കോവിഡ് കൂടുന്നു; വളർച്ചയ്ക്കു ഭീഷണി; വിപണിക്ക് ആശങ്ക

ഓഹരി വിപണിയിൽ ആശങ്ക പടരാൻ കാരണങ്ങൾ പലത്
കോവിഡ് കൂടുന്നു; വളർച്ചയ്ക്കു ഭീഷണി; വിപണിക്ക് ആശങ്ക
Published on

കോവിഡ് പ്രതിദിന വർധന അര ലക്ഷത്തിനു മുകളിലായി. മരണം 250 ലധികവും. ജനിതകമാറ്റം വന്ന ഒന്നിലേറെ വൈറസ് വിഭാഗങ്ങൾ കണ്ടെത്തുകയും ചെയ്തു. ഇതിൻ്റെ ആശങ്കയാണ് ഇന്ന് ഇന്ത്യൻ വിപണിയെ തുടക്കത്തിലേ വലിച്ചു താഴ്ത്തിയത്.

നേരിയ ഉയർച്ചയോടെ തുടങ്ങിയിട്ടു പൊടുന്നനെ വിപണി ഇടിയുകയായിരുന്നു. അര മണിക്കൂറിനകം നിഫ്റ്റി 120 പോയിൻ്റും സെൻസെക്സ് 400 പോയിൻറും താണു. പിന്നീടു സെൻസെക്സ് 500-ലേറെ പോയിൻ്റ് താഴ്ചയിലായി. മിഡ് ക്യാപ്പുകളും സ്മോൾ ക്യാപ്പുകളും കൂടുതൽ താണു. ബാങ്കുകൾ, ധനകാര്യ കമ്പനികൾ, ലോഹ കമ്പനികൾ, ഐടി കമ്പനികൾ, വാഹന കമ്പനികൾ തുടങ്ങിയവയെല്ലാം താഴോട്ടു പോയി.

കോവിഡ് വ്യാപനം മഹാരാഷ്ട്ര പോലെ വ്യവസായങ്ങൾ കൂടുതലുള്ള സംസ്ഥാനങ്ങളിൽ വർധിക്കുന്നത് അടുത്ത ധനകാര്യ വർഷത്തെ വളർച്ച പ്രതീക്ഷ കുറയ്ക്കാൻ കാരണമാകുമെന്ന് നൊമുറ മുന്നറിയിപ്പ് നൽകി. നൊമുറയുടെ ബിസിനസ് റിസംഷൻ ഇൻഡെക്സ് ഫെബ്രുവരിയിലെ 99-ൽ നിന്ന് മാത്രച്ചിൽ 95-നു താഴേക്കു നീങ്ങി. ഇത് അപായസൂചനയാണെന്നു നൊമുറ പറയുന്നു.

അടുത്ത വർഷത്തെ വളർച്ചയെപ്പറ്റി ആശങ്ക ഉണ്ടെന്നു ചീഫ് സ്റ്ററ്റിസ്റ്റീഷൻ ഓഫ് ഇന്ത്യ ആയി വിരമിച്ച പ്രണാബ് സെനും പറഞ്ഞു.

സൂയസ് കനാലിലെ കപ്പൽ ഗതാഗത തടസം നീക്കാൻ ശ്രമങ്ങൾ തുടരുന്നതേ ഉള്ളു. ക്രൂഡ് വില ഒരു ശതമാനത്തിലധികം താണു. പഴയകനാലിലൂടെ ചരക്കുനീക്കം നടക്കുന്നതു കൊണ്ടാണു വില അൽപം താണത്.

മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ ഓഹരികൾ ഉയരുകയാണെങ്കിലും ചൈനയിൽ സൂചികകൾ താഴോട്ടാണ്. ടെക്നോളജി ഭീമന്മാർക്കെതിരേ ചൈനീസ് സർക്കാർ കർശന നടപടികൾ എടുക്കുമെന്ന സൂചനയാണു കാരണം. രണ്ടാഴ്ച കൊണ്ടു ചൈനീസ് സൂചികകൾ 15 ശതമാനം ഇടിഞ്ഞു.

അമേരിക്കയിൽ ബൈഡൻ ഭരണകൂടം അടിസ്ഥാന സൗകര്യ നവീകരണത്തിനു ബൃഹദ് പദ്ധതി നടപ്പാക്കുമെന്നു ട്രഷറി സെക്രട്ടറി ജാനറ്റ് എലൻ പറഞ്ഞു. ഇതിനു പണം സമാഹരിക്കാൻ നികുതി വർധിപ്പിക്കുമെന്ന സൂചനയും അവർ നൽകി.

മൂന്നു ദിവസം വർധിച്ച ശേഷം ഇന്നു സർക്കാർ കടപ്പത്രങ്ങൾക്കു വില കുറഞ്ഞു. നിക്ഷേപനേട്ടം 6.163 ശതമാനത്തിലേക്കു കയറി.

ഡോളർ 11 പൈസ കയറി 72.66 രൂപയിൽ വ്യാപാരം തുടങ്ങിയെങ്കിലും പിന്നീട് 72.58 രൂപയിലേക്കു താണു.

ലോക വിപണിയിൽ സ്വർണം 1734-1736 ഡോളർ മേഖലയിൽ തുടരുന്നു.കേരളത്തിൽ പവന് 80 രൂപ കയറി 33,600 രൂപയായി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com