെ കടമെടുക്കാവുന്ന തുക വീണ്ടും കുറയും. ഫലത്തില്‍, അടുത്ത സാമ്പത്തിക വര്‍ഷം കേരളത്തിന്റെ സാമ്പത്തികസ്ഥിതി കൂടുതല്‍ പരുങ്ങലിലായേക്കും.
ഇനി പ്രതീക്ഷ സുപ്രീംകോടതിയിലും പ്ലാന്‍ ബിയിലും
കേരളം കടുത്ത സാമ്പത്തികഞെരുക്കത്തിലാണെന്നും ഒറ്റത്തവണ ഇളവ് അനുവദിക്കണമെന്നും കഴിഞ്ഞതവണ വാദം കേള്‍ക്കവേ സുപ്രീംകോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. ഇനി മാര്‍ച്ച് 21നാണ് അടുത്തവാദം. അന്ന് സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.
കേരളത്തിന് ഇളവ് നല്‍കിയാല്‍ മറ്റ് സംസ്ഥാനങ്ങളും അതേ ആവശ്യമായി വരുമെന്നാണ് കേന്ദ്രത്തിന്റെ വാദം. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ പറഞ്ഞ 'പ്ലാന്‍ ബി' വെളിപ്പെടുത്തണമെന്ന ആവശ്യവും കേന്ദ്രം ഉന്നയിച്ചിട്ടുണ്ട്. കേരളത്തിന് അധികകടം എടുക്കാന്‍ അനുവദിച്ചാല്‍ അതിനായി മുന്നോട്ടുവയ്‌ക്കേണ്ട നിബന്ധനകള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് പ്ലാന്‍ ബിയെക്കുറിച്ച് ചോദിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
വെട്ടിലാകുമോ കേരളം?
കേന്ദ്രം കടുംപിടിത്തം തുടര്‍ന്നാല്‍ പ്ലാന്‍ ബി ആലോചിക്കുമെന്നാണ് കഴിഞ്ഞ ബജറ്റില്‍ കെ.എന്‍. ബാലഗോപാല്‍ പറഞ്ഞത്. അതേസമയം, പ്ലാന്‍ ബി ഇനിയും കേരളം തയ്യാറാക്കിയിട്ടുമില്ലെന്നാണ് സൂചനകള്‍. കേന്ദ്രം പ്ലാന്‍ ബി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍, ഇക്കാര്യം കോടതിയില്‍ വെളിപ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിന് മുന്നിലുണ്ടായിട്ടുള്ളത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it