'കുട്ടിക്കാലത്ത് പരിചയക്കാര്‍ക്കായി ടോര്‍ച്ചുകള്‍ അസംബ്ള്‍ ചെയ്തു നല്‍കിയിരുന്നു'

'കുട്ടിക്കാലത്ത് പരിചയക്കാര്‍ക്കായി ടോര്‍ച്ചുകള്‍ അസംബ്ള്‍ ചെയ്തു നല്‍കിയിരുന്നു'
Published on

എബിന്‍ ജോസ് ടോം (28)

സ്ഥാപകന്‍& സിഇഒ, വെബ് ആന്‍ഡ് ക്രാഫ്റ്റ്‌സ്, കൊരട്ടി

കുട്ടിക്കാലത്ത് മഹാവികൃതിയായിരുന്നു ഞാന്‍. കോട്ടയം ജില്ലയിലെ ചെങ്ങളം എന്ന ഗ്രാമത്തിലെ കര്‍ഷക കുടുംബത്തില്‍ പിറന്ന എനിക്ക് പക്ഷേ ഇലക്ട്രോണിക്‌സ് സംബന്ധമായ എന്തിനോടും വല്ലാത്ത താല്‍പ്പര്യമായിരുന്നു. നാട്ടിലെ പരിചയക്കാര്‍ക്കായി ടോര്‍ച്ചുകള്‍ ഞാന്‍ അസംബ്ള്‍ ചെയ്തു നല്‍കിയിരുന്നു.

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ പിതാവ് എനിക്കൊരു അസംബ്ള്‍ഡ് കംപ്യൂട്ടര്‍ വാങ്ങിത്തന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ആദ്യ ദിവസം തന്നെ അതിന്റെ സിപിയു ഷോര്‍ട്ടായി. കുടുംബ സുഹൃത്തും എന്‍ജിനീയറുമായ ജോസ് പി.

കുര്യന്‍ എന്നെ സഹായിക്കാനായെത്തി. അദ്ദേഹം ഓരോ തവണയും കംപ്യൂട്ടറിന്റെ ഹാര്‍ഡ്‌വെയര്‍ പ്രശ്‌നം പരിഹരിക്കുമ്പോഴും ഞാനത് കണ്ട് പഠിക്കാന്‍ തുടങ്ങി.

പഠനം ശരിയായ വഴിയിലാക്കാന്‍ പിതാവ് ചെന്നൈയിലേക്ക് അയക്കാന്‍ തീരുമാനിച്ചതാണ് ജീവിതത്തിലെ വഴിത്തിരിവ്. അവിടെ വെച്ച് ചെങ്ങളം സ്വദേശി തന്നെയായ നിഖില്‍ മാത്യുവിനെ ഞാന്‍ പരിചയപ്പെട്ടു. നിഖില്‍ മാത്യുവാണ് ചെന്നൈയിലെ എസ് എ എന്‍ജിനീയറിംഗ് കോളെജില്‍ എനിക്ക് അഡ്മിഷന്‍ നേടിത്തന്നത്. എന്റെ പഠനവൈകല്യം ശ്രദ്ധിച്ചതും അദ്ദേഹമാണ്. ഡിസ്‌ലക്‌സിയ എന്ന അവസ്ഥയാണ് എന്റേതെന്ന് അപ്പോള്‍ തിരിച്ചറിഞ്ഞു. ക്ലാസില്‍ ഇരിക്കാന്‍ ഇഷ്ടമില്ലായിരുന്നു. അപ്പോഴാണ് കോളെജിന് വെബ്‌സൈറ്റ് സജ്ജമാക്കാന്‍ അവസരം കിട്ടിയത്. അത് ഇന്‍സ്റ്റന്റ് ഹിറ്റായി.

ക്ലയന്റ് ലക്ഷ്യമിടുന്ന നേട്ടം നല്‍കും

പിന്നീട് വെബ് ഡിസൈനിംഗിന് ഒട്ടേറെ കമ്പനികള്‍ തേടിയെത്തി. കോഴ്‌സ് പൂര്‍ത്തിയാക്കി കേരളത്തിലേക്ക് സംരംഭത്തിന്റെ കേന്ദ്രം ഞാന്‍ മാറ്റി. വെബ് ഡിസൈനിംഗ് ഐടി ജോലികള്‍ക്കിടയില്‍ അത്ര മുന്‍നിരയിലുള്ളതല്ല. പക്ഷേ ഞങ്ങളതിനെ മാറ്റിവരച്ചു.

ഒരു കമ്പനിയുടെ പുറംലോകത്തെ മുഖമാണ് വെബ്‌സൈറ്റ്. അതിനെ ഏറ്റവും മികച്ചതാക്കി. അതിലൂടെ ഓരോ ക്ലയന്റിനും നേട്ടം ഇരട്ടിയാക്കി.

35ലേറെ രാജ്യങ്ങളിലെ 250ലേറെ ക്ലയന്റുകളുണ്ട്. 70 ലേറെ ജീവനക്കാരുണ്ട്. പരമാവധി പേര്‍ക്ക് തൊഴില്‍ നല്‍കുക എന്നതാണ് എന്റെ ലക്ഷ്യം. ഡിസ്്‌ലക്‌സിയ ഉള്ള കുട്ടികള്‍ ദൈവത്തിന്റെ ഗിഫ്റ്റാണെന്ന് പറയാറുണ്ട്. ആ വരദാനം ലോകത്തിന് ഏതെങ്കിലും നന്മ ചെയ്യുന്നതിലേയ്ക്ക് തിരിച്ചുവിടാനാണ് ഞാന്‍ ശ്രമിക്കുന്നത്. എന്റെ ഭാര്യ ജിലു ജോസഫ് കമ്പനിയുടെ വൈസ് പ്രസിഡന്റാണ്. വെബ് ആന്‍ഡ് ക്രാഫ്റ്റിന്റെ വളര്‍ച്ചയില്‍ എംബിഎ ബിരുദധാരിയായ ജിലുവിന്റെ പങ്ക് എടുത്തുപറയണം.

പിന്നെ എന്റെ ടീമും

അടുത്തവര്‍ഷം ടീമിനെ ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കാനാണ് ആഗ്രഹം.ഈ ലോകത്ത് എന്തെങ്കിലും അടയാളമിട്ടു കൊണ്ടുവേണം പോകാന്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com