ശ്രീധര്‍ വെമ്പു: തെങ്കാശിയില്‍ നിന്നൊരു അത്ഭുതം!

തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ അതിസാധാരണമായ ഒരു ഉള്‍പ്രദേശമായ മതലംപറൈ ഗ്രാമത്തില്‍ മുണ്ടും ഷര്‍ട്ടുമിട്ട് സൈക്കിളില്‍ ഓഫീസിലേക്ക് പോകുന്നൊരു സാധാരണക്കാരനുണ്ട്; ശ്രീധര്‍ വെമ്പു. ഫോര്‍ച്യൂണ്‍ ഇന്ത്യ മാഗസിന്റെ ഇന്ത്യയിലെ അതിസമ്പന്നരുടെ ഏറ്റവും പുതിയ പട്ടിക പ്രകാരം ഈ സാധാരണക്കാരന്റെ ആസ്തി മൂല്യം 500 കോടി ഡോളറാണ്. അതായത് ഏകദേശം 42,000 കോടി രൂപ! രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ശ്രീധര്‍ വെമ്പു കെട്ടിപ്പടുത്ത സോഹോ കോര്‍പ്പറേഷന്‍ ഇന്ന് ലോകം ഉറ്റുനോക്കുന്ന 'സോഫ്റ്റ്‌വെയര്‍ ആസ് എ സര്‍വീസ്' (SaaS) കമ്പനി മാത്രമല്ല, സോഷ്യല്‍ എന്റര്‍പ്രൈസ് രംഗത്തെ അനുകരണീയ മാതൃക കൂടിയാണ്.

ലോകമെമ്പാടും 10 കോടി ഉപയോക്താക്കള്‍ എന്ന നാഴികക്കല്ല് താണ്ടി അടുത്തിടെ ശ്രദ്ധേയ നേട്ടം കൈവരിച്ച സോഹോ, ഇതിലൂടെ ഒരു ലോക റെക്കോര്‍ഡാണ് സ്വന്തം പേരിലാക്കിയത്; പുറത്തുനിന്ന് യാതൊരു വിധത്തിലുള്ള നിക്ഷേപവും തേടാതെ ലോകത്ത് തന്നെ ആദ്യമായി 10 കോടി ഉപയോക്താക്കളെ നേടിയെടുത്ത 'SaaS'കമ്പനി!

ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ

തമിഴ്നാട്ടിലെ തഞ്ചാവൂരിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച് തമിഴ് മീഡിയം സ്‌കൂളില്‍ പഠിച്ച് ഐ.ഐ.ടി മദ്രാസില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം നേടി ന്യൂജെഴ്സിയിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെത്തി പിഎച്ച്.ഡി കരസ്ഥമാക്കിയ ശ്രീധര്‍ വെമ്പു, കരിയര്‍ കെട്ടിപ്പടുത്തതും വര്‍ഷങ്ങളോളം ജീവിച്ചതും അമേരിക്കയിലായിരുന്നു. അക്കാലത്തും ശ്രീധര്‍ വെമ്പുവിന്റെ ഉള്ളില്‍ വലിയൊരു കാഴ്ച്ചപ്പാടുണ്ടായിരുന്നു; സിലിക്കണ്‍ വാലിയെ ഗ്രാമങ്ങളിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു അത്. അതായത് ഐ.ടി രംഗത്തെ വന്‍കിട കമ്പനികളുടെ ക്യാമ്പസുകള്‍ താന്‍ ജനിച്ചുവളര്‍ന്ന ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരുദിനം അയാള്‍ സ്വപ്നങ്ങളില്‍ താലോലിച്ചുകൊണ്ടേയിരുന്നു. കാലിഫോര്‍ണിയയിലെ ക്വോള്‍കോമില്‍ ജോലി ചെയ്യുമ്പോഴും ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ അവതരിപ്പിക്കാന്‍ പറ്റുന്ന ഇന്ത്യന്‍ കമ്പനി കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തില്‍ തന്നെയായിരുന്നു ശ്രീധര്‍ വെമ്പുവിന്റെ യാത്ര.

ഒരു ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ എന്ന നിലയ്ക്ക് വയര്‍ലെസ് കമ്യൂണിക്കേഷന്‍സ്, സി.ഡി.എം.എ, പവര്‍ കണ്‍ട്രോള്‍ എന്നിവയുടെ മേഖലയിലായിരുന്നു ശ്രീധര്‍ വെമ്പുവിന്റെ കരിയറിന്റെ ആദ്യഘട്ടത്തിലെ പ്രവര്‍ത്തനം. പഠനകാലം മുതല്‍ മിടുക്കനായ ശ്രീധര്‍ വെമ്പു ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ് എന്നിവ ഇതിനുപുറമേ താല്‍പ്പര്യത്തോടെ തന്നെ ശ്രദ്ധിച്ചിരുന്നു.
ആഗോള സാമ്പത്തിക-രാഷ്ട്രീയ പ്രശ്നങ്ങളെ വേറിട്ട കാഴ്ച്ചപ്പാടോടെ നിരീക്ഷിക്കുന്ന ശ്രീധര്‍ വെമ്പുവിന്റെ മനസില്‍ സമൂഹത്തില്‍ ചലനം സൃഷ്ടിക്കുന്ന സാമൂഹ്യ സംരംഭം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യം രൂപംകൊള്ളാന്‍ വിശാലമായ താല്‍പ്പര്യങ്ങള്‍ പ്രചോദനമായിട്ടുണ്ടാകാം.
ജന്മനാട്ടിലേക്ക്, ഗ്രാമങ്ങളിലേക്ക്
1996ല്‍ തന്റെ 28ാമത്തെ വയസില്‍ ചെന്നൈയില്‍ ചെറിയൊരു അപ്പാര്‍ട്ട്മെന്റിലാണ് സുഹൃത്തായ ടോണി തോമസിനെയും കൂടെ കൂട്ടിക്കൊണ്ട് ശ്രീധര്‍ വെമ്പു ആദ്യ സംരംഭത്തിന് തുടക്കമിട്ടത്. ആദ്യം വെമ്പു സോഫ്റ്റ്‌വെയര്‍ എന്നായിരുന്നു പേരിട്ടത് പിന്നീടത് AdventNet എന്നാക്കി.
നൂതനമായ ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ നല്‍കുന്ന കമ്പനിയെന്ന നിലയിലേക്ക് 2009ല്‍ രൂപാന്തരം നടത്തിയപ്പോള്‍ AdventNet

എന്ന പേര് മാറ്റി സോഹോ കോര്‍പ്പറേഷനായി. സുഹൃത്തായ ടോണി തോമസും സഹോദരങ്ങളുമാണ് അന്നും കമ്പനിയില്‍ ശ്രീധര്‍ വെമ്പുവിന്റെ പങ്കാളികള്‍. കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നെല്ലാമുള്ള ഫണ്ടാണ് നിക്ഷേപമായി ഉപയോഗിച്ചതും. അന്നും ഇന്നും പുറമേ നിന്ന് യാതൊരുവിധ നിക്ഷേപവും സോഹോ തേടിയിട്ടുമില്ല.

നിലവില്‍ കേരളത്തിലും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് സോഹോ. മലയാളി യുവസമൂഹത്തിന്റെ വൈദഗ്ധ്യം കണക്കിലെടുത്ത് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് (ഗവേഷണ വികസനം) സെന്ററാണ് പരിഗണനയിലെന്ന് സോഹോ സാരഥികള്‍ സൂചന നല്‍കുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം തുടങ്ങിയ കേന്ദ്രങ്ങള്‍ അല്ലാതെ സംസ്ഥാനത്തെ മറ്റെവിടെയെങ്കിലുമാകും ക്യാമ്പസ് സ്ഥാപിക്കുകയെന്നും കമ്പനിയോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു. ''മികച്ച വിദ്യാഭ്യാസം കൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല. ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്ക് നാട്ടില്‍ തന്നെ മികച്ച തൊഴില്‍ സാധ്യതകള്‍ വേണം. അല്ലെങ്കില്‍ വിദേശത്തേക്കുള്ള കുടിയേറ്റം വര്‍ധിക്കുകയേ ഉള്ളൂ. ഈ പ്രശ്‌നത്തിന് പരിഹാരം എന്ന നിലയ്ക്കാണ് സോഹോ ഗ്രാമീണ മേഖലയില്‍ ക്യാമ്പസുകളും ഹബ്ബുകളും സ്ഥാപിക്കുന്നത്'', - കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഡിജിറ്റല്‍ സെമിനാറില്‍ ഓണ്‍ലൈന്‍ വഴി പങ്കെടുക്കവെ ശ്രീധര്‍ വെമ്പു വ്യക്തമാക്കി.
ഇപ്പോള്‍ 55ലേറെ ക്ലൗഡ് അധിഷ്ഠിത ബിസിനസ് ആപ്ലിക്കേഷനുകള്‍ സോഹോ ലഭ്യമാക്കുന്നുണ്ട്. ബിസിനസുകള്‍ വളരുമ്പോള്‍ പൊതുവെ വന്‍കിട നഗരങ്ങളിലേക്കാണ് ഓഫീസുകള്‍ വ്യാപിപ്പിക്കുക. എന്നാല്‍ സോഹോയുടെ യാത്ര തിരിച്ചായിരുന്നു. ചെന്നൈയില്‍ നിന്ന് 650 കിലോമീറ്റര്‍ അകലെ മതലംപറൈ ഗ്രാമത്തില്‍ നാലേക്കര്‍ സ്ഥലമാണ് ശ്രീധര്‍ വെമ്പു വാങ്ങിയത്.
അവിടെ സോഹോയുടെ ക്യാമ്പസ് കെട്ടിപ്പടുക്കുകയും ചെയ്തു. ലോകോത്തര ടെക്നോളജി ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ നഗര കേന്ദ്രീകൃത ഓഫീസുകള്‍ ആവശ്യമില്ലെന്ന ശ്രീധര്‍ വെമ്പുവിന്റെ കാഴ്ച്ചപ്പാട് തന്നെയാണ് ഈ ഗ്രാമങ്ങളിലേക്കുള്ള തിരിച്ചുപോക്കിന് പിന്നിലുള്ള കാരണവും.
ദേശീയ മാധ്യമങ്ങളില്‍ നല്‍കിയ അഭിമുഖങ്ങളില്‍ ശ്രീധര്‍ വെമ്പു ആവര്‍ത്തിക്കുന്ന ഒരു കാര്യമുണ്ട്; ഞാന്‍ ഒരു കമ്പനി നടത്തുന്നുണ്ട്, പക്ഷേ അത് പരമ്പരാഗത രീതിയിലല്ല. വന്‍കിട കോര്‍പ്പറേറ്റായി വളരാന്‍ വേണ്ട ഫോര്‍മുലകളെ ധൈര്യപൂര്‍വം ശ്രീധര്‍ വെമ്പു മാറ്റിയെഴുതുകയായിരുന്നു.
നേതൃപാടവത്തിന്റെ,വിജയത്തിന്റെ സോഹോ മാതൃക!
എല്ലാവരും സഞ്ചരിക്കുന്ന വഴിയല്ല ശ്രീധര്‍ വെമ്പു സോഹോയെ വിജയത്തിലേക്ക് എത്തിക്കാന്‍ സ്വീകരിച്ചതെന്നതാണ് ശ്രദ്ധേയം. ഊതിപ്പെരുപ്പിച്ച മൂല്യക്കണക്കിന്റെ പിന്നാലെ പോയില്ല. പകരം ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുത്തു. അതോടൊപ്പം ഉപയോക്താക്കളുമായും ഇഴയടുപ്പമുള്ള ബന്ധവും ഊട്ടിവളര്‍ത്തി. പുറത്തുനിന്നുള്ള ഫണ്ടൊന്നും സ്വീകരിക്കാത്തതുകൊണ്ട് പരമാവധി സ്വാതന്ത്ര്യത്തോടെ ഓരോ ചുവടും വെയ്ക്കാന്‍ സോഹോയ്ക്ക് സാധിക്കുകയും ചെയ്തു.
ചെന്നൈയില്‍ നിന്ന് തമിഴ്നാട്ടിലെ ഉള്‍ഗ്രാമത്തിലേക്ക് പ്രവര്‍ത്തന കേന്ദ്രം മാറ്റിയത് ഗ്രാമീണ ജനതയോടുള്ള ഐക്യദാര്‍ഢ്യം കാണിക്കാന്‍ മാത്രമായിരുന്നില്ല, സോഹോയുടെ കോര്‍പ്പറേറ്റ് സംസ്‌കാരം തന്നെ അതാക്കി മാറ്റുകയായിരുന്നു. സോഹോയുടെ അമേരിക്കയിലെ ഓഫീസ് കാലിഫോര്‍ണിയയില്‍ നിന്ന് ടെക്സാസിലേക്കും പറിച്ചുനട്ടിരുന്നു. സോഹോയുടെ ഓഫീസ് ടെക്സാസിലേക്ക് മാറ്റിയപ്പോള്‍ പല നിരീക്ഷകരും അതിനെ വിമര്‍ശന ബുദ്ധിയോടെ കണ്ടെങ്കിലും പിന്നീട് ഇതേ പാത മറ്റ് ചില കോര്‍പ്പറേറ്റുകളും പിന്തുടരുകയായിരുന്നു.

പ്രതിഭകളെ വാര്‍ത്തെടുത്ത് ഒപ്പം കൂട്ടി

കമ്പനിയുടെ വളര്‍ച്ചയ്ക്കനുസരിച്ച് കൂടുതല്‍ വൈദഗ്ധ്യമുള്ളവരെ കണ്ടെത്തി നിയമിക്കാന്‍ സിലിക്കണ്‍ വാലിയില്‍ പൊതുവെ കാണുന്ന വന്‍ വേതനം വാഗ്ദാനം ചെയ്ത് പ്രഗത്ഭരെ ടീമിനൊപ്പം ചേര്‍ക്കുന്ന വഴിയിലൂടെയും ശ്രീധര്‍ വെമ്പു സഞ്ചരിച്ചില്ല. പകരം ഔപചാരികമായ കോളെജ് വിദ്യാഭ്യാസം പോലുമില്ലാത്ത, എന്നാല്‍ സാങ്കേതികവിദ്യ വൈദഗ്ധ്യവും പഠിക്കാനുള്ള മനസുമുള്ള യുവസമൂഹത്തെ കണ്ടെത്തി അവരെ പരിശീലിപ്പിച്ച് ടീമിനൊപ്പം ചേര്‍ത്തു. ഇന്ന് സോഹോയുടെ മൊത്തം ടീമിന്റെ 15-20 ശതമാനത്തോളം പേര്‍ ഇങ്ങനെ വന്നവരാണ്. നിങ്ങള്‍ പ്രതിഭകളെ വാര്‍ത്തെടുക്കാത്തിടത്തോളം കാലം പ്രതിഭകളുടെ ദൗര്‍ലഭ്യം തുടരുക തന്നെ ചെയ്യും, ഇതാണ് ശ്രീധര്‍ വെമ്പുവിന്റെ നയം. തെങ്കാശിയിലും ആന്ധ്രപ്രദേശിലെ റെനിഗുണ്ടയിലും സോഹോയ്ക്ക് ഇപ്പോള്‍ ഓഫീസുകളുണ്ട്. തനി ഗ്രാമീണ ജീവിതം നയിക്കുന്നതിനൊപ്പം സോഹോയുടെ കോര്‍പ്പറേറ്റ് സംസ്‌കാരത്തില്‍ അതിന്റെ മൂല്യങ്ങള്‍ കൂടി ഇണക്കിച്ചേര്‍ക്കുന്ന നേതാവായി ശ്രീധര്‍ വെമ്പു മുന്നില്‍ നിന്ന് നയിക്കുന്നു.

2004ലാണ് സോഹോ സ്ഥാപകര്‍ സോഹോ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത്. ഇപ്പോഴത് സോഹോ സ്‌കൂള്‍സ് എന്നാണ് അറിയപ്പെടുന്നത്. ഇവിടെ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫീസ് ഈടാക്കുന്നില്ലെന്ന് മാത്രമല്ല സ്‌റ്റൈപ്പന്റ് നല്‍കിയാണ് അവരെ പഠിപ്പിക്കുന്നത്. ഡിഗ്രിയല്ല പ്രധാനം വൈദഗ്ധ്യമാണ് എന്നതാണ് സോഹോ സ്ഥാപകരുടെ മന:ശാസ്ത്രം. ശ്രീധര്‍ വെമ്പു ഒരു ഇലക്ട്രിക്കല്‍ എന്‍ജിനീയറാണ്. പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിക്കൊണ്ടിരിക്കുന്ന എന്‍ജിനീയര്‍. പ്രശ്നങ്ങളുണ്ട് എന്ന് പറയുന്നതിന് പകരം അത് പരിഹരിക്കാന്‍ മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്നു. അതും ചുറ്റിലുമുള്ള സാധാരണക്കാരുടെ ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it