കൊടുത്തുതീര്‍ക്കാനുള്ളത് 1.35 ലക്ഷം വാഹനങ്ങള്‍, ഈ ഓട്ടോ ഭീമന് ഇതെന്തുപറ്റി?

ആഗോളതലത്തിലെ ചിപ്പ് ക്ഷാമം പരിഹരിക്കാനാവതെ തുടരുന്നത് വാഹന നിര്‍മാതാക്കള്‍ക്ക് തിരിച്ചടിയാകുന്നു. രാജ്യത്തെ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ 1.35 ലക്ഷം ബുക്കിംഗുകളാണ് തീര്‍പ്പുകല്‍പ്പിക്കാനാകാതെ പെന്‍ഡിംഗിലുള്ളത്. ചിപ്പ് ക്ഷാമം ഉല്‍പ്പാദനത്തെ മന്ദഗതിയിലാക്കിയതാണ് ഹ്യുണ്ടായിക്ക് തിരിച്ചടിയായത്.

കണക്കുകള്‍ പ്രകാരം ഹ്യുണ്ടായിയുടെ ജനപ്രിയ മോഡലായ ക്രെറ്റയുടെ 50,000 യൂണിറ്റുകളാണ് കൊടുത്തുതീര്‍ക്കാനുള്ളത്. കോംപാക്റ്റ് എസ്യുവിയായ വെന്യുവിന്റെ 27,000 ബുക്കിംഗുകളും ഹാച്ച്ബാക്ക് ഗ്രാന്‍ഡ് ഐ10 നിയോസിന്റെ 18,000 ബുക്കിംഗുകളും പെന്‍ഡിംഗിലുണ്ട്. ക്രെറ്റയ്ക്ക് ഏഴ് മാസമാണ് കാത്തിരിപ്പ് കാലാവധി. വെന്യുവിന് അഞ്ച് മാസവും ഗ്രാന്‍ഡ് ഐ10 നിയോസിന് മൂന്ന് മാസവും കാത്തിരിപ്പ് കാലാവധിയുണ്ട്. അതേസമയം, 2023 കലണ്ടര്‍ വര്‍ഷത്തില്‍ ചിപ്പ് ക്ഷാമത്തില്‍ നിന്ന് ഓട്ടോമൊബൈല്‍ വ്യവസായം പൂര്‍ണമായും കരകയറുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

2019ല്‍ 510,260 യൂണിറ്റുകളാണ് ദക്ഷിണ കൊറിയന്‍ കമ്പനിയുടെ ഇന്ത്യാ ഘടകം രാജ്യത്ത് വിറ്റഴിച്ചത്. കോവിഡ് കാരണം 2020ല്‍ വില്‍പ്പന 423,642 യൂണിറ്റുകളായി കുറഞ്ഞപ്പോള്‍ 2021 ല്‍ 505,033 യൂണിറ്റായി ഉയര്‍ന്നു. ഈ വര്‍ഷം മെയ് വരെ 218,966 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. ഈ വര്‍ഷാവസാനത്തോടെ കോവിഡിന് മുമ്പത്തേക്കാള്‍ വില്‍പ്പന നേട്ടം കൈവരിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it