അമേരിക്ക ചതിച്ചാശാനേ! സ്വര്‍ണവിലയില്‍ വന്‍ തിരിച്ചുകയറ്റം, വെള്ളിക്കും ഇന്ന് വില കൂടി

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ മലക്കംമറിച്ചില്‍. ഇന്നലെ ഗ്രാമിന് 100 രൂപയും പവന് 800 രൂപയും ഒറ്റയടിക്ക് കുറഞ്ഞ കേരളത്തില്‍, ഇന്ന് വില വീണ്ടും മേലോട്ട് കുതിച്ചു.
ഗ്രാമിന് 70 രൂപ വര്‍ധിച്ച് 6,625 രൂപയാണ് ഇന്ന് വില. പവന് 560 രൂപയും ഉയര്‍ന്ന് വില 53,000 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 60 രൂപ വര്‍ധിച്ച് 5,525 രൂപയായി. വെള്ളിക്കും ഇന്ന് വില ഉയര്‍ന്നു. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 87 രൂപയിലാണ് വ്യാപാരം. നികുതികളും പണിക്കൂലിയുമടക്കം മിനിമം 57,000 രൂപയെങ്കിലും കൊടുത്താലേ ഇന്നൊരു പവന്‍ സ്വര്‍ണാഭരണം കേരളത്തില്‍ വാങ്ങാനാകൂ.
പലിശ നിലനിറുത്തിയിട്ടും സ്വര്‍ണവില കൂടി!
അമേരിക്കയുടെ കേന്ദ്രബാങ്കായ യു.എസ് ഫെഡറല്‍ റിസര്‍വിന്റെ ധനനയ പ്രഖ്യാപനവും ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രസ്താവനകളുമാണ് സ്വര്‍ണത്തിന് ഉയിര്‍ത്തെണീക്കലിനുള്ള ഊര്‍ജം പകര്‍ന്നത്.
പ്രതീക്ഷിച്ചതുപോലെ അടിസ്ഥാന പലിശനിരക്ക് ഇന്നലെ പ്രഖ്യാപിച്ച ധനനയത്തില്‍ ഫെഡറല്‍ റിസര്‍വ് നിലനിറുത്തി.
സാധാരണഗതിയില്‍ പലിശനിരക്ക് ഉയര്‍ന്ന തലത്തില്‍ തുടരുന്നതും പലിശ കൂടുന്നതും സ്വര്‍ണവിലയെ താഴേക്ക് വീഴ്ത്തുകയാണ് ചെയ്യുക. എന്നാല്‍, ഇന്നലെ അമേരിക്ക പലിശ നിലവിലെ ഉയര്‍ന്നനിരക്കില്‍ തന്നെ നിലനിറുത്തിയിട്ടും സ്വര്‍ണവില കൂടുകയാണ് ചെയ്തത്.
നിലവിലെ പലിശനിരക്ക് പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പര്യാപ്തമാണെന്നും ഇനിയും പലിശ കൂട്ടേണ്ടതില്ലെന്നും ജെറോം പവല്‍ പറഞ്ഞു. മാത്രമല്ല, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും പ്രമുഖ രാജ്യങ്ങളിലെ പൊതു തിരഞ്ഞെടുപ്പുകളും ആഗോള സമ്പദ്‌വ്യവസ്ഥയുടെ കുതിപ്പിനെ ബാധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതോടെ, അമേരിക്കന്‍ സര്‍ക്കാരിന്റെ കടപ്പത്ര ആദായനിരക്കും (ട്രഷറി ബോണ്ട് യീല്‍ഡ്) ഡോളറിന്റെ മൂല്യവും ഇടിഞ്ഞത് സ്വര്‍ണവില കൂടാനിടയാക്കി. നിക്ഷേപകര്‍ ഡോളറിനെയും കടപ്പത്രങ്ങളെയും കൈവിട്ട് സുരക്ഷിത നിക്ഷേപമെന്നോണം സ്വര്‍ണത്തിലേക്ക് വീണ്ടും നിക്ഷേപം മാറ്റിയതോടെ വില കയറുകയായിരുന്നു.
ഡോളറും ബോണ്ടും താഴേക്ക്, സ്വര്‍ണം മേലോട്ട്
ഫെഡറല്‍ റിസര്‍വിന്റെ ധനനയ പ്രഖ്യാപനത്തിന് പിന്നാലെ യു.എസ് 10-വര്‍ഷ ട്രഷറി ബോണ്ട് യീല്‍ഡ് 0.015 ശതമാനം താഴ്ന്ന് 4.624 ശതമാനത്തിലെത്തി. ലോകത്തെ ആറ് മുന്‍നിര കറന്‍സികള്‍ക്കെതിരായ ഡോളര്‍ ഇന്‍ഡെക്‌സ് 106 എന്ന നിലവാരത്തില്‍ നിന്ന് 105.74 ശതമാനത്തിലേക്കും താഴ്ന്നു.
ഇതോടെ നിക്ഷേപകര്‍ സ്വര്‍ണ നിക്ഷേപങ്ങളിലേക്ക് തിരിഞ്ഞു. ഇന്നലെ ഔണ്‍സിന് 2,274 ഡോളര്‍ വരെ താഴ്ന്ന അന്താരാഷ്ട്ര വിലയാകട്ടെ ഇന്ന് 2,325 ഡോളറിലേക്കും കയറി. ഇപ്പോള്‍ വിലയുള്ളത് 2,320 ഡോളറിലാണ്. അന്താരാഷ്ട്ര വിലയുടെ കുതിപ്പ് കേരളത്തിലെ വിലയെയും സ്വാധീനിക്കുകയായിരുന്നു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it