കാർഷിക രംഗത്ത് ഒരു ഇ-കൊമേഴ്‌സ് സംരംഭം: സോഫ്റ്റ്‌വെയര്‍ എന്‍ജിനീയർ കൃഷിക്കാരനായപ്പോൾ
പ്രദീപ് പി.എസ് (27), ഫൗണ്ടര്‍ & സി.ഇ.ഒ, ഫാര്‍മേഴ്‌സ് ഫ്രഷ്‌സോണ്‍, കൊച്ചി
കാര്‍ഷിക മേഖലക്ക് പുത്തന്‍ ഉണര്‍വ്വ് പകരാനും കര്‍ഷകര്‍ക്ക് ന്യായമായ വില ലഭ്യമാക്കാനും ഉപഭോക്താക്കള്‍ക്ക് വിഷരഹിതവും ശുദ്ധവുമായ പച്ചക്കറികള്‍ ലഭ്യമാക്കുന്നതിനും വേണ്ടി 2015ലാണ് www.farmersfz.com എന്നൊരു ഇ-കൊമേഴ്‌സ് സംരംഭത്തിന് പ്രദീപ് തുടക്കം കുറിച്ചത്.
കൃഷിയില്‍ വന്‍ നഷ്ടമുണ്ടായതിനെ തുടര്‍ന്നാണ് ഒരു കര്‍ഷക കുടുംബാംഗമായ പ്രദീപ് ഇ-കൊമേഴ്‌സ് സംവിധാനത്തെക്കുറിച്ച് ചിന്തിച്ചത്. ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ പ്രദീപ് വീണ്ടും കൃഷിയിലേക്ക് ഇറങ്ങിയതോടെ വീട്ടുകാര്‍ മാത്രമല്ല കര്‍ഷകരും എതിര്‍ത്തു.
എന്നാല്‍ ഏതാനും കര്‍ഷകരെ തെരെഞ്ഞെടുത്ത് 14ഓളം ഉല്‍പ്പന്നങ്ങള്‍ കൃഷി ചെയ്തുകൊണ്ട് ബിസിനസിലേക്ക് കടന്നു. മികച്ച പ്രതികരണം ലഭിച്ചതോടെ ജോലി ഉപേക്ഷിച്ച ഇദ്ദേഹം ഒരു പൂര്‍ണ്ണ സംരംഭകനായി മാറി.
സാങ്കേതികവിദ്യ കരുത്താക്കി: ഇപ്പോള്‍ 40ഓളം പച്ചക്കറികളാണ് ഫാര്‍മേഴ്‌സ് ഫ്രഷ്‌സോണിലൂടെ വിപണനം ചെയ്യുന്നത്. പതിനായിരം ഉപഭോക്താക്കളും 300ഓളം കര്‍ഷകരും ചേര്‍ന്ന വലിയൊരു നെറ്റ് വര്‍ക്കാണിത്. കൂടുതല്‍ വിളവ് ലഭിക്കാന്‍ ഒരു സ്ഥലത്ത് ഏതുതരം വിള എപ്പോള്‍ കൃഷി ചെയ്യണം എന്നത് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്‌സ് സംവിധാനത്തിലൂടെ പ്രവചിക്കാനുള്ള സംവിധാനവും ഇവര്‍ സജ്ജമാക്കുന്നുണ്ട്. ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ലഭിച്ചതോടെ അനേകം കര്‍ഷകരുടെ ജീവിതത്തിലുണ്ടായിട്ടുള്ള മാറ്റങ്ങളാണ് സംരംഭത്തെ കൂടുതല്‍ മികവുറ്റതാക്കാന്‍ പ്രദീപിനെ പ്രേരിപ്പിക്കുന്നത്. കൊച്ചി നഗരത്തില്‍ മാത്രമാണ് ഇപ്പോള്‍ കമ്പനിയുടെ സേവനം ലഭ്യമായിട്ടുള്ളത്. കൂടാതെ കടവന്ത്രയില്‍ ഒരു സ്‌റ്റോറും സജ്ജമാക്കിയിട്ടുണ്ട്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 14000 കര്‍ഷകരെ ഇതിന്റെ ഭാഗമാക്കുന്നതിനും അതോടൊപ്പം 14 നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചുകൊണ്ട് അഞ്ച് ലക്ഷം ഉപഭോക്താക്കളെ നേടിയെടുക്കാനും കമ്പനി ലക്ഷ്യമിടുന്നു. നിരവധി പുരസ്‌ക്കാരങ്ങളും ഈ സംരംഭത്തിന് ലഭിച്ചിട്ടുണ്ട്.