കഴിഞ്ഞവർഷം ഏറ്റവുമധികം വിറ്റഴിഞ്ഞ 10 കാറുകൾ; ഒന്നാമൻ മാരുതി സുസുക്കി വാഗൺ ആർ

ഇന്ത്യൻ വാഹനവിപണി കഴിഞ്ഞ സാമ്പത്തിക വർഷം (2022 - 23)​ വിറ്റഴിഞ്ഞത് 39 ലക്ഷം പുത്തൻ വാഹനങ്ങളാണ്. ഇത് സർവകാല റെക്കോഡാണ്. കഴിഞ്ഞവർഷം ഏറ്റവുമധികം വിറ്റഴിഞ്ഞ 10 വാഹനങ്ങളിൽ ഏഴും മാരുതി സുസുക്കിയുടെ (Maruti സുസുക്കി) മോഡലുകൾ. ടാറ്റയ്ക്കും (Tata Motors) ഹ്യുണ്ടായ്ക്കും (Hyundai) മാത്രമാണ് മാരുതിയെ കൂടാതെ ടോപ് 10ൽ ഇടംകിട്ടിയതെന്ന് 'ഓട്ടോകാർ ഇന്ത്യ'യുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഒന്നാമന്‍ വാഗണ്‍ ആര്‍

ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 കാറുകളുടെ പട്ടികയില്‍ 2,12,340 യൂണിറ്റുകളോടെ മാരുതി സുസുക്കി വാഗണ്‍ ആര്‍ (WgonR) ആണ് ഒന്നാമന്‍. പിന്നാലെ 2,02,901 യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് മാരുതി സുസുക്കി ബലേനോ (Baleno) രണ്ടാം സ്ഥാനം നേടി. ബലേനോയുടെ പുതിയ സി.എന്‍.ജി വേരിയന്റ് വില്‍പ്പന വര്‍ധിപ്പിക്കാന്‍ സഹായിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.1,79,698 യൂണിറ്റുകളോടെ മാരുതി സുസുക്കി ഓള്‍ട്ടോയാണ് (Alto) പട്ടികയില്‍ മൂന്നാമന്‍. 5.40 ശതമാനം വളര്‍ച്ചയോടെ 1,76,902 യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് മാരുതി സുസുക്കി സ്വിഫ്റ്റ് (Swift) നാലാം സ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തായിരുന്നു സ്വിഫ്റ്റ്.

എസ്.യു.വിയില്‍ മുന്നില്‍ ടാറ്റ നെക്സോണ്‍

ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളോടെ 47 പെട്രോള്‍, 10 ഡീസല്‍, 12 ഇലക്ട്രിക് എന്നിങ്ങനെ 69 വേരിയന്റുകളില്‍ വില്‍ക്കുന്ന ടാറ്റ നെക്സോണ്‍ (Tata Nexon) ആണ് പട്ടികയില്‍ അഞ്ചാം സ്ഥാനം. 39 ശതമാനം വളര്‍ച്ചയോടെ ടാറ്റ നെക്സോണിന്റെ 1,72,138 യൂണിറ്റുകളാണ് വിറ്റഴിച്ചത്. രാജ്യത്ത് ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച എസ്.യു.വിയാണ് ഇത്. 1,50,372 യൂണിറ്റുകള്‍ വിറ്റഴിച്ചു കൊണ്ട് ഹ്യുണ്ടായ് ക്രെറ്റ (Creta) ആറാം സ്ഥാനത്തെത്തി. വില്‍പ്പന 27 ശതമാനം ഉയര്‍ന്നു.

നെക്സോണിനും ക്രെറ്റയ്ക്കും ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ എസ്.യു.വിയാണ് മാരുതി സുസുക്കി ബ്രെസ്സ (Brezza). 1,45,665 യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് ഇത് പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തി. നെക്സോണിന് ശേഷം ടാറ്റ മോട്ടോഴ്സിന്റെ രണ്ടാമത്തെ ബെസ്റ്റ് സെല്ലര്‍ ടാറ്റ പഞ്ച് (Punch) ആണ്. 153 ശതമാനം വളര്‍ച്ചയില്‍ 1,33,819 യൂണിറ്റുകളോടെ ഇത് എട്ടാം സ്ഥാനം കരസ്ഥമാക്കി. 1,31,191 യൂണിറ്റുകളോടെ മാരുതി സുസുക്കി ഈക്കോ (Ecco) ആണ് ഒന്‍പതാം സ്ഥാനത്ത്. മാരുതി സുസുക്കി ഡിസയര്‍ (Dzire) ആണ് 2022-23ല്‍ മികച്ച വില്‍പ്പന രേഖപ്പെടുത്തിയ 10 കാറുകളുടെ പട്ടികയില്‍ പത്താം സ്ഥാനം നേടിയത്.

Related Articles

Next Story

Videos

Share it