ഊബര്‍, ഓല ഡ്രൈവര്‍മാര്‍ക്ക് ഇനി 12 മണിക്കൂറില്‍ കൂടുതല്‍ ട്രിപ്പ് എടുക്കാനാകില്ല

ഓണ്‍ലൈന്‍ ടാക്‌സികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കണമെങ്കില്‍ കൂടുതല്‍ നിബന്ധനകള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍. പുതിയ നിര്‍ദേശങ്ങളറിയാം.
ഊബര്‍, ഓല ഡ്രൈവര്‍മാര്‍ക്ക് ഇനി 12 മണിക്കൂറില്‍ കൂടുതല്‍ ട്രിപ്പ് എടുക്കാനാകില്ല
Published on

കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകളായ ഊബര്‍, ഒല തുടങ്ങിയവയിലെ ഡ്രൈവര്‍മാര്‍ക്ക് ഒരു ദിവസം 12 മണിക്കൂറില്‍ കൂടുതല്‍ ട്രിപ്പ് എടുക്കാന്‍ അനുവാദം ഇല്ല. എന്നാല്‍ നിലവില്‍ ഇത് നിയന്ത്രിക്കുന്ന തരത്തിലല്ല ഇരു കമ്പനികളുടെയും ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ അവരുടെ ആപ്ലിക്കേഷനുകളില്‍ ഈ മാറ്റം കൊണ്ടുവരണമെന്നും നിര്‍ദേശമുണ്ട്.

ഉറക്കമില്ലാതെ പലരും 16 മുതല്‍ 18 മണിക്കൂറും അതിലേറെയും പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ റോഡ് സുരക്ഷയെ മുന്‍നിര്‍ത്തി ഈ നിര്‍ദേശം നടപ്പിലാക്കുന്നതോടൊപ്പം കമ്പനികള്‍ ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് അഞ്ച് ദിവസത്തെ പരിശീലനവും നിര്‍ബന്ധമാക്കണമെന്ന് മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേയ്‌സ് പറയുന്നു. കൂടാതെ ഡ്രൈവര്‍മാര്‍ക്ക് രണ്ട് ദിവസത്തെ വാര്‍ഷിക റിഫ്രഷര്‍ പരിശീലനവും നല്‍കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. സ്‌കോറിനെ അടിസ്ഥാനപ്പെടുത്തിയും പരിശീലനം നല്‍കണം.

കൃത്യമായ ഐഡന്റിറ്റി, ഡ്രൈവിംഗ് ലൈസന്‍സ്, രണ്ട് വര്‍ഷത്തെ മിനിമം ഡ്രൈവിംഗ് പരിചയം, പോലീസ് പരിശോധന എന്നിവ ഉള്‍പ്പെടുന്ന രേഖകള്‍ ഡ്രൈവര്‍മാരുടെ ഭാഗത്തുനിന്ന് കമ്പനികള്‍ നേടിയിരിക്കണം. ഡ്രൈവര്‍മാര്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ മദ്യപിച്ച് വാഹനമോടിച്ചതിനോ, വഞ്ചന, ലൈംഗിക കുറ്റകൃത്യങ്ങള്‍, കുറ്റകൃത്യങ്ങള്‍ക്ക് മോട്ടോര്‍ വാഹനം ഉപയോഗിക്കല്‍, സ്വത്ത് നാശനഷ്ടം, മോഷണം എന്നിവ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളവരായിരിക്കരുത്.

ക്യാബുകളിലെ ചൈല്‍ഡ് ലോക്ക് മെക്കാനിസങ്ങള്‍ മാറ്റണമെന്നും സെന്‍ട്രല്‍ ലോക്കിംഗ് സിസ്റ്റം അസാധവാക്കണമെന്നുമുള്‍പ്പെടെ നിരവധി നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. കമ്പനികള്‍ ഡ്രൈവര്‍മാര്‍ക്കായി കുറഞ്ഞത് 5 ലക്ഷം രൂപ ആരോഗ്യ ഇന്‍ഷുറന്‍സും കുറഞ്ഞത് 20 ലക്ഷം രൂപ ടേം ഇന്‍ഷുറന്‍സും നല്‍കേണ്ടതുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു

എന്നാല്‍ കോവിഡ് മഹാമാരിയില്‍ കുത്തനെ വരുമാനമിടിഞ്ഞ് കഷ്ടപ്പെടുന്ന ഓണ്‍ലൈന്‍ ടാക്‌സിക്കാര്‍ക്ക് കുരുക്ക് വീഴ്ത്തുന്നതാണ് പുതിയ നിര്‍ദേശങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഇതിനോടകം തന്നെ പലരും മേഖലയില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്. കമ്പനികളും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ നഷ്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ നിര്‍ദേശങ്ങള്‍ നഷ്ടം വര്‍ധിപ്പിക്കുമെന്നാണ് കമ്പനി അധികൃതരുടെ പ്രതികരണം. പുതിയ നിര്‍ദേശങ്ങള്‍ നഷ്ടം വര്‍ധിപ്പിക്കുമെന്നതാണ് റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com