ആളൊരു ശതകോടീശ്വരന്‍! സഞ്ചാരം ഓട്ടോറിക്ഷയില്‍, ദാ മൂന്നാമത്തെ ഇ-ഓട്ടോയും ഗാരേജിലേക്ക്

ഇന്ത്യന്‍ ശതകോടീശ്വരനും ആഗോള ടെക്‌നോളജി കമ്പനിയായ സോഹോയുടെ സി.ഇ.ഒയുമായ ശ്രീധര്‍ വെമ്പു ഇലക്ട്രിക് ഓട്ടോകളുടെ ആരാധകനാണ്. വ്യക്തിഗത ഉപയോഗത്തിനായി ഓട്ടോകള്‍ സ്വന്തമാക്കുന്നവര്‍ നന്നേ കുറവുള്ളിടത്ത് മൂന്നാമത്തെ ഇലക്ട്രിക് ഓട്ടോയും സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് ശ്രീധര്‍ വെമ്പു.

മുരുഗപ്പ ഗ്രൂപ്പിന്റെ മോണ്‍ട്ര ഇലക്ട്രിക് ഓട്ടോ സ്വന്തമാക്കിയ കാര്യം ശ്രീധര്‍ വെമ്പു തന്നെയാണ് എക്‌സിലൂടെ (ട്വിറ്റര്‍) പങ്കുവച്ചത്. അതിവേഗ പിക്കപ്പും മികച്ച സസ്‌പെന്‍ഷനുമുള്ള വാഹനത്തെ സ്നേഹിക്കുന്നു എന്നാണ് ഓട്ടോ ഓടിക്കുന്ന ചിത്രം ഉള്‍പ്പെടെ പങ്കുവച്ചുകൊണ്ട് വെമ്പു കുറിച്ചത്.
സാധാരണ ബിസിനസുകാരും സെലിബ്രിറ്റികളുമൊക്കെ ആഡംബര കാറുകളെ ഗ്യാരേജിലെത്തിക്കാന്‍ മത്സരിക്കുമ്പോള്‍ വ്യക്തിഗത ഉപയോഗത്തിനായി ഇലക്ട്രിക് ഓട്ടോ തിരഞ്ഞെടുത്ത വെമ്പുവിനെ ധാരാളം ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദിക്കുന്നത്.
'ഫാമിലി സ്കൂട്ടർ'
10 കിലോമീറ്ററില്‍ താഴെയുള്ള പ്രാദേശിക യാത്രകള്‍ക്കാണ് ഇലക്ട്രിക് ഓട്ടോ ഉപയോഗിക്കുന്നതെന്നും ദീര്‍ഘദൂര യാത്രകള്‍ക്ക് ടാറ്റയുടെ നെക്‌സോണ്‍ ഇ.വി ഉപയോഗിക്കാറുണ്ടെന്നും ഒരു കമന്റിന് മറുപടിയായി ശ്രീധര്‍ വ്യക്തമാക്കിയിട്ടുണ്ട്. ''മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും ഉപയോഗിക്കുന്നവര്‍ക്ക് അടുത്ത പടിയാണ് ഇലക്ട്രിക് സ്‌കൂട്ടർ.
ഈ ഇ-ഓട്ടോയെ ഫാമിലി സ്‌കൂട്ടര്‍ എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. ഇടുങ്ങിയ വീഥികളില്‍ പോലും സ്‌കൂട്ടറെന്നോണം അനായാസം കൈകാര്യം ചെയ്യാന്‍ കഴിയും.''
വെമ്പു പറയുന്നു.

ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം

ഇന്ത്യയില്‍ ചില സംസ്ഥാനങ്ങള്‍ മാത്രമാണ് പ്രൈവറ്റ് വാഹനമായി ഓട്ടോറിക്ഷകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുന്നത്. അതുകൊണ്ട് തന്നെ വൈറ്റ് നമ്പര്‍ പ്ലേറ്റുകളുള്ള ഓട്ടോറിക്ഷകള്‍ തെക്കന്‍സംസ്ഥാനങ്ങളില്‍ കുറവാണ്. മോണ്‍ട്ര ഇലക്ട്രിക് ഓട്ടോ കൂടാതെ മറ്റ് രണ്ട് ഇ-ഓട്ടോകളും വെമ്പു സ്വന്തമാക്കിയിട്ടുണ്ട്.
2022ലാണ് മുരുഗപ്പ ഗ്രൂപ്പ് മോണ്‍ട്ര ഇലക്ട്രിക് സൂപ്പര്‍ ഓട്ടോകള്‍ ആദ്യം അവതരിപ്പിച്ചത്. ഈ വര്‍ഷം ആദ്യം അതിന്റെ പരിഷ്‌കരിച്ച പതിപ്പും ഇറക്കി. ഏറ്റവും പുതിയ മോഡലാണ് വെമ്പു സ്വന്തമാക്കിയതെന്നാണ് ചിത്രങ്ങളില്‍ നിന്ന് മനസിലാകുന്നത്. 3.02 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.
തെങ്കാശിയിലെ അത്ഭുതം
ബംഗളൂരു പോലുള്ള ഹൈടെക് സിറ്റികളില്‍ ഐ.ടി കമ്പനികള്‍ തുടങ്ങുന്ന പരമ്പരാഗത രീതിയെ പൊളിച്ചെഴുതിയാണ് ശ്രീധര്‍ വെമ്പുവും സോഹോ കോര്‍പറേഷനും വേറിട്ട് നില്‍ക്കുന്നത്. തെങ്കാശിയെന്ന തനി ഗ്രാമപ്രദേശത്താണ് മള്‍ട്ടിനാഷണല്‍ കമ്പനിയായ സോഹോയുടെ ആസ്ഥാനം.

ലുങ്കിയുടുത്ത് സൈക്കിളില്‍ ഓഫീസിലെത്തുന്ന ശ്രീധര്‍ വെമ്പു രാജ്യത്തെ ശതകോടീശ്വരന്‍മാരില്‍ 55-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷത്തെ ഫോബ്‌സിന്റെ കണക്കു പ്രകാരം 39,000 കോടി രൂപയാണ്‌ വെമ്പുവിന്റെ ആസ്തി.

180ലധികം രാജ്യങ്ങളിലായി 6 കോടിയിലധികം കസ്റ്റമേഴ്‌സും 11,000ത്തോളം ജീവനക്കാരുമുണ്ട് സോഹോയ്ക്ക്. 'സോഫ്റ്റ്‌വെയര്‍ ആസ് എ സര്‍വീസ് (SaaS) കമ്പനിയായ സോഹോ സോഷ്യല്‍ എന്റര്‍പ്രൈസ് രംഗത്തും അനുകരണീയ മാതൃകയാണ്. ഔപചാരിക വിദ്യാഭ്യാസം പോലുമില്ലാത്ത ഗ്രാമീണ യുവാക്കളെ സാങ്കേതിക വൈദഗ്ധ്യം നല്‍കി ടീമിനൊപ്പം ചേര്‍ത്താണ് സോഹോയുടെ മുന്നേറ്റം. മൊത്തം ടീമിന്റെ 15-20 ശതമാനവും ഇങ്ങനെയുള്ളവരാണ്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it