വിപണിയും നിക്ഷേപകരും ആവേശത്തിൽ; സൂചികകൾ റെക്കോർഡുകൾക്കരികെ; വിദേശ സൂചനകൾ പോസിറ്റീവ്; ലോഹങ്ങൾ ഉയരുന്നു

മുൻദിവസങ്ങളിലെ നഷ്ടമെല്ലാം നികത്തിയ വലിയ കുതിപ്പാണു വിപണി ഇന്നലെ കണ്ടത്. വീണ്ടും റെക്കോഡുകൾക്കു സമീപം മുഖ്യ സൂചികകൾ എത്തി. ഇതുവരെ തടസമായിരുന്ന 22,500 ഇപ്പോൾ നിഫ്റ്റിക്കു മുന്നോട്ടു കയറാനുളള പിന്തുണയായി മാറി. ഐ.ടിയും റിയൽറ്റിയും ഒഴികെ എല്ലാ മേഖലകളും കുതിച്ച ദിവസമായിരുന്നു ഇന്നലെ. ഇന്നും നിക്ഷേപകർ ആവേശത്തോടെയാണു വിപണിയെ സമീപിക്കുന്നത്. വിദേശ സൂചനകളും അനുകൂലമാണ്. എന്നാൽ ലാഭമെടുക്കലിനായുള്ള വിൽപന സമ്മർദം ഉണ്ടാകും. നാളെ മഹാരാഷ്ട്രദിനം പ്രമാണിച്ചു വിപണിക്ക് അവധിയാണ്.

ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 22,770ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,787 ആയി. ഇന്ത്യൻ വിപണി ഉയർന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച സമ്മിശ്രമായിരുന്നു. ഫിലിപ്സ് കമ്പനിയുടെ ചില മെഡിക്കൽ ഉപകരണങ്ങളെപ്പറ്റി ഉണ്ടായിരുന്ന കേസ് 1,100 കോടി ഡോളർ നൽകി ഒത്തുതീർത്തതിനെ തുടർന്ന് ഓഹരി 29 ശതമാനം കയറി.

തിങ്കളാഴ്ച യു.എസ് വിപണി ചെറിയ നേട്ടത്തിലായി. ഡൗ ജോൺസ് സൂചിക 146.43 പോയിൻ്റ് (0.38%) കയറി 38,386.10ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 16.21 പോയിൻ്റ് (0.32%) ഉയർന്ന് 5116.17 ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 55.18 പോയിൻ്റ് (2.03%) കയറി 15,983.10 ൽ ക്ലോസ് ചെയ്തു. ടെസ്ലയുടെ പുതിയ സാങ്കേതികവിദ്യ ചൈനയിൽ അവതരിപ്പിക്കാൻ അനുമതി ലഭിച്ചത് കമ്പനിയുടെ ഓഹരിയെ 15 ശതമാനം ഉയർത്തി.

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ താഴ്ചയിലാണ്. ഡൗ 0.09 ശതമാനവും എസ് ആൻഡ് പി 0.05 ശതമാനവും നാസ്ഡാക് 0.04 ശതമാനവും താഴ്ന്നു നിൽക്കുന്നു. യു.എസ് സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.61 ശതമാനത്തിലേക്കു താഴ്ന്നു. ഏഷ്യൻ വിപണികൾ ഇന്നും കയറ്റത്തിലാണ്. ജാപ്പനീസ്, സൂചിക 1.3 ശതമാനം കയറി.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി തിങ്കളാഴ്ച ഉയർന്നു വ്യാപാരം തുടങ്ങിയ ശേഷം വലിയ നേട്ടത്തിലേക്കു കുതിച്ചു. ബാങ്ക് ഓഹരികളുടെ വലിയ കുതിപ്പാണു വിപണിയെ റെക്കോർഡുകൾക്കു സമീപം എത്തിച്ചത്. ബാങ്ക് നിഫ്റ്റി 2.54 ശതമാനം കയറി. ഐ.സി.ഐ.സി.ഐ, ആക്സിസ്, എച്ച്.ഡി.എഫ്.സി, ഇൻഡസ് ഇൻഡ് ബാങ്കുകൾ പ്രതീക്ഷയേക്കാൾ മെച്ചമായ റിസൽട്ടാണു പുറത്തുവിട്ടത്.

തിങ്കളാഴ്ച സെൻസെക്സ് 941.12 പോയിന്റ് (1.28%) കുതിച്ച് 74,671.28ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 223.45 പോയിന്റ് (1.00%) കയറി 22,643.40ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1223 പോയിന്റ് (2.54%) കുതിച്ച് 49,424.05ൽ ക്ലോസ് ചെയ്തു. മിഡ്ക്യാപ് സൂചിക 0.42 ശതമാനം ഉയർന്ന് 50,834.45ൽ ക്ലോസ് ചെയ്തു. സ്മോൾക്യാപ് സൂചിക 0.22 ശതമാനം കയറി 17,017.85ൽ വ്യാപാരം അവസാനിപ്പിച്ചു.

തിങ്കളാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 169.09 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 692.05 കോടി രൂപയുടെ ഓഹരികൾ വാങ്ങി. വിപണിയിലെ ബുള്ളുകൾ വീണ്ടും ആവേശത്തിലായി. നിഫ്റ്റിക്ക് ഇന്ന് 22,500ലും 22,370ലും പിന്തുണ ഉണ്ട്. 22,660ലും 22,790ലും തടസങ്ങൾ പ്രതീക്ഷിക്കുന്നു.

സ്വർണം ചാഞ്ചാടുന്നു

ഇന്നലെ സ്വർണം ചാഞ്ചാടി. തിങ്കളാഴ്ച ഔൺസിന് 2,324 ഡോളർ മുതൽ 2,347 വരെ കയറിയിറങ്ങിയ സ്വർണം ഇന്നു രാവിലെ 2,335 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ തിങ്കളാഴ്ച പവന് 240 രൂപ കുറഞ്ഞ് 53,240 രൂപയിലായി. ഇന്നു വില അൽപം ഉയർന്നേക്കാം.

വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ച ഭിന്ന ദിശകളിലായി. ചെമ്പ് 0.81 ശതമാനം ഉയർന്ന് ടണ്ണിന് 9,932.50 ഡോളറായി. അലൂമിനിയം 0.80 ശതമാനം കയറി 2,589.82 ഡോളറിൽ എത്തി. ടിൻ 1.4 ശതമാനവും നിക്കൽ 0.35 ശതമാനവും ലെഡ് 0.86 ശതമാനവും താഴ്ന്നു. സിങ്ക് 1.26 ശതമാനം കയറി.

ഡോളർ സൂചിക തിങ്കളാഴ്ച താഴ്ന്ന് 105.58ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 105.74ലേക്കു കയറി. രൂപ തിങ്കളാഴ്ച ഇടിഞ്ഞു. ഡോളർ 13 പെെസ കയറി 83.47 രൂപയിൽ ക്ലോസ് ചെയ്തു.

ക്രൂഡ് ഓയിൽ വില കയറിയിറങ്ങി. തിങ്കളാഴ്ച 88.40 ഡോളറിൽ അവസാനിച്ച ബ്രെൻ്റ് ക്രൂഡ് ഇന്നു രാവിലെ 88.29 ഡോളറിലായി. ഡബ്ള്യു.ടി.ഐ ഇനം 82.46ലും യു.എ.ഇയുടെ മർബൻ ക്രൂഡ് 88.67 ഡോളറിലും ആണ്.

ക്രിപ്റ്റോ കറൻസികൾ കയറ്റിറക്കങ്ങളിലാണ്. ബിറ്റ്കോയിൻ ഒരു ശതമാനം ഉയർന്ന് 64,400 ഡോളറിലായി. ഈഥർ മൂന്നു ശതമാനം താഴ്ന്നു 3230 ഡോളറിൽ എത്തി. മറ്റു ക്രിപ്റ്റോകളും താഴ്ന്നു.

വിപണിസൂചനകൾ (2024 ഏപ്രിൽ 29, താങ്കൾ)

സെൻസെക്സ്30 74,671.28 +1.28%

നിഫ്റ്റി50 22,643.40 +1.00%

ബാങ്ക് നിഫ്റ്റി 49,424.05 +2.54%

മിഡ് ക്യാപ് 100 50,834.45 +0.42%

സ്മോൾ ക്യാപ് 100 17,017.85 +0.22%

ഡൗ ജോൺസ് 30 38,386.70 +0.38%

എസ് ആൻഡ് പി 500 5116.17 +0.32%

നാസ്ഡാക് 15,983.10 +0.35%

ഡോളർ ($) ₹83.47 +₹0.13

ഡോളർ സൂചിക 105.58 -0.36

സ്വർണം (ഔൺസ്) $2336.30 -$02.10

സ്വർണം (പവൻ) ₹53,240 -₹240.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $88.40 -$01.10

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it